ന്യൂദല്‍ഹി- കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങിയതോടെ ഇനി വീട്ടിനുള്ളിലും മാസ്‌ക് ധരിക്കണമെന്ന് ഇന്ത്യയുടെ കോവിഡ് 19 ദൗത്യസേനയ്ക്ക് നേതൃത്വം നല്‍കുന്ന ഡോ. വി.കെ പോള്‍. ഇപ്പോഴത്തെ കോവിഡ് വ്യാപനം അതിവേഗത്തിലാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് ഡോ. പോളിന്റെ നിര്‍ദേശം. അതിവേഗമാണ് കുടുതല്‍ പേരെ രോഗം ബാധിച്ചുകൊണ്ടിരിക്കുന്നത്. വലിയൊരു ശതമാനം കോവിഡ് ബാധിതര്‍ക്കും പുറത്തു കാണാന്‍ രോഗ ലക്ഷണങ്ങളൊന്നുമില്ല. അതുകൊണ്ട് തന്നെ പ്രകടമായ ലക്ഷണങ്ങളില്ലാത്ത കോവിഡ് വീടുകള്‍ക്കുള്ളിലേക്കും വ്യാപിക്കും. അതിവേഗമായിരിക്കും ഈ പകര്‍ച്ചയും. ഏറെ സമയം പുറത്തിറങ്ങാതെ വീട്ടിനകത്ത് ഇരുന്നിട്ടും പല കുടുംബങ്ങള്‍ക്കും ഒന്നടങ്കം കോവിഡ് ബാധിക്കുന്നത് ഇതുകാരണമാണെന്നും ഡോ. പോള്‍ ചൂണ്ടിക്കാട്ടുന്നു. നോര്‍ത്ത് കരോലിന യൂണിവേഴ്‌സിറ്റിയിലെ ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസ് വകുപ്പ് നടത്തിയ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ ഈ പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നാം വീട്ടില്‍ തന്നെ കഴിയേണ്ടതുണ്ട്. ചെറിയ രോഗലക്ഷണങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചികിത്സിക്കാം. നാം ശരിയായ രീതികള്‍ സ്വീകരിക്കണം. വീട്ടില്‍ കൂടുതല്‍ പരിരക്ഷയൊരുക്കണം. വീട്ടിനുള്ളില്‍ ഒരാള്‍ പോസിറ്റീവ് ആയി ഉണ്ടെങ്കില്‍ ആ വ്യക്തി മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. കാരണം അദ്ദേഹത്തില്‍ നിന്നും രോഗം പടരാന്‍ വലിയ സാധ്യതയുണ്ട്. അതുകൊണ്ട് സാധാരണ സാഹചര്യങ്ങളിലും വീട്ടിനകത്ത് മാസ്‌ക് ധരിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. ഇതുവരെ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നായിരുന്നു നാം പറഞ്ഞു വന്നത്. ഇപ്പേള്‍ രോഗവ്യാപനത്തിന്റെ വേഗത വര്‍ധിച്ച സാഹചര്യത്തില്‍ അകത്തും മാസ്‌ക് അനിവാര്യമായിരിക്കുകയാണ്- ഡോ. പോള്‍ വിശദീകരിച്ചു. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇപ്പോള്‍ വീട്ടിലേക്ക് ആരേയും വിളിച്ചു വരുത്താതിരിക്കുക എന്നതാണ്. നമ്മെ സ്വയം സംരക്ഷിക്കാനും വീട്ടിലുള്ള മറ്റുള്ളവരെ സംരക്ഷിക്കാനും ഇത് അത്യാവശ്യമാണ്.
രണ്ടു വ്യക്തികള്‍ തമ്മില്‍ ആറടി അകല്‍ച്ചയും രണ്ടു പേരും മാസ്‌ക് ധരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ കോവിഡ് ബാധിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠന റിപോര്‍ട്ട് പറയുന്നു. രണ്ടു വ്യക്തികളും മാസ്‌ക് ധരിച്ചിട്ടുണ്ടെങ്കില്‍ കോവിഡ് ബാധിക്കാനുള്ള സാധ്യത 1.5 ശതമാനവും രോഗം ബാധിച്ചയാള്‍ മാസ്‌ക് ധരിക്കുകയും മറ്റെയാള്‍ മാസ്‌ക് ധരിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ അഞ്ച് ശതമാനവുമാണ് രോഗബാധ സാധ്യത. രോഗം ബാധിച്ചയാള്‍ മാസ്‌ക് ധരിക്കാതിരിക്കുകയും രോഗബാധയില്ലാത്ത ആള്‍ മാസ്‌ക് ധരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ 30 ശതമാനമാണ് രോഗ സാധ്യത. രോഗം ബാധിച്ചയാളും കൂടെയുള്ള ആളും മാസ്‌ക് ധരിച്ചില്ലെങ്കില്‍ 90 ശതമാനമാണ് വൈറസ് പടരാനുള്ള സാധ്യതയെന്ന് നോര്‍ത്ത് കരോലിന യൂണിവേഴ്‌സിറ്റി പഠനം പറയുന്നു.






