മക്ക - വിശുദ്ധ ഹറമിലെത്തുന്ന തീർഥാടകർക്കും വിശ്വാസികൾക്കുമിടയിൽ മക്ക പ്രവിശ്യ ഇസ്ലാമികകാര്യ മന്ത്രാലയ ശാഖ സൗജന്യമായി കുടകൾ വിതരണം ചെയ്യുന്നു. ആകെ രണ്ടര ലക്ഷം കുടകളാണ് ഹറമിൽ ഇസ്ലാമികകാര്യ മന്ത്രാലയം വിതരണം ചെയ്യുന്നത്. റമദാനിൽ മക്കയിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. റമദാനിൽ വിശുദ്ധ ഹറമിൽ തീർഥാടകരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്തും വിശുദ്ധ റമദാനിൽ ത്വവാഫ് കർമം നിർവഹിക്കുന്നതിനിടെ കടുത്ത വെയിലിൽ നിന്ന് തീർഥാടകർക്ക് സംരക്ഷണം നൽകാൻ ലക്ഷ്യമിട്ടുമാണ് സൗജന്യമായി കുടകൾ വിതരണം ചെയ്യുന്നതെന്ന് മക്ക പ്രവിശ്യ ഇസ്ലാമികകാര്യ മന്ത്രാലയ ശാഖാ മേധാവി ഡോ. സാലിം അൽഖാമിരി പറഞ്ഞു. നേരത്തെ ഹറംകാര്യ വകുപ്പും തീർഥാടകർക്കിടയിൽ സൗജന്യമായി കുടകൾ വിതരണം ചെയ്തിരുന്നു.
അതേസമയം, വിശുദ്ധ റമദാനിലെ ആദ്യ പത്തിൽ ഉംറ കർമം നിർവഹിക്കാൻ തീർഥാടകർ ശരാശരി 80 മിനിറ്റു വീതമാണ് എടുത്തതെന്ന് ഹറംകാര്യ വകുപ്പ് പറഞ്ഞു. വിശുദ്ധ കഅ്ബാലയത്തിനു ചുറ്റും ത്വവാഫ് കർമം നിർവഹിക്കാൻ 27 മിനിറ്റും മതാഫിൽ നിന്ന് മസ്അയിൽ എത്താൻ ആറു മിനിറ്റും സ്വഫ, മർവ കുന്നുകൾക്കിടയിൽ സഅ്യ് കർമം നിർവഹിക്കാൻ 47 മനിറ്റും വീതമാണ് ആദ്യ പത്തിൽ തീർഥാടകർ ശരാശരി എടുത്തതെന്ന് ഹറംകാര്യ വകുപ്പ് പറഞ്ഞു.






