മഹാരാഷ്ട്രയിലും കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യം

മുംബൈ- മഹാരാഷ്ട്രയില്‍ എല്ലാ പൗരന്മാര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മന്ത്രി നവാബ് മാലിക് അറിയിച്ചു. കൂടുതല്‍ വാക്‌സിന്‍ വാങ്ങുന്നത് ആഗോള ടെന്‍ഡര്‍ വിളിക്കുന്ന കാര്യവും മന്ത്രിസഭ ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസങ്ങളായി ദിനംപ്രതി 60,000ലേറെ പുതിയ കോവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാം തരംഗം ഉടന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി ആദിത്യ താക്കറെ നേരത്തെ പറഞ്ഞിരുന്നു. വാക്‌സിനേഷന് പെട്ടെന്ന് ഫലം ചെയ്തില്ലെങ്കിലും ഭാവിയിലേക്ക് ഒരുങ്ങാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ വില നിയന്ത്രണം നീക്കിയതോടെ സംസ്ഥാനങ്ങള്‍ക്കും ഉയര്‍ന്ന വിലയാണ് ഇന്ത്യയിലെ രണ്ട് പ്രമുഖ വാക്‌സിന്‍ കമ്പനികള്‍ നിശ്ചയിച്ചിരിക്കുന്നത്. അതേസമയം കമ്പനികള്‍ ഇത് കുറഞ്ഞ നിരക്കിലാണ് കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നത്. മൊത്തം ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിന്‍ പകുതിയും കേന്ദ്ര സര്‍ക്കാര്‍ വാങ്ങും. ഇത് സൗജന്യമായി തന്നെ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ഈ വിഹിതം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എല്ലാ ജനങ്ങളിലുമെത്തിക്കാന്‍ കഴിയുമോ എന്നതും സംബന്ധിച്ചും വ്യക്തതയില്ല. ബാക്കി ആവശ്യമുള്ളത് സംസ്ഥാനങ്ങള്‍ വിപണിയില്‍ നിന്ന് പണം മുടക്കി വാങ്ങേണ്ടി വരും.
 

Latest News