ഒമ്പതു മണിക്ക് എത്തിയാൽ മതി. പക്ഷെ, മൽബു രാവിലെ എട്ട് മണിക്കു തന്നെ ഓഫിസിലെത്തി. 20 വർഷം പിന്നിട്ട ഔദ്യോഗിക ജീവിതത്തിലെ ആദ്യ സംഭവം. പത്തോ ഇരുപതോ മിനിറ്റ് ലേറ്റാകാതെ ഒരിക്കലും ഒാഫീസ് ലിഫ്റ്റ് കയറിയിട്ടില്ല.
ചുമ്മാ സംഭവിച്ചതല്ല. കരിയർ വിദഗ്ധൻ നൽകിയ ഉപദേശമാണ് ഈ ചരിത്ര സംഭവത്തിനു പിന്നിൽ.
മാന്ദ്യകാലത്ത് പിടിച്ചു നിൽക്കാൻ ആദ്യം പയറ്റേണ്ട അടവുകളിലൊന്ന്. നാടുവിട്ടാൽ നാട്യങ്ങളാണ് പ്രധാനം. പ്രത്യേകിച്ചും ഗൾഫിൽ. പണിയൊന്നുമില്ലെങ്കിലും നേരത്തെ ഓഫീസിലെത്തി ബോസിന്റെ കണ്ണിലുണ്ണിയാകണം. ആദ്യമായിട്ടായിരിക്കും ഒരു കൗൺസലിംഗ് വിദഗ്ധന്റെ ക്ലാസിന് ഇങ്ങനെ ഉടൻ ഫലമുണ്ടാകുന്നത്.
രാത്രി വൈകിയാണ് വിദഗ്ധന്റെ ക്ലാസ് അവസാനിച്ചതെങ്കിലും ഉപദേശങ്ങളിൽ ഓരൊന്നും തൊട്ടുടത്ത ദിവസം മുതൽതന്നെ പ്രാവർത്തികമാക്കണമെന്ന തീരുമാനത്തോടെയാണ് മൽബുവിനോടൊപ്പം മൊയ്തുവും ഉറക്കത്തിനു മുമ്പുള്ള വാട്ട്‌സാപ്പ് ഷെയറിംഗ് തുടങ്ങിയത്.
മൽബു മൊയ്തുവിന്റെ ഓഫീസ് നമ്പറിലേക്ക് വിളിച്ചുനോക്കി. എടുക്കുന്നില്ല. മൊബൈൽ നമ്പർ അമർത്തിയെങ്കിലും ഉടൻ കട്ട് ചെയ്തു.
വിദഗ്ധന്റെ ഉപദേശമാണ് കാതിൽ മുഴങ്ങിയത്. ഓഫീസ് സൗകര്യങ്ങളും സാമഗ്രികളും ഒരിക്കലും ദുരുപയോഗം ചെയ്യരുത്. സ്വന്തം ആവശ്യത്തിന് ഓഫീസ് ഫോൺ ഉപയോഗിക്കുന്നതാണ് അദ്ദേഹത്തിന്റെ ഭാഷയിൽ ദുരുപയോഗം.
നിങ്ങൾ ഇതുവരെ ഇക്കാര്യമൊന്നും ശ്രദ്ധിച്ചു കാണില്ല. എന്നാൽ ഇനി മുതൽ ശ്രദ്ധിക്കണം. ഇത് മാന്ദ്യകാലമാണ്. ചെറിയ ഒരു അശ്രദ്ധ മതി, പണി തെറിക്കാൻ.
ജോലി കണ്ടുപിടിക്കാനും സ്ഥാനക്കയറ്റം നേടാനുമുള്ള വഴികളല്ല, ജോലി നിലനിർത്താനുള്ള ക്ലാസാണ് കരിയർ വിദഗ്ധൻ നൽകിയത്. വിദഗ്ധന്റെ ഉപദേശം മാത്രമല്ല. കമ്പനി പുതിയ ഒരു പരിപാടി തുടങ്ങിയിട്ടുമുണ്ട്. ഓഫീസ് ഫോണിൽനിന്ന് ഓരോ സ്റ്റാഫും വിളിക്കുന്ന കോൾ ഡീറ്റെയിൽസും ബില്ലും ഇ-മെയിൽ വഴി അയക്കുക.
ഫോൺവിളി ഇനത്തിൽ ശമ്പളത്തിൽനിന്ന് ഇതുവരെ ഒന്നും പിടിച്ചിട്ടില്ലെങ്കിലും ഓഫീസ് കാര്യത്തിനല്ലാത്ത വിളികൾ കണ്ടെത്താനുളള ശ്രമം നടന്നാൽ കുടുങ്ങുമെന്ന കാര്യം ഉറപ്പാണ്.
സമയം എട്ടരയായി. മൊയ്തു എത്തിയോ എന്നറിയാഞ്ഞിട്ട് എന്തോ ഒരു ഇത്. അവനെക്കൊണ്ട് ഇതൊന്നും നടപ്പില്ലെന്ന് മനസ്സ് പറയുന്നു. അലസനാണല്ലോ? നടത്തം കണ്ടാൽ തന്നെ അതറിയാം.
മനസ്സ് മൽബുവിനോട് ചോദിച്ചു: ശരിക്കും മൊയ്തു ഓഫീസിൽ കൃത്യസമയത്ത് എത്തണമെന്നാണോ അതോ എത്തരുതെന്നാണോ ആഗ്രഹം?
തലേന്നാളത്തെ ഉപദേശം കാതിലെത്തി. എല്ലാവരോടും സന്മനോഭാവം വേണം. ഓരോ പ്രവാസിയും കടൽ കടന്നത് കുടുംബം പോറ്റാനണെന്ന കാര്യം ഓർമവേണം. ആരേയും പാര വെക്കരുത്. പാരവെച്ചവന്റെ അന്ത്യം പാരയാൽ തന്നെയായിരിക്കും. ഇത് പ്രവാസ ചരിത്രം നൽകുന്ന പാഠമാണ്.
ഏയ്, മൽബുവിന് മൊയ്തുവിനെ കുറിച്ച് നല്ല വിചാരമേ ഉള്ളൂ. എന്നാലും ഒന്നറിയണമല്ലോ. സമയം എട്ടേമുക്കാലായി. ഇപ്പോൾ അവൻ എത്തിക്കാണും.
വീണ്ടും ഓഫീസ് ഫോൺ ട്രൈ ചെയ്തപ്പോൾ അങ്ങേത്തലയ്ക്കൽ മൊയ്തു.
എന്തുപറ്റി മാൻ. ഞാൻ എട്ടരക്ക് വിളിച്ചു നോക്കിയല്ലോ ?
പറഞ്ഞതുപോലെ എട്ടരക്കു മുമ്പു തന്നെ എത്തിയിരുന്നു. വേറെ ചില ജോലിയിലായതു കൊണ്ടാണ് ഫോൺ എടുക്കാതിരുന്നത്.
എട്ടരക്കു ജോലി തുടങ്ങീന്നോ? അതിനു വേറെ ആരെങ്കിലും അവിടെ വന്നോ ഈ സമയത്ത്.
ഓഫീസ് ജോലിയല്ല, വേറെ ചില ക്ലീനിംഗായിരുന്നു.
അതിരിക്കട്ടെ, നിങ്ങളുടെ കമ്പ്യൂട്ടറിൽ വാൾപേപ്പർ എന്താണ്?
മക്കളുടെ ഫോട്ടോയാണ്.
വീടിന്റെ ഫോട്ടോ ആയിരുന്നല്ലോ. അതു മാറ്റിയോ?
അതുമാറ്റിയിട്ട് കുറച്ചായി. മക്കൾ മഴയത്തുകളിക്കുന്ന നല്ല ഒരു ഫോട്ടോ കിട്ടിയപ്പോൾ വീടിന്റെ ചിത്രം മാറ്റി. കുട്ടികളെ കാണുമ്പോൾ വല്ലാത്ത ഒരു പോസിറ്റീവ് എനർജി കിട്ടുന്നു. അവർക്കുവേണ്ടിയാണല്ലോ നമ്മൾ ഇവിടെ കഷ്ടപ്പെടുന്നത്.
വീടിന്റെ ഫോട്ടോ മാറ്റിയതു നന്നായി: മൊയ്തു പറഞ്ഞു.
അതെന്താ?
അതേയ്, ഇവിടെ ഒരു സംഭവം നടക്കുന്നുണ്ട്. മൊയ്തു ശബ്ദം താഴ്ത്തി പറഞ്ഞു.
രഹസ്യം പറയുമ്പോൾ അത് നേരിട്ടായാലും ഫോണിലായാലും മൊയ്തുവിന് ഒരു പ്രത്യേക ശബ്ദമാണ്. സീക്രട്ട് വോയിസ്.
എന്തു സംഭവം?
ഇവിടെ ഞങ്ങടെ ഓഫീസിൽ വേറെ സെക്ഷനിൽ ജോലി ചെയ്യുന്ന ഒരു ഹൈദ്രോസുണ്ട്. അയാൾ പറഞ്ഞ കാര്യമാണ്.
അയാളുടെ കമ്പ്യൂട്ടർ കഴിഞ്ഞ ദിവസം ബോസിന്റെ സെക്രട്ടറി പരിശോധിച്ചു പോലും. ഫയലുകളൊന്നുമല്ല. അതിലെ ഫോട്ടോകൾ.
നാട്ടിലെ വീടിന്റെ ഫോട്ടോ കാണിക്കാനാണത്രെ ആവശ്യപ്പെട്ടത്. ഹൈദ്രോസിന്റേത് കൊട്ടാരം പോലുള്ള വീടാണല്ലോ? മതില് കണ്ടാൽ തന്നെ ഞെട്ടും. പുതിയ ഒരു തരം ആഡംബര ടൈലാണല്ലോ അതിൽ പതിച്ചിരിക്കുന്നത്. ആ ടൈലിന്റെ പരസ്യത്തിന് ഹൈദ്രോസിന്റെ മതിലാണ് ഇപ്പോൾ ടിവിയിൽ വരുന്നത്.
ഫോട്ടോകളൊക്കെ കണ്ട് ബോസിന്റെ സെക്രട്ടറി പോയപ്പോഴാണത്രെ ഹൈദ്രോസിന് സംഗതി കത്തിയത്. കമ്പനിയിൽ സ്റ്റാഫ് കട്ട് വേണ്ടിവന്നാൽ സുസ്ഥിതിയുള്ളവരെ കണ്ടെത്താൻ വേണ്ടിയാണോ സെക്രട്ടറി നാട്ടിലെ വീടിന്റെ ഫോട്ടോ നോക്കിയതെന്ന് സംശയം.
പുള്ളിയുടെ ഉപദേശപ്രകാരം ഞാനും ഓഫീസിലെ കമ്പ്യൂട്ടറിൽനിന്ന് വീടിന്റേയും നാട്ടിലെ കാറിന്റേയും ഫോട്ടോകൾ ഡിലീറ്റ് ചെയ്തു.
അങ്ങനെയൊക്കെ ഉണ്ടാകുമോ? മൽബു സംശയം പ്രകടിപ്പിച്ചു.
ഉണ്ടാകാമല്ലോ.. പണ്ടൊരു കഫീൽ നാട്ടിൽ പോയ കഥ അറിയില്ലേ.. ചികിത്സക്കു പോയ കഫീലിനെ വലിയ കാര്യായിട്ട് അദ്ദേഹത്തിന്റെ ഓഫീസിലെ ചായക്കാരൻ വീട് കാണിക്കാൻ കൊണ്ടുപോയി. സ്വന്തം വില്ലയേക്കാളും വലിയ വീട് കണ്ട അറബി ബോധംകെട്ട് വീണുപോലും. ചായക്കാരൻ പ്രധാനമന്ത്രിവരെയാകുന്ന നാടാണെന്ന കാര്യം അറബിക്കറിയില്ലല്ലോ. എന്തായാലും റിസ്‌കിനു നിൽക്കണ്ട. നാട്ടിലെ മൽബുവിന്റെയാ തൂവെള്ള കൊട്ടാരത്തിന്റെ ഫോട്ടോ മാറ്റിക്കോ. പകരം വാൾപേപ്പറാക്കാൻ നിലമ്പൂരിലെ ഒരു ആദിവാസിക്കുടിലിന്റെ ചിത്രം ഞാൻ അയച്ചുതരാം.