Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രക്തസാക്ഷിത്വത്തിന്റെ രണസ്മരണ

1398 വർഷങ്ങൾക്ക് മുൻപാണ് പൂർണ ചന്ദ്രന്റെ നാട്ടിൽവെച്ച് പകൽവെളിച്ചത്തിൽ രണ്ട് രാജ്യങ്ങൾ പരസ്പരം ഏറ്റുമുട്ടിയത്. യുദ്ധം കഴിഞ്ഞ് 1442 റമദാനിലാണ് ലോകമിപ്പോഴുള്ളത്. കേവലം മണിക്കൂറുകൾ മാത്രം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ മദീന വിജയിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിലെ ചരിത്രത്തിലെ തന്നെ ആദ്യ സംഘട്ടനമായിരുന്നു ബദർ.

സമരങ്ങൾ മനുഷ്യ ചരിത്രത്തിൽ ആഴങ്ങളായി കോറിയിടപ്പെട്ട അനിവാര്യതകളാണ്. അവ സമൂഹ സൃഷ്ടിപ്പിൽ വഹിക്കുന്ന പങ്ക് നിസ്തുലവും നിതാന്തവുമാണ്. സമൂഹത്തിന്റെ സഞ്ചലനങ്ങളിൽ നാഴികക്കല്ലായും പ്രകാശ ഗോപുരങ്ങളായും വഴിയടയാളങ്ങളായും സമര ചരിത്രങ്ങൾ സ്ഥാനം പിടിക്കാറുണ്ട്. പിൽക്കാല രാഷ്ട്രീയവും നയവും രൂപീകരിക്കുമ്പോൾ സമരങ്ങൾ ഒറ്റയാൾ വിജിഗീഷുവിനെപ്പോലെ ധീരമായി മുഖം കാണിക്കാറുണ്ട്. അത്തരമൊരു സമര ഭൂമിയുടെയും ചരിത്ര ദശാസന്ധിയുടെയും പേരാണ് ബദർ. റമദാൻ പതിനേഴിന് ക്രിസ്തു വർഷം 624 മാർച്ച് 13 നായിരുന്നു ബദർ യുദ്ധം നടന്നത്.
സൗദി അറേബ്യയുടെ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന മദീന പ്രവിശ്യയിൽപെട്ട ചരിത്ര പ്രാധാന്യമുള്ള അഞ്ച് പട്ടണങ്ങളിൽ ഒന്നാണ് ബദർ. പൂർണ ചന്ദ്രൻ എന്നാണ് ബദർ എന്ന വാക്കിന്റെ അർത്ഥം. കിനാന ഗോത്രക്കാരനായ ബദർ ഇബ്നു യഖ്‌ലദ് ഇബ്‌നുന്നള്ർ ഈ സ്ഥലത്ത് താമസിച്ചിരുന്നതുകൊണ്ടാണ് ബദർ എന്ന പേര് ലഭിച്ചത്. മദീനയിൽനിന്ന് 150 കിലോമീറ്റർ തെക്കുപടിഞ്ഞാറായും  മക്കയിൽനിന്ന് 325 കിലോമീറ്റർ വടക്കുപടിഞ്ഞാറായും നിലകൊള്ളുന്നു. ജിദ്ദ കഴിഞ്ഞാൽ ഏറ്റവും വലിയ തുറമുഖ പട്ടണമായ യാമ്പുവിനോട് ചേർന്നുനിൽക്കുന്ന ബദർ പ്രകൃതി രമണീയമാണ്. അറുപതിനായിരമാണ് ജനസംഖ്യ. പ്രവിശ്യാ ജനസംഖ്യയുടെ വെറും മൂന്ന് ശതമാനം. പക്ഷേ, ചരിത്രത്തിൽ അതുല്യ സ്ഥാനമാണ് ബദറിന്.
 1398 വർഷങ്ങൾക്ക് മുൻപാണ് പൂർണ ചന്ദ്രന്റെ നാട്ടിൽവെച്ച് പകൽവെളിച്ചത്തിൽ രണ്ട് രാജ്യങ്ങൾ പരസ്പരം ഏറ്റുമുട്ടിയത്. യുദ്ധം കഴിഞ്ഞ് 1442 റമദാനിലാണ് ലോകമിപ്പോഴുള്ളത്. കേവലം മണിക്കൂറുകൾ മാത്രം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ മദീന വിജയിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിലെ ചരിത്രത്തിലെ തന്നെ ആദ്യ സംഘട്ടനമായിരുന്നു ബദർ. മക്കയിലെ മിക്കവാറും പ്രധാനികളൊക്കെ കൊല്ലപ്പെട്ടു, വിശേഷിച്ചും മുതിർന്ന നേതാക്കൾ. മക്കയിൽ ജനിച്ച പ്രവാചകന്റെ ജീവൻ അപകടത്തിലായപ്പോൾ മദീനക്കാർ സംരക്ഷണം കൊടുക്കുകയായിരുന്നു. മക്കയിൽനിന്നും 22 മാസങ്ങൾക്ക് മുമ്പ് മദീനയിലെത്തിയ പ്രവാചകൻ മുഹമ്മദ് യാത്ര പുറപ്പെട്ടതും ഒരു 13 ന് ആയിരുന്നു. ക്രിസ്ത്വാബ്ദം 622 മെയ് 13.
 സാമ്പ്രദായിക അളവുകോൽ വെച്ചുനോക്കുമ്പോൾ ബദറിൽ നടന്നത് ഒരു യുദ്ധമൊന്നുമായിരുന്നില്ല. ഏതായാലും പിന്നീട് ആറേഴ് വർഷങ്ങൾ നീണ്ടുനിന്ന സംഘർഷങ്ങളുടെ നാന്ദിയായിരുന്നു ബദർ. പ്രവാചക ലബ്ധിക്ക് ശേഷം പതിനഞ്ച് വർഷക്കാലത്തെ പീഡനങ്ങൾക്കൊടുവിലാണ് ന്യായമായ ആവശ്യത്തിന് വേണ്ടി പൊരുതാൻ ദൈവം അനുമതി കൊടുക്കുന്നത്. ഈ അനുമതി പ്രവാചകനിലേക്ക് എത്തിച്ചേർന്നതും അതനുസരിച്ച് ജീവൻ അപായപ്പെടുത്താൻ സ്വയം തയാറാണെന്ന് മുന്നൂറിൽപരം അനുയായികൾ പ്രവാചകന് ഉറപ്പുകൊടുക്കുന്നതും ഒരു  റമദാനിലാണ്.
 ജീവിതത്തിൽ ആദ്യമായി വ്രതമനുഷ്ഠിച്ച സംഘമാണ് മദീനയിൽനിന്ന് ബദർ ലക്ഷ്യമാക്കി പുറപ്പെട്ടത്. മക്കയിൽനിന്നുള്ള സംഘത്തിൽ ആയിരം പുരുഷന്മാരുണ്ടായിരുന്നു. സ്ത്രീകളും ഭക്ഷണത്തിനുള്ള ഒട്ടകങ്ങളടങ്ങിയ സംവിധാനങ്ങളും മേള താളങ്ങൾക്കുള്ള സംഘങ്ങളും ഒക്കെയായി സർവത്ര വിഭൂഷിതരായിട്ടാണ് അവർ വന്നിരുന്നത്. ഏക ദൈവത്തിലും പ്രവാചകനിലും വിശ്വസിക്കുന്നതിനാൽ മദീനക്കാർ മുസ്‌ലിംകളെന്നും ദൈവത്തിൽ പങ്കുചേർക്കുകയും പ്രവാചകനെ നിഷേധിക്കുകയും ചെയ്യുകയാൽ മക്കക്കാർ മുശ്രിക്കുകൾ എന്നും അറിയപ്പെട്ടു.
 മുഹമ്മദും (സ) അനുയായികളും എല്ലാം ഉപേക്ഷിച്ചാണ് രണ്ട് വർഷം മുമ്പ് മക്ക വിട്ടത്. എന്നാൽ മദീനയിലും അവരെ സ്വസ്ഥമായി ജീവിക്കാൻ വിടില്ലെന്ന് മക്കക്കാർ ഉറപ്പിച്ചിരുന്നു. അതിനിടയ്ക്കാണ് മക്കയിൽനിന്നുള്ള ഒരു സംഘം സിറിയയിലേക്ക് കച്ചവടത്തിന് പോകുന്ന വാർത്ത മുഹമ്മദിന് ലഭിക്കുന്നത്. നാൽപതിനടുത്ത് ആളുകളുള്ള ആ സംഘത്തിന്റെ പക്കൽ മക്കക്കാരുടെ മുഴുവൻ സമ്പത്തുമുണ്ടായിരുന്നു. ആയിരം ഒട്ടകങ്ങളും അമ്പതിനായിരം സ്വർണ നാണയങ്ങളും. സംഘത്തെ കീഴ്പ്പെടുത്തി, തങ്ങൾക്കു കൂടി അവകാശപ്പെട്ട സമ്പത്ത് പിടിച്ചെടുക്കാനുള്ള പദ്ധതി മുഹമ്മദ് ആസൂത്രണം ചെയ്തു. പക്ഷേ, കാരവാനിനെ പിടിക്കാനായില്ല.
 സിറിയയിൽനിന്ന് തിരിച്ചുള്ള യാത്രയിൽ കച്ചവട സാധങ്ങൾ പിടിച്ചെടുക്കണമെന്നുള്ള ആസൂത്രണത്തോടെയാണ് മദീനയിൽ നിന്നും ചെറിയൊരു സംഘം പുറപ്പെട്ടത്. ദൈവിക വെളിപാടിന്റെ അടിസ്ഥാനത്തിലാണ് ഈ പര്യടനം. മദീനയിലന്ന് രണ്ടായിരത്തിനടുത്ത് മുസ്‌ലിംകളുണ്ടായിരുന്നു. സ്വന്തമായി വാഹനങ്ങളുള്ളവർ മാത്രം പുറപ്പെട്ടാൽ മതിയെന്ന് കൽപനയുള്ളതിനാൽ എഴുപത് ഒട്ടകവും രണ്ട് കുതിരയുമടങ്ങിയ സംഘത്തിൽ ആകെയുണ്ടായിരുന്നത് 319 പേരാണ്. മൂന്ന് പേർക്ക് ഒരു ഒട്ടകം; ഇതായിരുന്നു കണക്ക്. അതിനാൽ ഭൂരിപക്ഷം പേരും നഗ്‌നപാദരായാണ് മരുഭൂമിയിലൂടെ സഞ്ചരിച്ചത്. പരിക്കുകൾ ഗുരുതരമായ ചിലരെ തിരിച്ചയക്കേണ്ടിയും വന്നു.
 മുഹമ്മദി (സ) ന്റെ പദ്ധതി തിരിച്ചറിഞ്ഞ, മക്കയുടെ യുവ തുർക്കിയായ, സാർത്ഥ വാഹക സംഘത്തിന്റെ നേതാവ് അബൂസുഫ്യാൻ അപകടാവസ്ഥ ബോധ്യപ്പെടുത്തിയും സഹായിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടും മക്കയിലേക്ക് ദൂതനെ അയച്ചിരുന്നു. ഇതാണ് മക്കയിൽനിന്ന് യുദ്ധസന്നാഹം പുറപ്പെടാൻ കാരണം. എന്നാൽ കച്ചവട സംഘം മറ്റൊരു വഴിയിലൂടെ രക്ഷപ്പെട്ടതിനാൽ മദീനക്കാരുടെ പിടിയിലകപ്പെട്ടില്ല. ഈ വിവരവും അബൂസുഫ്യാൻ മക്കക്കാരെ അറിയിച്ചിരുന്നു. എങ്കിലും മുഹമ്മദിനെയും അവന്റെ മതത്തെയും മുട്ടയുടയ്ക്കും പോലെ ഉടച്ച് നാമാവശേഷമാക്കുമെന്ന് പുണ്യദേവാലയമായ കഅബയുടെ കവാടത്തിൽ കൈകൾ ചേർത്തുവെച്ച് ഗോത്രനേതാക്കളെല്ലാവരും പ്രതിജ്ഞയെടുത്ത് പുറപ്പെട്ട സ്ഥിതിക്ക് ഇനി കാര്യം സാധിക്കാതെ മടങ്ങില്ലെന്ന് തീരുമാനിക്കുകയും ബദർ ലക്ഷ്യമാക്കിയുള്ള യാത്ര തുടരുകയും ചെയ്തു.
 റമദാൻ 16 ന് ഇരുസംഘവും ബദറിൽ സമ്മേളിച്ചു. പിറ്റേ ദിവസം രാവിലെ മക്കക്കാരനായ അസ്വദ്ബ്‌നു അബ്ദുൽ അസദ് മുസ്‌ലിംകളുടെ വെള്ള സംഭരണിയിൽ അതിക്രമിച്ച് വന്ന് വെള്ളമെടുക്കാൻ ശ്രമിക്കുന്നത് മുതലാണ് യുദ്ധം തുടങ്ങുന്നത്. അദ്ദേഹം കൊല്ലപ്പെട്ടു. പിന്നീട് മൂന്ന് പേർ വീതമുള്ള ദ്വന്ദയുദ്ധമായിരുന്നു. മുഷ്‌രികീങ്ങളിൽ പെട്ട മൂന്ന്‌പേരും കൊല്ലപ്പെട്ടു. ഏകദേശം രണ്ടു മണിക്കൂർ പിന്നീട് പൊരിഞ്ഞ പോരാട്ടം നടന്നു.
 മക്കയിൽനിന്ന് ശക്തിയാൽ സജ്ജമായ സൈന്യമാണ് വന്നതെങ്കിൽ മദീനക്കാർ ദുർബലരായിരുന്നു. എന്നാൽ അന്തിമ വിജയം മുസ്‌ലിംകൾക്കാവാൻ കാരണം അല്ലാഹു വാഗ്ദാനം നിറവേറ്റിയതുകൊണ്ടായിരുന്നു. മലക്കുകൾ മുസ്‌ലിംകളോട് ചേർന്ന് കൊണ്ട് യുദ്ധം ചെയ്ത ഏക സമരമാണ് ബദർ. പ്രവാചകന്റെ കൃത്യമായ സൈനിക ആസൂത്രണ മികവ് ദർശിച്ചതും ബദറിന്റെ സവിശേഷതയാണ്. മുസ്‌ലിംകളുടെ അംഗസംഖ്യ ചെറുതായിരുന്നു. മക്കയിൽ നിന്ന് അഭയം തേടിയെത്തിയ മുഹാജിറുകൾ 86 പേരാണുണ്ടായിരുന്നത്. അവർക്ക് അലി ഇബ്ൻ അബൂതാലിബിനെ നേതാവായി നിശ്ചയിച്ചു. മദീനയിൽനിന്ന് ഖസ്‌റജ് ഗോത്രത്തിൽനിന്നും 170 പേരും ഔസ് ഗോത്രത്തിൽനിന്നും 61 പേരും. അവർക്ക് നേതാവായി സഅദ് ഇബ്ൻ മുആദിനെയും നിശ്ചയിച്ചു. ഇവർ കറുത്ത കൊടികൾക്ക് പിന്നിൽ അണിനിരന്നു. വെള്ളപ്പതാക ഏൽപിച്ചത് മിസ്അബ് ഇബ്ൻ ഉമൈറിനെയും.
ബദർ വിജയത്തോടെ അറേബ്യയിലാകെ ഇസ്ലാം അറിയപ്പെട്ടു. 'നിങ്ങൾ ഭൂമിയിൽ ബലഹീനരായി ഗണിക്കപ്പെട്ടിരുന്ന കുറച്ച് പേർ മാത്രമായിരുന്ന സന്ദർഭം നിങ്ങൾ ഓർക്കുക. ജനങ്ങൾ നിങ്ങളെ റാഞ്ചിയെടുത്ത് കളയുമെന്ന് നിങ്ങൾ ഭയപ്പെട്ടിരുന്നു. എന്നിട്ട് അവൻ നിങ്ങൾക്ക് ആശ്രയം നൽകുകയും അവന്റെ സഹായം കൊണ്ട് നിങ്ങൾക്ക് പിൻബലം നൽകുകയും വിശിഷ്ട വസ്തുക്കളിൽ നിന്ന് നിങ്ങൾക്ക് ഉപജീവനം നൽകുകയും ചെയ്തു. നിങ്ങൾ നന്ദിയുള്ളവരാകാൻ വേണ്ടി' എന്ന് ഖുർആൻ 8:26 ൽ പറയുന്നത് ബദറിനെക്കുറിച്ചാണ്.
 നേതൃത്വം, നേതാവിനോടുള്ള അഗാധ സ്‌നേഹം, തന്ത്രം, ചിട്ടയായ ആസൂത്രണം, സമർപ്പണം, സഹനം, ദൈവിക സഹായം തുടങ്ങിയ ചേരുവകളുടെ സ്വരലയമാണ് ചരിത്രത്തിൽ ബദറിന് നൽകാനുള്ളത്.
ബദറിൽ രക്തസാക്ഷികളായവർക്കും പങ്കെടുത്തവർക്കും വലിയ ആദരവാണ് എന്നും ഇസ്ലാമിക സമൂഹം നൽകുന്നത്. മുസ്ലിംകളിൽ ഏറ്റവും ശ്രേഷ്ഠർ ആരാണെന്ന് മാലാഖ ജിബ്രീൽ ചോദിച്ചതിന് ബദ്‌റിൽ പങ്കെടുത്തവർ എന്നാണ് പ്രവാചകൻ മറുപടി കൊടുത്തത്. 
മലക്കുകളുടെ കൂട്ടത്തിലും ഏറ്റവും ശ്രേഷ്ഠതയുള്ളവർ ബദ്‌റിൽ പങ്കെടുത്ത മലക്കുകളാണെന്ന് ജിബ്‌രീലും പ്രതിവചിച്ചു. ഖുർആൻ വിശേഷിപ്പിച്ചത് പോലെ, സത്യാസത്യ വിവേചന സമര പോരാട്ടങ്ങളുടെയെല്ലാം മാതാവാണ് ബദർ.

Latest News