റിയാദ് - കഴിഞ്ഞ വർഷം മൂന്നാം പാദത്തെ അപേക്ഷിച്ച് നാലാം പാദത്തിൽ വിദേശങ്ങളിൽ നിന്ന് വനിതാ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവദിച്ച തൊഴിൽ വിസകളുടെ എണ്ണം പതിനഞ്ച് ഇരട്ടിയോളം വർധിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. നാലാം പാദത്തിൽ വനിതാ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ സർക്കാർ വകുപ്പുകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും 2,30,797 വിസകളാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അനുവദിച്ചത്. മൂന്നാം പാദത്തിൽ വനിതകൾക്ക് ആകെ 15,132 വിസകൾ മാത്രമാണ് അനുവദിച്ചത്. കഴിഞ്ഞ വർഷം വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ആകെ അനുവദിച്ച വിസകൾ 49 ശതമാനം തോതിൽ കുറഞ്ഞിരുന്നു.
കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തിലും മൂന്നാം പാദത്തിലുമാണ് വിദേശ വനിതാ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഏറ്റവും കുറച്ച് വിസകൾ അനുവദിച്ചത്. രണ്ടാം പാദത്തിൽ 10,120 വിസകൾ മാത്രമാണ് വനിതാ തൊഴിലാളികൾക്ക് അനുവദിച്ചത്. ലോകത്ത് കൊറോണ വ്യാപനം പ്രത്യക്ഷപ്പെട്ടതിനും മാർച്ചു മുതൽ സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചതിനും അനുബന്ധിച്ചാണ് വിദേശങ്ങളിൽ നിന്ന് വനിതാ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവദിച്ച വിസകൾ വലിയ തോതിൽ കുറഞ്ഞത്. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ വിദേശങ്ങളിൽ നിന്ന് വനിതാ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ 1,12,512 വിസകൾ അനുവദിച്ചിരുന്നു. ഇതിനെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ വിസകളിൽ 1,02,392 എണ്ണത്തിന്റെ കുറവുണ്ടായി.
2019 നാലാം പാദത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം നാലാം പാദത്തിൽ തൊഴിൽ വിസകൾ 50 ശതമാനത്തോളം തോതിൽ കുറഞ്ഞു. കഴിഞ്ഞ വർഷം നാലാം പാദത്തിൽ സ്ത്രീപുരുഷ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ ആകെ 3,28,999 വിസകളാണ് അനുവദിച്ചത്. 2019 നാലാം പാദത്തിൽ 5,13,907 വിസകൾ അനുവദിച്ചിരുന്നു. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ വർഷം നാലാം പാദത്തിൽ വിസകളിൽ 1,84,9908 എണ്ണത്തിന്റെ കുറവുണ്ടായതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.