ന്യൂദല്‍ഹി- കോവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കോവിഡ് മഹാമാരിയുമായി ബന്ധമില്ലാത്തതും പഴയതും, സാഹചര്യങ്ങളോട് യോചിക്കാത്തതുമായ പോസ്റ്റുകളും ചിത്രങ്ങളും നീക്കം ചെയ്യണമെന്ന് സോഷ്യല്‍ മീഡിയ കമ്പനികളോട് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം ആവശ്യപ്പെട്ടു. നൂറോളം പോസ്റ്റുകള്‍ യുആര്‍എല്‍ സഹിതം നല്‍കിയാണ് ഇവ നീക്കണമെന്ന് ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 'രാജ്യം ഒന്നടങ്കം കോവിഡ് മഹാമാരിക്കെതിരെ യുദ്ധം ചെയ്യുമ്പോള്‍ ചിലര്‍ ആശങ്ക സൃഷ്ടിക്കാന്‍ സോഷ്യല്‍ മീഡിയയെ ദുരുപയോഗം ചെയ്യുകയാണ്. ഈ പോരാട്ടത്തിന് തടസ്സമാകുന്ന തരത്തിലുള്ള പോസ്റ്റുകളാണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്,' ഐടി മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഐടി മന്ത്രാലയത്തിന്റെ നടപടി. ഈ പോസ്റ്റുകള്‍ വര്‍ഗീയ ചുവയുള്ളതാണെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. സര്‍ക്കാരിനെ വിമര്‍ശിക്കാനും സഹായിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും സമൂഹ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇവ ദുരുപയോഗം ചെയ്യപ്പെടുന്നതും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയേണ്ടതും അനിവാര്യമാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു.
സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ച 50ഓളം ട്വീറ്റുകള്‍ നീക്കം ചെയ്തുവെന്ന ട്വിറ്റര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ സോഷ്യല്‍ മീഡിയാ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.






