മലപ്പുറം- ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശിന്റെ വേർപാടിൽ പ്രമുഖർ അനുശോചിച്ചു. പ്രകാശിന്റെ പെട്ടെന്നുള്ള വേർപാട് ഏറെ വേദന നൽകുന്നതാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. കഠിനാദ്ധ്വാനവും സത്യസന്ധതയും കൊണ്ട് എക്കാലവും പ്രകാശ് ഓർമ്മിക്കപ്പെടുമെന്നും കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും രാഹുൽ പറഞ്ഞു.
രമേശ് ചെന്നിത്തല
മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന വി വി പ്രകാശ് നമ്മെവിട്ടുപിരിഞ്ഞു. സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്. നിലമ്പൂരിൽ യുഡിഎഫ് വൻ വിജയം ഉണ്ടാകുമെന്ന വിശ്വാസം കഴിഞ്ഞ ദിവസം സംസാരിച്ചപ്പോഴും പ്രകാശ് പറഞ്ഞിരുന്നു . ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ വിട പറയേണ്ടി വന്നു എന്നത് വളരെ ദു:ഖകരമാണ്. കെ. എസ്. യു കാലം മുതൽക്കേ ആരംഭിച്ച ഊഷ്മളമായ ബന്ധം യൂത്ത് കോൺഗ്രസ്, കോൺഗ്രസ് ഭാരവാഹി ആയപ്പോഴും ഞങ്ങൾക്കിടയിൽ മാറ്റമില്ലാതെ തുടർന്നു.
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ആദരാജ്ഞലികൾ
വി.എം സുധീരൻ
മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശിന്റെ വേർപാട് ഹൃദയഭേദകവും സഹിക്കാനാവാത്തതുമാണ്.
രാഷ്ട്രീയ പ്രവർത്തകർക്കൊരു മാതൃകയാണ് പ്രകാശ്. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയ്ക്കിടയിലാണ് ആകസ്മിക അന്ത്യം സംഭവിച്ചത്. പ്രകാശുമായി സംവത്സരങ്ങളുടെ ഹൃദയബന്ധമാണ് എനിക്കുള്ളത്. അങ്ങേയറ്റം സത്യസന്ധതയും ആത്മാർത്ഥതയും പുലർത്തിയ പ്രകാശിന്റെ ആ സവിശേഷ സ്വഭാവമാണ് അദ്ദേഹവുമായി എന്നെ ഏറെ അടുപ്പിച്ചത്. ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്തങ്ങളും ഫലപ്രദമായി നിറവേറ്റിയ പ്രകാശ് മികച്ച സംഘാടകനുമായിരുന്നു. ജനങ്ങൾക്കുവേണ്ടി എക്കാലവും നിലകൊണ്ട പ്രകാശിന്റെ നിര്യാണം കോൺഗ്രസ് പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും തീരാനഷ്ടമാണ് വരുത്തിയത്. വ്യക്തിപരമായി എനിക്കും.
സഹോദരനിർവിശേഷമായ സ്‌നേഹത്തോടെ എന്നും എന്നോട് ഇടപഴകിയ പ്രിയപ്പെട്ട അനുജനായ പ്രകാശിന് അതീവ ദുഃഖത്തോടെ സ്‌നേഹാഞ്ജലികൾ അർപ്പിക്കുന്നു.

വി.വി പ്രകാശിന് ലീഗ് നേതാക്കളായ പി.വി അബ്ദുല് വഹാബ് എം.പി, പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് എന്നിവര്‍ ആദരാജ്ഞലി അര്‍പ്പിക്കുന്നു.






