ഗുജറാത്ത്: ജയിച്ചത് ബി.ജെ.പി; വിശ്വാസമാർജ്ജിച്ച് പ്രതിപക്ഷം

ന്യൂദൽഹി - ഭരണകക്ഷിയായ ബി.ജെ.പി വിജയം ഉറപ്പിച്ചെങ്കിലും മികച്ച പോരാട്ടം കാഴ്ചവച്ച് ജയിക്കാതെ പോയ കോൺഗ്രസ് തോറ്റില്ലെന്നതാണ് ഗുജറാത്തിലെ തെരഞ്ഞെടുപ്പു ഫലത്തിന്റെ സവിശേഷത. ഒരു ഭാഗത്ത് ബി.ജെ.പി ആഘോഷിക്കുന്നുണ്ടെങ്കിലു പാർട്ടിയെ ശരിക്കും ഞെട്ടിക്കുന്നതാണ് സീറ്റ് നില. ബിജെപി അധ്യക്ഷനും ഗുജറാത്തിലെ മുൻ ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ഇത്തവണ 150ലേറെ സീറ്റുകൾ ലക്ഷ്യമിട്ടാണ് പ്രചാരണത്തിനിറങ്ങിയിരുന്നത്. എന്നാൽ കഷ്ടിച്ച് നൂറിനനുടത്തെത്തുന്ന കാഴ്ചയാണ് ഫലത്തിൽ കണ്ടത്. ബി.ജെ.പി ക്യാമ്പിൽ വിജയാഘോഷം സീറ്റു നഷ്ടത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ടാണെങ്കിൽ വിജയത്തോളമെത്തിയ തോൽവി കോൺഗ്രസിന് ആഘോഷിക്കാൻ വകുപ്പുണ്ട്. 

പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പു തന്നെ കഴിഞ്ഞ മൂന്ന് മാസക്കാലം പാർട്ടിയുടെ ഗുജറാത്ത് തെരഞ്ഞെടുപ്പു പ്രചാരണം മുന്നിൽ നിന്ന് നയിച്ച രാഹുൽ ഗാന്ധിയുടെ നീക്കങ്ങൾ ഗുജറാത്തിൽ ചലനങ്ങളുണ്ടാക്കി എന്നു ഫലത്തിൽ നിന്നു വ്യക്തം. ബി.ജെ.പിയെ താഴെയിറക്കാൻ രാഹുലിന് കഴിഞ്ഞില്ലെങ്കിലും ബി.ജെ.പി പാളയത്തിൽ തിരിച്ചടിയുടെ ആശങ്ക വിതയ്ക്കാൻ അദ്ദേഹത്തിനായെന്ന് നയതന്ത്ര്ജ്ഞനും രാഷ്ട്രപിതാവിന്റെ പൗത്രനുമായ ഗോപാൽ കൃഷ്ണ ഗാന്ധി പറയുന്നു. ഇതിനായി ഗുജറാത്തിൽ കോൺഗ്രസ് നടത്തിയ രാഷ്ട്രീയ പരീക്ഷണവും വിജയിച്ചു. മഴവിൽ സഖ്യമെന്ന് വിശേഷിപ്പിക്കപ്പെട്ട ജിഗ്‌നേഷ് മേവാനി, അൽപേഷ് ഠാക്കൂർ, ഹർദ്ദിക് പട്ടേൽ എന്നീ യുവ നേതാക്കളുടെ പിന്തുണ കോൺഗ്രസിനു അനൂകലമാക്കിയെടുക്കാൻ രാഹുലിന് കഴിഞ്ഞു. നിർഭയത്വം എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ രാഹുൽ എന്ന പടക്കുതിരയ്ക്കു കഴിഞ്ഞു. ഒരു പാർട്ടിയിലും ചേരാത്ത ദളിത് സമര നേതാവ് ജിഗ്‌നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്ന ഒ.ബി.സി സമര നേതാവ് അൽപ്പേഷും മിന്നും ജയമാണ് കാഴ്ചവച്ചത്.

ബി.ജെ.പിക്ക് അനുകൂലമായ ഗുജറാത്തി അഭിമാനത്തെ ആകർഷിക്കാൻ തന്നെ കൊണ്ട് കഴിയുന്നതെല്ലാം നരേന്ദ്ര മോഡി ചെയ്തതു കൊണ്ടാണ് ബി.ജെ.പിക്ക് ജയിക്കാനായത്. എന്നാൽ ഗുജറാത്തി സാമർത്ഥ്യം ആകർഷിക്കാൻ തന്നെ കൊണ്ട് ആകുന്നതെല്ലാം ചെയ്താണ് രാഹുൽ വിജയിച്ചത്. ഗുജറാത്തിലെ പുതിയ ജനവിധി ബി.ജെ.പിക്ക് എണ്ണത്തിലും ജനപിന്തുണയിലും പദവിയിലും എല്ലാം നഷ്ടമാണ് സമ്മാനിച്ചിരിക്കുന്നത്. ഇതൊരു തരത്തിലുള്ള താക്കീതാണ് ബിജെപിക്ക്, ഗോപാൽകൃഷ്ണ ഗാന്ധി പറയുന്നു.

പ്രതിപക്ഷത്തിലുള്ള ഗുജറാത്തിന്റെ വിശ്വാസം എന്നത് അവിടുത്തെ ജനങ്ങൾക്ക് ജിഗ്‌നേഷ്, ഹർദിക്, അൽപേഷ് എന്നിവരിലും ഇവരെ നയിച്ച രാഹുലിലും ഉള്ള വിശ്വാസമായി മാറി. വെല്ലുവിളികൾ ദുർഘടമായിരുന്നു. ഗുജറാത്ത് നരേന്ദ്ര മോഡിയുടെ സംസ്ഥാനമാണ്. മോഡി മുൻ മുഖ്യമന്ത്രിയും ഇപ്പോൾ പ്രധാനമന്ത്രിയുമാണ്. മോഡി മോഡി തന്നെയാണ്. അമിത് ഷായും ഗുജറാത്തിയാണ്. ഷാ ബി.ജെ.പി ദേശീയ അധ്യക്ഷനാണ്. പാർട്ടിയാണ് സംസ്ഥാനത്തും  കേന്ദ്രത്തിലും ഭരണം കയ്യാളുന്നത്. ഈ ഘടകങ്ങളെല്ലാം ഭരണത്തുടർച്ച സുരക്ഷതിലും വെല്ലുവിളികളില്ലാത്തതുമാക്കി. പ്രതിപക്ഷത്തിന്റെ നില പരുങ്ങലിലുമാക്കി.

കോൺഗ്രസിനൊപ്പം  ചേർന്ന ജിഗ്‌നേഷും അൽപേഷും ഹർദ്ദിക്കും സ്വന്തം വ്യക്തിതാൽപര്യങ്ങൾ മാറ്റിവച്ച് പരസ്പരം ഐക്യദാർഢ്യപ്പെട്ടു. അവരവരുടെ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പൊരുതാനുള്ള ഊർജ്ജം ഇവർ സ്വന്തമായി കണ്ടെത്തി. വിവിധ സമുദായങ്ങളെ അവിശ്വാസത്തിന്റെ നിഴലിൽ നിർത്തിയ ബി.ജെ.പി ശൈലിയോട് ഇവർ ഏറ്റുമുട്ടി. ഭയത്തോട് പോരാടി. പ്രതിപക്ഷത്തിനുള്ള ഓരോ വോട്ടും വിഭാഗീതയ്ക്കും ഭയം തുടച്ചുനീക്കുന്നതിനും എന്ന രീതിയിലേക്ക് മാറുകയായിരുന്നു. നോട്ടുനിരോധനം കൊണ്ടും അനിയന്ത്രിതമായ വ്യവസായ വൽക്കരണവും വാണിജ്യവൽക്കരണവും കൊണ്ട് പൊറുതിമുട്ടിയ ഗുജറാത്തിലെ കർഷകരുടേതാണ് കോൺഗ്രസ് നേടിയ ഓരോ സീറ്റും. വരും മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾക്കും 2019ൽ രാജ്യത്തൊട്ടാകെ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനും ഇതൊരു പ്രചോദനമാണെന്നും ഗാന്ധി പറയുന്നു.

ഗുജറാത്ത് കക്ഷി നില

Latest News