ആത്മഹത്യാശ്രമം നടത്തിയ ആദിത്യനെതിരെ  പോലീസില്‍ പരാതി നല്‍കി അമ്പിളി ദേവി

കൊല്ലം- നടനും സീരിയല്‍ താരവുമായ ആദിത്യന്‍ ജയനെതിരെ പോലീസില്‍ പരാതി നല്‍കി ഭാര്യയും നടിയുമായ അമ്പിളി ദേവി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് അമ്പിളി ദേവി പരാതി നല്‍കിയിരിക്കുന്നത്.സൈബര്‍ സെല്ലിനും കരുനാഗപ്പള്ളി എ.സി.പിക്കുമാണ് പരാതി നല്‍കിയത്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യന്‍ ശ്രമിക്കുന്നതെന്നും അമ്പിളി ദേവി പരാതിയില്‍ പറഞ്ഞു. ഞായറാഴ്ച രാത്രിയോടെ ആദിത്യന്‍ ജയനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ കണ്ടെത്തിയിരുന്നു. കൈ ഞരമ്പ് മുറിച്ച നിലയിലാണ് ആദിത്യന്‍ ജയനെ കണ്ടെത്തിയത്.
തൃശൂര്‍ വടക്കുംനാഥ മൈതാനിയില്‍ കാനയിലേക്ക് കാര്‍ ചരിഞ്ഞു കിടക്കുന്നതായാണ് നാട്ടുകാര്‍ ആദ്യം കണ്ടത്. നിറുത്തിയിട്ട കാറില്‍ ആദിത്യന്‍ തളര്‍ന്ന് കിടക്കുകയായിരുന്നു. ചോരവാര്‍ന്നൊലിക്കുന്ന നിലയിലായിരുന്നു. പിന്നീട് പോലീസെത്തി ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദിത്യന്റെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് അറിയുന്നത്. നടി അമ്പിളി ദേവിയുമായുള്ള വിവാഹവും തര്‍ക്കങ്ങളും സമീപ ദിവസങ്ങളിള്‍ ഏറെ ചര്‍ച്ചയും വിവാദവുമായിരുന്നു. അമ്പിളി ദേവിയുടെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായുള്ള ആദിത്യന്‍ ജയന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വന്നിരുന്നു. ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു ആദിത്യന്റെ ആത്മഹത്യാ ശ്രമം.

Latest News