Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആ സിക്‌സർ

1986 ഏപ്രിലിലാണ് ജാവേദ് മിയാൻദാദിന്റെ പ്രശസ്തമായ ആ സിക്‌സർ പിറന്നത്. ഷാർജയിൽ നടന്ന ഇന്ത്യക്കെതിരായ ഓസ്‌ട്രേലേഷ്യ കപ്പ് ഫൈനലിൽ ചേതൻ ശർമ എറിഞ്ഞ അവസാന പന്ത് മിയാൻദാദ് ഗാലറിയിലേക്കുയർത്തിയത് ഏകദിന ക്രിക്കറ്റിലെ അവിസ്മരണീയ അധ്യായമാണ്. ആ നാടകീയ മത്സരത്തിലെ അഭിനേതാക്കളുമായി സംസാരിച്ച് ഉസ്മാൻ സമീഉദ്ദീൻ തയാറാക്കിയ ലേഖനം...

ഷാർജാ സ്റ്റേഡിയത്തിലെ പിച്ചിന്റെ മധ്യത്തിലെ കൂടിക്കാഴ്ച 20 സെക്കന്റിലേറെ നീണ്ടില്ല. ജാവേദ് മിയാൻദാദിന്റെ ഒരു കൈ അരയിലായിരുന്നു, മറ്റേത് ബാറ്റിലും. മുഖത്ത് മീശ നിറഞ്ഞുനിന്നു. ആ കൂടിക്കാഴ്ചയിൽ എന്താണ് സംസാരിച്ചതെന്ന് മിയാൻദാദിന് കാര്യമായ ഓർമയില്ല. 'പ്രത്യേകിച്ചൊന്നുമില്ല. വെറുതെ ശ്വാസം വിടാനുള്ള ഒരു നിൽപ്'.
അതിനും മുമ്പിലെ പന്തിലെ കൂടിക്കാഴ്ചയായിരുന്നു പ്രധാനമെന്ന് മിയാൻദാദ് ഓർക്കുന്നു. 'അപ്പോഴാണ് തൗസീഫ് അഹമ്മദിനോട് ഞാൻ പറഞ്ഞത്, എന്തു വന്നാലും സിംഗിളെടുക്കണമെന്ന്'.
തൗസീഫ് എല്ലാം കൃത്യമായി ഓർക്കുന്നു. തൗസീഫ് അപ്പോൾ ക്രീസിലുണ്ടാവേണ്ട ആളല്ല. എന്നാൽ തൗസീഫിന് മുമ്പെ വിക്കറ്റ് കീപ്പർ സുൽഖർനൈനെ ബാറ്റിംഗിന് വിടുകയായിരുന്നു. സുൽഖർനൈൻ ക്ലബ് ക്രിക്കറ്റിൽ കൂറ്റൻ സിക്‌സറുകൾ പായിക്കാറുണ്ടെന്ന് ക്യാപ്റ്റൻ ഇംറാൻ ഖാനോട് റമീസ് രാജ പറയുകയായിരുന്നു. സുൽഖർനൈൻ സിക്‌സറടിക്കാൻ കഴിവുള്ളയാളാണ്. എന്നാൽ അടിക്കാൻ സാധിച്ചില്ല. സിക്‌സറടിക്കാൻ ശ്രമിച്ച് സുൽഖർനൈൻ പുറത്താവുമ്പോൾ രണ്ട് പന്തിൽ അഞ്ച് റൺസ് വേണം. 
തൗസീഫിന്റെ ഓർമ കൃത്യമാണ്. മിയാൻദാദ് ആത്മകഥയിൽ പറഞ്ഞതു പോലെയല്ല കാര്യങ്ങളെന്ന് തൗസീഫ് പറയുന്നു. 'ക്രീസിലെത്തിയ ഉടൻ ഞാനാണ് ജാവേദിനോട് പറഞ്ഞത് എന്തു വന്നാലും സിംഗിളെടുക്കണമെന്ന്. പന്ത് വിക്കറ്റ് കീപ്പറുടെ കൈയിലാണ് കിട്ടിയതെങ്കിൽ കൂടി. ഉറപ്പല്ലേയെന്ന് ജാവേദ് ചോദിച്ചു. വേറെ വഴിയില്ലെന്ന് ഞാൻ പറഞ്ഞു'. 
കവറിലേക്കടിച്ച് തൗസീഫ് ഓടി. ലോകത്തിലെ മികച്ച ഫീൽഡർമാരിലൊരാളായ മുഹമ്മദ് അസ്ഹറുദ്ദീൻ ഓടി വന്ന് പന്തെടുത്തെറിഞ്ഞു. തലനാരിഴക്കാണ് അത് സ്റ്റമ്പിൽ നിന്ന് അകന്നത്. 
അതിനു ശേഷമാണ് ആദ്യം പറഞ്ഞ പിച്ചിനു നടുവിലെ കൂടിക്കാഴ്ച. തൗസീഫ് പറയുന്നു: 'ജാവേദ് എന്നോട് ചോദിച്ചു, അയാൾ എന്തു ചെയ്യുമെന്നാണ് കരുതുന്നത്? എന്തായാലും യോർക്കറിനു ശ്രമിക്കുമെന്ന് ഞാൻ മറുപടി നൽകി. ജാവേദ് പറഞ്ഞു, അതെ അപ്പോൾ താളം തെറ്റി ഫുൾ ടോസ് ആവാൻ സാധ്യതയുണ്ട്. എന്തായാലും ജാവേദ് ക്രീസിന് വെളിയിലാണ് ബാറ്റിംഗിന് നിന്നത്'.


19 വർഷത്തിനു ശേഷം വിശാഖപട്ടണത്തു നിന്ന് ജാംഷഡ്പൂരിലേക്കുള്ള ഒരു ട്രെയിൻ യാത്ര. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഏതാനും മാധ്യമ പ്രവർത്തകരും ചേതൻ ശർമയും ഒരുമിച്ചായി. മുൻ ഇന്ത്യൻ ക്രിക്കറ്റർ, ആ യോർക്കർ എറിയാൻ ശ്രമിച്ച വ്യക്തി ഇപ്പോൾ സീ ടി.വിയുടെ റിപ്പോർട്ടറാണ്. 27 മണിക്കൂറായിരുന്നു ആ യാത്ര. അപ്പോൾ സ്വാഭാവികമായും ആ വിഷയം ചർച്ചക്കു വരുമെന്നുറപ്പായിരുന്നു. കുറച്ച് ബിയർ അകത്തായതോടെ എല്ലാവരും ആവേശത്തിലായി. ചേതനായിരുന്നു ശ്രദ്ധാകേന്ദ്രം. കഥകൾക്കു പിന്നാലെ കഥകൾ ഒഴുകി. നേട്ടങ്ങൾ, നിരാശകൾ, സെലക്ടർമാരുടെ പകപോക്കലുകൾ, തലതെറിച്ച സഹതാരങ്ങൾ, ഇന്ത്യൻ ക്രിക്കറ്റിലെയും മീഡിയയിലെയും മോശമായതെല്ലാം നിരത്തപ്പെട്ടു. എന്നാൽ ജേണലിസ്റ്റുകൾക്ക്, പ്രത്യേകിച്ച് പാക്കിസ്ഥാനി ജേണലിസ്റ്റുകൾക്ക് ഒരു കഥയേ വേണ്ടൂ. അത് ഇംഗ്ലണ്ടിനെതിരെ അപ്രതീക്ഷിതമായി ചേതൻ ശർമ നേടിയ സെഞ്ചുറിയെക്കുറിച്ചല്ല, ലോകകപ്പിലെ ഹാട്രിക്കിനെക്കുറിച്ചല്ല. ഒരു സിഗരറ്റ് കൂടി പുകച്ച ശേഷം ആ ചോദ്യം ചോദിക്കാമെന്ന് ധാരണയായി. അപ്പോഴേക്കും യാത്ര അഞ്ചു മണിക്കൂർ പിന്നിട്ടിരുന്നു. ക്ഷമ കെട്ടുതുടങ്ങിയിരുന്നു. രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു യാത്രക്കാരൻ ചേതൻ ശർമയെ തിരിച്ചറിഞ്ഞു. അയാളെങ്കിലും ആ ചോദ്യം ചോദിക്കുമെന്ന് ജേണലിസ്റ്റുകൾ കരുതി. ശർമയുടെ ലോകകപ്പ് ഹാട്രിക്കിനെക്കുറിച്ച് ചോദിച്ച് അയാൾ സ്ഥലം വിട്ടു. 
ഒടുവിൽ റോയിട്ടേഴ്‌സിന്റെ പ്രതിനിധിയാണ് ചോദിച്ചത്: 'ചേതൻ ഭായീ, ഒരു കാര്യം ചോദിക്കട്ടെ...'. ചോദ്യം പൂർത്തിയാവും മുമ്പെ മറുപടി വന്നു. ചോദ്യം ഉന്നയിക്കും മുമ്പെ അത് എന്തിനെക്കുറിച്ചാണെന്ന് ചേതന് മനസ്സിലായി. ചേതനെ സംബന്ധിച്ചിടത്തോളം ആയിരക്കണക്കിന് തവണ മറുപടി പറഞ്ഞ് തേഞ്ഞ ചോദ്യമായിരിക്കണം അത്. 'അരേ യാർ... ഞാൻ യോർക്കർ എറിയാനാണ് ശ്രമിച്ചത്'. അതെ യോർക്കറാണ് ചേതൻ ഉദ്ദേശിച്ചത്. കഴിഞ്ഞില്ലെന്നു മാത്രം. 
ക്രീസിനു മധ്യത്തിലെ ആ കൂടിക്കാഴ്ചക്കു ശേഷം മിയാൻദാദ് ബാറ്റിംഗിന് തയാറായി നിന്നു. ഫീൽഡിനു ചുറ്റും നോക്കി. ഒരു ബൗണ്ടറിയാണ് ആവശ്യം. ഫീൽഡർമാരെ എണ്ണി നോക്കി. സാവധാനം ഗാഡെടുത്തു. ബൗണ്ടറിക്കു പറ്റിയ പന്തിനായി മിയാൻദാദ് ദൈവത്തിന് അപേക്ഷ നൽകിയിരുന്നുവെങ്കിൽ കൂടി ഇത്ര നല്ല പന്ത് ലഭിക്കുമായിരുന്നില്ല. മുട്ടുയരത്തിൽ വന്ന ഫുൾ ടോസ്. ലെഗിലേക്ക് സ്വിംഗ് ചെയ്തു വന്ന പന്ത് മിഡ് വിക്കറ്റിനു മുകളിലൂടെ മിയാൻദാദ് ഉയർത്തി. ഷോട്ട് ഫിനിഷ് ചെയ്ത അതേ ആക്ഷനിൽ മുകളിലേക്ക് കൈയുയർത്തി. പവിലിയനിലേക്ക് ഓടി. ടി.വി കമന്ററി ബോക്‌സിൽ ഇഫ്തിഖാർ അഹ്മദ് മൂന്നു സെക്കന്റ് നിശ്ശബ്ദമായി. ആ മുഹൂർത്തത്തിന് ചേരാത്ത ശാന്തതയോടെയാണ് അദ്ദേഹം പ്രതികരിച്ചത്. സിക്‌സർ... പാക്കിസ്ഥാൻ ജയിച്ചു. അവിശ്വസനീയം...'. അതിനു മുമ്പെ സ്റ്റേഡിയം ആവേശത്തിലമർന്നിരുന്നു. കമന്ററി ബോക്‌സിൽ എക്‌സ്‌പേർട് ആയി ഉണ്ടായിരുന്ന മുഷ്താഖ് മുഹമ്മദ് ചാടിയെഴുന്നേറ്റിരുന്നു. 
തീപ്പിടിച്ച പുരയിൽ നിന്ന് എന്ന പോലെ മിയാൻദാദും തൗസീഫും പവിലിയനിലേക്ക് കുതിച്ചു. ജനക്കൂട്ടം അവിടേക്ക് ഓടിയെത്തി. മിയാൻദാദ് തന്ത്രപൂർവം ഒഴിഞ്ഞുമാറി. തൗസീഫ് ഓടിയത് ജനക്കൂട്ടത്തിലേക്കാണ്. തൗസീഫിനെ ബൗളർ സാഖിർ ഖാൻ ആലിംഗനം ചെയ്യും മുമ്പ് ഒരു പോലീസുകാരൻ തള്ളി വീഴ്ത്തി. ലാത്തി കൊണ്ട് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിക്കുകയായിരുന്നു അയാൾ. 'മുമ്പിൽ വന്നു ചാടി എന്നെ തട്ടിയിടുകയായിരുന്നു' എന്നാണ് അതേക്കുറിച്ച് തൗസീഫ് പറയുന്നത്. 
ആ ഒരു ഷോട്ട് നാഴികക്കല്ലായിരുന്നു. ഒന്നരപ്പതിറ്റാണ്ടോളമായി പാക്കിസ്ഥാൻ നടത്തുന്ന പ്രയത്‌നത്തിന്റെ സാഫല്യം. അതിലൂടെ പാക്കിസ്ഥാന് കിട്ടിയത് മികച്ച കളിക്കാരുടെ കാമ്പാണ്. കളി അതിവേഗം പ്രചരിച്ചു. അബ്ദുൽ ഹഫീസ് കർദാറിന്റെയും നൂർ ഖാന്റെയും മികച്ച ക്രിക്കറ്റ് ഭരണം, ഡിപ്പാർട്‌മെന്റൽ ക്രിക്കറ്റിന്റെ വളർച്ച, ടി.വി, പണം....
പിന്നീട് 1992 ലെ ലോകകപ്പ് വിജയം വരെ പാക്കിസ്ഥാനായിരുന്നു വെസ്റ്റിൻഡീസിനൊപ്പം ലോകത്തിലെ മികച്ച ടീം. 1993 വരെ ഒരു ടെസ്റ്റ് പരമ്പര മാത്രമാണ് പാക്കിസ്ഥാൻ തോറ്റത്. 1985-95 പതിറ്റാണ്ടിൽ വെറും മൂന്നും. ഷാർജക്കു പുറത്തും നിരവധി ടൂർണമെന്റുകൾ ജയിച്ചു. 1999 വരെ 36 പരമ്പരകളിൽ ആറെണ്ണം മാത്രമാണ് പാക്കിസ്ഥാൻ തോറ്റത്. 
തന്റെ മൂഡനുസരിച്ചാണ് മിയാൻദാദ് ആ ഇന്നിംഗ്‌സിനെ വിവരിക്കുക. ചിലപ്പോൾ ദൈവം തന്ന സമ്മാനമാണെന്നു പറയും. 'എന്നും ഓർമിക്കുന്ന ഒരു മുഹൂർത്തം സമ്മാനിക്കണമേയെന്ന് ദൈവത്തോട് എന്നും പ്രാർഥിക്കാറുണ്ട്. എനിക്കു മുമ്പും വലിയ കളിക്കാരുണ്ടായിട്ടുണ്ട്. അവരിൽ പലരും ഓർമിക്കപ്പെടുന്നില്ല. കളി എനിക്ക് പട്ടാളക്കാരന്റെ സേവനം പോലെയാണ്, ഈ വലിയ മുഹൂർത്തത്തിനായി മരിച്ചാലും പ്രശ്‌നമില്ല. അത് രക്തസാക്ഷിത്വം പോലെയാണ്. ആ ഇന്നിംഗ്‌സ് ഒരു സിനിമ പോലെയാണ്. അവസാന പന്തുകളിൽ ലോകത്തിലെ മികച്ച ഫീൽഡർക്ക് ഇത്ര അടുത്തു നിന്ന് എറിഞ്ഞിട്ടും സ്റ്റമ്പുകൾ മിസ്സായി എന്ന് വിശ്വസിക്കാനാവുന്നില്ല. 'റണ്ണൗട്ടിൽ നിന്ന് രക്ഷപ്പെട്ടു, അതിനു മുമ്പ് ഒരു ബൗണ്ടറി തടയപ്പെട്ടു, ഒടുവിൽ അവസാന പന്തിൽ സിക്‌സർ. അതൊക്കെ വിവരിക്കുക അസാധ്യം. അത് ദൈവത്തിന്റെ സമ്മാനം തന്നെ'.
മറ്റു ചിലപ്പോൾ യുക്തിപരമായി വിലയിരുത്തും. 'ഞാൻ ക്രീസിലെത്തുമ്പോൾ ഏതാനും വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. അവസാനം വരെ ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. തോറ്റാലും വലിയ മാനക്കേടില്ലാതെ രക്ഷപ്പെടാൻ. ക്രമേണ സാഹസം കാട്ടാൻ തുടങ്ങി. നന്നായി ഓടി കൂടുതൽ റൺസെടുക്കാനാണ് ശ്രമിച്ചത്. ഇടക്ക് ഓരോ ബൗണ്ടറി അടിച്ചു. 20 ഓവർ ബാക്കിയുള്ളപ്പോഴും 9-10 റൺസ് നിരക്കിൽ വേണമായിരുന്നു. അപ്പോഴാണ് മനസ്സിൽ പദ്ധതി ആസൂത്രണം ചെയ്തു തുടങ്ങിയത്. ഓരോ ഓവറിലും എത്ര റൺസെടുക്കണം, എവിടെ അടിക്കണം, ആരെ ആക്രമിക്കണം. അവസാന പന്താവുമ്പോഴേക്കും ഞാനൊരു കംപ്യൂട്ടറായി. ചേതൻ എന്തു ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതിനാൽ ക്രീസിന് ഏറെ പുറത്ത് നിന്നു. അതിനാൽ യോർക്കറിനുള്ള ശ്രമമായിട്ടും അത് ഫുൾ ടോസ് പോലെ ആയി. ബാറ്റ് ആഞ്ഞു വീശി. കണക്ട് ചെയ്തപ്പോൾ തന്നെ അതെവിടേക്കാണെന്ന് ഉറപ്പായിരുന്നു'.
(കടപ്പാട്: ക്രിക്ഇൻഫൊ) 

Latest News