മനാമ- ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാര്‍ കരുതേണ്ട കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്‍ ക്യു.ആര്‍ കോഡ് ഉണ്ടാകണമെന്ന് അധികൃതര്‍ അറിയിച്ചു. പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെയുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെന്ന ക്യു.ആര്‍ കോഡോടെയുള്ള സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കേ യാത്ര സാധ്യമാകൂ. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കാണ് പുതിയ വ്യവസ്ഥയെന്ന് ബഹ്്റൈന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കൊറോണ വൈറസ് പ്രതിസന്ധി നേരിടുന്നതിന് രൂപീകരിച്ച ഉന്നത സമിതിയുടെ തീരുമാനപ്രകാരമാണ് പുതിയ വ്യവസ്ഥ ബാധകമാക്കിയത്. ഏപ്രില്‍ 27 മുതല്‍ ഇത് ബാധകമാക്കും. ബഹ്്റൈന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലേക്ക് ഇന്ത്യയില്‍നിന്ന് വരുന്നവരോ ഇന്ത്യ വഴി വരുന്നവരോ ആയ ആറ് വയസ്സില്‍ കൂടുതല്‍ പ്രായമുള്ള എല്ലാ യാത്രക്കാര്‍ക്കും വ്യവസ്ഥ ബാധകമാണെന്ന് സമിതി അറിയിച്ചു. വെള്ളിയാഴ്ചയാണ് ഇക്കാര്യത്തില്‍ സമിതി നിര്‍ദേശം നല്‍കിയത്. ഇക്കാര്യം മലയാളം ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിലവിലുള്ള മറ്റെല്ലാ യാത്രാവ്യവസ്ഥകളും ഇതോടൊപ്പം തുടരും. മനാമയില്‍ എത്തിച്ചേരുന്നവരോ, ഇവിടെനിന്ന് പോകുന്നവരോ ആയ എല്ലാ യാത്രക്കാരും പി.സി.ആര്‍ ടെസ്റ്റിന് വിധേയരാകണമെന്നതാണ് ഇതില്‍ പ്രധാനം. വരുന്നവര്‍ അഞ്ചാം ദിവസവും പത്താം ദിവസവുമാണ് ടെസ്റ്റ് നടത്തേണ്ടത്. ബി അവെയര്‍ ബഹ്റൈന്‍ എന്ന ആപ്ലിക്കേഷന്‍ മൊബൈലില്‍ ആക്ടിവേറ്റ് ചെയ്യുകയും പരിശോധനാ ഫലം വരുന്നതുവരെ താമസസ്ഥലത്ത് ക്വാറന്റൈനില്‍ ഇരിക്കുകയും വേണം.
പല ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കെ, സൗദിയിലേക്ക് വരുന്നവര്‍ ആശ്രയിക്കുന്ന രാജ്യമാണ് ബഹ്റൈന്‍. ഇവിടെയെത്തി രണ്ടാഴ്ച ക്വാറന്റൈനിലിരുന്ന നിരവധി പേര്‍ സൗദിയിലേക്ക് വരുന്നുണ്ട്. ബഹ്റൈനും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമോ എന്ന ആശങ്കയിലാണ് പ്രവാസികള്‍.