ചെന്നൈ- കോവിഡ് രണ്ടാം തരംഗത്തിന് ഏക കാരണക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കമ്മീഷന് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ വകുപ്പുണ്ടെന്നും മദ്രാസ് ഹൈക്കോടതി. വൈറസ് വ്യാപനത്തിനിടെ അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തി വന്‍ ആള്‍ക്കൂട്ട പ്രചരണത്തിന് വഴിയൊരിക്കയതിന് ഹൈക്കോടതി രൂക്ഷമായ ഭാഷയിലാണ് കമ്മീഷനെ വിമര്‍ശിച്ചത്. കോവിഡ് വ്യാപനം തടയുന്നതിന് വ്യക്തമായ രൂപരേഖ ഉടന്‍ സമര്‍പ്പിച്ചില്ലെങ്കില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന വോട്ടെണ്ണല്‍ തടയുമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുന്നറിയിപ്പു നല്കി. വോട്ടെണ്ണല്‍ ദിവസമായ മേയ് രണ്ടിനു ഉറപ്പാക്കേണ്ട കോവിഡ് പ്രതിരോധ രൂപരേഖ വെള്ളിയാഴ്ച്ചക്കകം സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്ത പക്ഷം വോട്ടെണ്ണല്‍ നിര്‍ത്തിവെപ്പിക്കുമെന്നും കോടതി മുന്നറിയിപ്പു നല്കി.
| വേറിട്ട സകാത്തുമായി കോടീശ്വരന്, 85 ലക്ഷം രൂപയുടെ ഓക്സിജന്‍ നല്കി |
പൊതുജനാരോഗ്യം പരമപ്രധാനമാണ്. ഇത് ഭരണഘടനാ അധികാരികളെ ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നത് ഖേദകരമാണ്. പൗരന്മാര് അതിജീവിച്ചാലെ അവര്‍ക്ക് ജനാധിപത്യ റിപബ്ലിക് ഉറപ്പു നല്കുന്ന അവകാശങ്ങള്‍ ആസ്വദിക്കാന്‍ കഴിയൂവെന്നും ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജി കമ്മീഷനെ ഓര്‍മ്മപ്പെടുത്തി.
കോടതി ഉത്തരവുകള്‍ ഉണ്ടായിട്ടും മാസ്ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ നടപ്പിലാക്കുന്നതില്‍ തെരഞ്ഞെടുപ്പു കമ്മീഷന് പരാജയപ്പെട്ടതായും കോടതി പറഞ്ഞു.
കരൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ഗതാഗത മന്ത്രി എം ആര് വിജയഭാസ്കര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നീരീക്ഷണം. ഹര്‍ജിയില്‍ വിധി ഇന്നുണ്ടായേക്കും.






