റിയാദ് - സൗദി അറേബ്യ സന്ദർശിക്കാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് ക്ഷണം. സൗദി സന്ദർശനത്തിനുള്ള തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ക്ഷണക്കത്ത് സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഖത്തർ അമീറിന് കൈമാറി. ഖത്തർ അമീറുമായി സൗദി വിദേശ മന്ത്രി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് രാജാവിന്റെ ക്ഷണക്കത്ത് കൈമാറിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ സർവ മേഖലകളിലും കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും പൊതുതാൽപര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു. ദോഹ സൗദി എംബസി ചാർജ് ഡി അഫയേഴ്‌സ് അലി അൽഖഹ്താനി, വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽദാവൂദ് എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.






