സമാന്തര സൂപ്പർ ലീഗ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിനുള്ള യൂറോപ്പിലെ 12 ക്ലബ്ബുകളുടെ ശ്രമം ദയനീയമായി പരാജയപ്പെട്ടു. മറ്റു കളികളിലും സമാനമായ ശ്രമങ്ങളുണ്ടായിട്ടുണ്ട്. ചിലത് വിജയം കണ്ടും, മിക്കതുംപരാജയപ്പെട്ടു.
രാജ്യാന്തര ക്രിക്കറ്റിൽ റിബൽ ടൂർണമെന്റുകൾക്ക് പലതവണ ശ്രമമായിട്ടുണ്ട്. എടുത്തു പറയേണ്ടത് രണ്ടെണ്ണമാണ്. രണ്ടും പരാജയപ്പെട്ടു. എന്നാൽ അവ സൃഷ്ടിച്ച പ്രകമ്പനങ്ങൾ കളിയിൽ ദൂരവ്യാപക മാറ്റങ്ങൾക്കു കാരണമായി.
വേൾഡ് സീരീസ് ക്രിക്കറ്റാണ് അതിൽ ആദ്യത്തേത്. 1977 ൽ ഓസ്‌ട്രേലിയൻ മാധ്യമ ചക്രവർത്തി കെറി പാക്കറാണ് ഇതിന് തുടക്കമിട്ടത്. ഓസ്‌ട്രേലിയൻ ടി.വി ശൃംഖലയായ ചാനൽ നൈനിന്റെ ഉടമയായിരുന്നു അദ്ദേഹം. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡുമായി ഉടലെടുത്ത തർക്കത്തെത്തുടർന്നാണ് അദ്ദേഹം റിബൽ ടൂർണമെന്റിന് പദ്ധയിട്ടത്. ഡേ-നൈറ്റ് മത്സരങ്ങൾക്കായി അദ്ദേഹം പ്രമുഖ കളിക്കാരെ രഹസ്യമായി വല വീശി. ഇംഗ്ലണ്ട് ക്യാപ്റ്റൻ ടോണി ഗ്രെയ്ഗ്, വെസ്റ്റിൻഡീസ് നായകൻ ക്ലൈവ് ലോയ്ഡ്, ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ഗ്രെഗ് ചാപ്പൽ, ഭാവി പാക്കിസ്ഥൻ നായകൻ ഇംറാൻ ഖാൻ, മുൻ ഓസ്‌ട്രേലിയൻ നായകൻ ഇയാൻ ചാപ്പൽ തുടങ്ങി പ്രമുഖരുടെ നീണ്ട നിര പാക്കറുമായി കരാറൊപ്പിട്ടു.
ഇത് ക്രിക്കറ്റ് ഭരണാധികാരികളെ ഞെട്ടിച്ചു. കളിക്കാരെ വിലക്കി. രണ്ടു സീസണിന് ശേഷം അനുരഞ്ജനത്തിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ നിർബന്ധിതരായി. കളിക്കാരെ ഔദ്യോഗിക ക്രിക്കറ്റിൽ തിരിച്ചെടുത്തു. ചാനൽ നൈനുമായി അവർ ധാരണയിലെത്തി. പുതിയ ക്രിക്കറ്റിനെ ലോകത്തിന് സ്വീകരിക്കേണ്ടി വന്നു. ഏകദിന ക്രിക്കറ്റ് ക്രമേണ പാക്കർ വിഭാവനം ചെയ്ത രീതിയിലേക്ക് വന്നു. അതിന്റെ ഉൽപന്നമാണ് ഇന്നത്തെ ട്വന്റി20.
്‌സമാന്തര ക്രിക്കറ്റിനുള്ള രണ്ടാമത്തെ ശ്രമവും ടി.വി സംപ്രേഷണാവകാശം സംബന്ധിച്ചുള്ള തർക്കം തന്നെയായിരുന്നു. ബി.സി.സി.ഐയുമായി സീ ടി.വി ഉടമകളായ സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് ഉടക്കിയതായിരുന്നു കാരണം. 2007 ൽ സീ ഗ്രൂപ്പ് സമാന്തര ട്വന്റി20 ലീഗിന തുടക്കമിട്ടു. ഇന്ത്യൻ ക്രിക്കറ്റ് ലീഗ് എന്നായിരുന്നു പേര് -ഐ.സി.എൽ. മുൻ ഇന്ത്യൻ നായകൻ കപിൽ ദേവായിരുന്നു അതിന്റെ ചെയർമാൻ. നിരവധി ഇന്റർനാഷനൽ കളിക്കാർ അതിൽ ചേർന്നു. ഇന്ത്യൻ കളിക്കാരിൽ അമ്പാട്ടി രായുഡു, രോഹൻ ഗവാസ്‌കർ, സ്റ്റുവാർട് ബിന്നി തുടങ്ങി വളർന്നുവരുന്ന നിരവധി ഇന്ത്യൻ കളിക്കാരും കരാറൊപ്പിട്ടു.
ടൂർണമെന്റിനെ ബി.സി.സി.ഐ വിലക്കി. കളിക്കാർക്ക് നിരോധനമേർപ്പെടുത്തി. ഐ.സി.സിയിലുള്ള സ്വാധീനമുപയോഗിച്ച് ഇന്റർനാഷനൽ കളിക്കാരെയും വിലക്കാൻ ബി.സി.സി.ഐക്ക് സാധിച്ചു. അതോടെ ടൂർണമെന്റിന് പൊലിമ നഷ്ടപ്പെട്ടു.
2008 ൽ ഐ.സി.എല്ലിന്റെ അതേ രീതിയിൽ ഐ.പി.എൽ ആരംഭിച്ചു. ബി.സി.സി.ഐ പൊതുമാപ്പ് പ്രഖ്യാപിക്കുകയും കപിൽ ദേവിനെയും മറ്റു കളിക്കാരെയും ഔദ്യോഗിക ക്രിക്കറ്റിലേക്ക് തിരിച്ചെടുക്കുകയും ചെയ്തു.
എന്നാൽ ഐ.സി.എല്ലാണ് ഐ.പി.എൽ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് അടിച്ചുതിമിർക്കുന്ന ഫ്രാഞ്ചൈസി ക്രിക്കറ്റിന് തുടക്കമായത്. ക്രിസ് ഗയ്‌ലിനെ പോലുള്ള കളിക്കാർ ഇന്ന് ഒരേസമയം വിവിധ രാജ്യങ്ങളിൽ വിവിധ ടീമുകളെ പ്രതിനിധീകരിക്കുകയും പണം കൊയ്യുകയും ചെയ്യുന്നു.