ന്യൂദല്‍ഹി- ആര്‍ത്തവത്തിന് അഞ്ച് ദിവസം മുന്‍പോ ആര്‍ത്തവത്തിന് അഞ്ച് ദിവസം ശേഷമോ കോവിഡ് വാക്സിന് സ്വീകരിക്കരുതെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് പ്രതിരോധശേഷി കുറവായിരിക്കുമെന്നും ഈ സമയത്ത് വാക്സിന് സ്വീകരിച്ചാല്‍ രക്തസ്രാവം കൂടുമെന്നുമൊക്കെയാണ് പ്രചരണം.
ഇത്തരം പ്രചാരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. ഇത്തരം അഭ്യൂഹങ്ങളില്‍ വീഴരുതെന്നും മെയ് ഒന്ന് മുതല്‍ പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവരും വാക്സിന് സ്വീകരിക്കണമെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ട്വീറ്റ് ചെയ്തു.
ആര്‍ത്തവ സമയത്ത് കോവിഡ് വാക്സിന് സ്വീകരിക്കരുതെന്ന വാദത്തിന് യാതൊരു അടിസ്ഥാനുമില്ലെന്ന് ആരോഗ്യപ്രവര്‍ത്തകരും പറയുന്നു. വാക്സിനേഷന് ആര്‍ത്തവത്തെ ബാധിക്കുമെന്ന് കാണിക്കുന്ന യാതൊരു കണക്കും ലോകത്തെങ്ങുമില്ലെന്ന് യേല്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ ആലിസ് കള്ളിഗന്‍, റാന്‍ഡി ഹട്ടര്‍ എന്നിവര്‍ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ വിശദീകരിച്ചു.
രോഗാണുവുമായി നേരിട്ടുള്ള സമ്പര്‍ക്കം അത്രമേല്‍ വരാത്ത സാധാരണക്കാരെ മാസത്തില്‍ ചുരുങ്ങിയത് പതിനഞ്ച് ദിവസം വാക്സിനേഷനില്‍നിന്ന് അകറ്റി നിര്‍ത്തുകയെന്നത് മാത്രമാണ് ഇത്തരം വ്യാജ സന്ദേശങ്ങളുടെ ദുരുദ്ദേശമെന്ന് ഡോ. ഷിംന അസീസ് കുറിച്ചു.