സിംഗപൂരില്‍ നിന്ന് നാല് ഓക്‌സിജന്‍ ടാങ്കുകളും ഇന്നെത്തും

ന്യൂദല്‍ഹി- ഓക്‌സിജന്‍ സുരക്ഷിതമായി സംഭരിച്ചുവയ്ക്കാനും വിവിധയിടങ്ങളിലേക്ക് കൊണ്ടു പോകുന്നതിനുമുള്ള ഉയര്‍ന്ന ശേഷിയുള്ള ക്രയോജനിക ടാങ്കുകള്‍ സിംഗപൂരില്‍ നിന്ന് ഇന്നെത്തും. നാല് ക്രയോജനിക് ടാങ്കുകളാണ് ഇന്ത്യന്‍ വ്യോമ സേനയുടെ എ സി-17 കൂറ്റന്‍ വിമാനത്തില്‍ ഇവിടെ എത്തിക്കുക. ദല്‍ഹിക്കടുത്ത ഹിന്‍ഡന്‍ വ്യോമസേനാ താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഈ വിമാനം സിംഗപൂരിലെ ചാംഗി വിമാനത്താവളത്തില്‍ ശനിയാഴ്ച രാവിലെ ഇറങ്ങി. കാലിയായ ക്രയോജനിക് ടാങ്കുകള്‍ ലോഡ് ചെയ്ത ശേഷം ഇവിടെ നിന്ന് തിരിച്ച് പറക്കുന്ന വിമാനം വൈകീട്ട് പശ്ചിമ ബംഗാളിലെ പനഗഢ് വ്യോമസേനാ താവളത്തില്‍ ഇറങ്ങും. ഉയര്‍ന്ന ശേഷിയില്‍ ഓക്‌സിജന്‍ സംഭരിക്കാവുന്ന ടാങ്കറുകള്‍ക്കായി സിംഗൂപൂരുമായും യുഎഇയുമായും ചര്‍ച്ച നടത്തിവരികയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞിരുന്നു.

Latest News