സിറ്റിസൺ അക്കൗണ്ട് പദ്ധതി അഞ്ചു വർഷം തുടരും

റിയാദ് - സബ്‌സിഡികൾ എടുത്തു കളയുന്നതു മൂലം ജീവിത ചെലവിലുണ്ടാകുന്ന വർധനവിന് അനുസൃതമായി അർഹരായ സൗദി കുടുംബങ്ങൾക്ക് ധനസഹായം ബാങ്ക് അക്കൗണ്ടുകൾ വഴി നേരിട്ട് വിതരണം ചെയ്യുന്ന സിറ്റിസൺ അക്കൗണ്ട് പദ്ധതി അഞ്ചു വർഷം നിലവിലുണ്ടാകുമെന്ന് വിവരം. 
ധനസഹായത്തിനുള്ള വ്യവസ്ഥകളും ധനസഹായം കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ അടങ്ങിയ സംവിധാനവും ഉന്നതാധികൃതർ അംഗീകരിച്ചിട്ടുണ്ട്. സൗദി കുടുംബങ്ങളുടെ വരുമാനം, അംഗങ്ങളുടെ എണ്ണം, പ്രായം, ആകെ സമ്പത്ത് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഓരോ കുടുംബത്തിനുമുള്ള ധനസഹായം കണക്കാക്കുക. 
പദ്ധതി മൂല്യനിർണം നടത്തി തയാറാക്കുന്ന ആദ്യ റിപ്പോർട്ട് ആറു മാസത്തിനു ശേഷം ബന്ധപ്പെട്ട വകുപ്പുകൾ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന് സമർപ്പിക്കും. 
ചികിത്സാവശ്യാർഥം സർക്കാർ, സ്വകാര്യ സന്നദ്ധ സംഘടനകളും ഏജൻസികളും വിതരണം ചെയ്യുന്ന ധനസഹായം, പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ വിതരണം ചെയ്യുന്ന ധനസഹായം എന്നിവ കുടുംബങ്ങളുടെ വരുമാനമായി കണക്കാക്കില്ല. സബ്‌സിഡി ഇനത്തിലുള്ള ധനസഹായം അർഹരായവർക്ക് ബാങ്ക് അക്കൗണ്ടുകൾ വഴി നാളെ മുതൽ വിതരണം ചെയ്തു തുടങ്ങും. പാവപ്പെട്ടവർക്കും കുറഞ്ഞ വരുമാനക്കാർക്കും ഇടത്തരക്കാർക്കും മേലുള്ള സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിനാണ് സിറ്റിസൺ അക്കൗണ്ട് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വൈദ്യുതി, ഇന്ധന വിലകളിലുണ്ടാകുന്ന വർധനവിനും മൂല്യവർധിത നികുതി ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും വിലയിലുണ്ടാക്കുന്ന വർധനവിനും അനുസൃതമായി അർഹരായവർക്ക് ധനസഹായം നൽകും. 
വിലയിലുണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസൃതമായി കുടുംബങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് പര്യാപ്തമാണെന്ന് ഉറപ്പുവരുത്തുന്നതിന്, ഓരോ മൂന്നു മാസത്തിലും ധനസഹായ തുക പുനഃപരിശോധിക്കും. അടുത്ത ജനുവരി മുതൽ ഓരോ പത്താം തീയതിയുമാണ് ധനസഹായം വിതരണം ചെയ്യുക. പുതിയ പദ്ധതി നടപ്പാക്കുന്നതിലൂടെ സൗദി സമ്പന്നർക്കും വിദേശികൾക്കും സബ്‌സിഡിയുടെ പ്രയോജനം പൂർണമായും നിഷേധിക്കപ്പെടും.

Latest News