പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെക്കണം-എ.കെ.എസ്.ടി.യു

കല്‍പറ്റ- കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ 10, 12 ക്ലാസുകളിലെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് എ.കെ.എസ.്ടി.യു വയനാട് ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. പത്താം ക്ലാസിലെ ഐ.ടി, പന്ത്രണ്ടാം ക്ലാസിലെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്‌സ് വിഷയങ്ങള്‍ക്കും വി.എച്ച.്എസ്.ഇ വിഭാഗത്തിലെ വൊക്കേഷണല്‍ വിഷയങ്ങള്‍ക്കും ഒരേ ഉപകരണം ഒന്നിലധികം കുട്ടികള്‍ ഒരേസമയം കൈമാറ്റം ചെയ്ത് ഉപയോഗിക്കേണ്ട സാഹചര്യം രോഗവ്യാപന സാധ്യത കൂടുതലാക്കും.
ഉപകരണങ്ങള്‍ കഴുകുന്നതിനും റിസള്‍ട്ട് അധ്യാപകരെ കാണിക്കുന്നതിനും കുട്ടികള്‍ ലാബുകളില്‍ നടക്കേണ്ടി വരുന്നതിനാല്‍ സാമൂഹിക അകലം ഉറപ്പാക്കാനും കഴിയില്ല.  ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നതിനും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും പ്രായോഗികതലത്തില്‍ പ്രയാസങ്ങളുണ്ടാകും. ഈ സാഹചര്യത്തില്‍ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കാതെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ആശങ്ക അകറ്റി മുന്നോട്ടു പോകാന്‍ വിദ്യാഭ്യാസ വകുപ്പ് തയാറാകണം. അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്ത് പ്രായോഗിക പരീക്ഷകള്‍ മാറ്റിവയ്ക്കുകയോ  മറ്റു ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയോ  ചെയ്യണം.
എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ അംഗീകാരം,  പ്രീ പ്രൈമറി അധ്യാപകരുടെ പ്രശ്‌നങ്ങള്‍ എന്നിവയില്‍  സര്‍ക്കാര്‍ അടിയന്തര പരിഹാരം കാണണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്തു. യൂനിയന്‍ മുന്‍ സംസ്ഥാന സമിതിയംഗം വി. ദിനേശ്കുമാര്‍ അധ്യക്ഷത വഹിച്ചു.

 

Latest News