ദുബായ് - ലെഫ്. ഖദീജ അൽബലൂഷി, പുരുഷന്മാർ മാത്രം അപേക്ഷിക്കുന്ന ദുബായ് പോലീസ് കുറ്റാന്വേഷണ വിഭാഗത്തിലെ പെൺപുലിയായി എത്തിയ ഈ 22 വയസ്സുകാരി ശ്രദ്ധേയയാകുന്നു. ദുബായ് പോലീസിലെ ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ (സി.എസ്.ഐ) വിഭാഗത്തിൽ ജോലി ഏറ്റെടുക്കുന്ന ആദ്യത്തെ വനിതയാണ് ഇവർ.
കുറ്റകൃത്യങ്ങൾ നടന്ന പ്രദേശങ്ങളിലെത്തി മൃതശരീരം പരിശോധിക്കുക, സംശയാസ്പദമായ വിരലടയാളങ്ങൾ ശേഖരിക്കുക തുടങ്ങിയ ഒട്ടനവധി ജോലികളാണ് ഈ വിഭാഗത്തിൽ ചെയ്യാനുള്ളത്. സാധാരണഗതിയിൽ ജോലിയുടെ സ്വഭാവം നോക്കി വനിതകൾ ഈ ഉത്തരവാദിത്തം ഏറ്റെടുക്കാറില്ല. എന്നാൽ ഖദീജ ധൈര്യസമേതം ഈ ജോലി ഏറ്റെടുത്തിരിക്കുകയാണ്.
ഫോറൻസിക് ആന്റ് ക്രിമിനോളജി വിഭാഗത്തിലാണ് ഖജീദയുടെ ജോലി. യു.എ.ഇയിൽ ഒരു വനിതക്ക് ഒന്നും അസാധ്യമല്ലെന്ന് തെളിയിക്കുകയാണ് അവർ. പല രാജ്യങ്ങളും ഈ മേഖലയിലേക്ക് പുരുഷന്മാരെ മാത്രം പരിഗണിക്കുമ്പോഴാണ് യു.എ.ഇയിൽ ഒരു വനിത ഈ ജോലി തെരഞ്ഞെടുത്തിരിക്കുന്നത്. ദുബായ് പോലീസിൽ ജോലി ചെയ്യുക എന്നത് സ്വപ്‌നമായിരുന്നുവെന്നും ഈ ജോലി എന്തുകൊണ്ട് തനിക്ക് ചെയ്തുകൂടാ എന്ന് തോന്നിയതുകൊണ്ടാണ് ഏറ്റെടുത്തതെന്നും ഖദീജ പറഞ്ഞു.
പരിശീലനം പൂർത്തിയാക്കി ട്രെയിനിംഗ് അക്കാദമിയിൽ ജോലിയിൽ പ്രവേശിച്ചതിന്റെ ആവേശത്തിലാണ് ഖദീജ. അമിതമായി മരുന്ന് കഴിച്ച് മരണപ്പെട്ട 30കാരിയുടെ മൃതദേഹം പരിശോധിക്കുകയായിരുന്നു ആദ്യത്തെ ജോലി. മരണകാരണം കൃത്യമായി വെളിപ്പെടുത്തുന്ന റിപ്പോർട്ടാണ് ഈ അന്വേഷണത്തിനു ശേഷം ഖദീജ സമർപ്പിച്ചത്. വനിതാ ശാക്തീകരണത്തിൽ യു.എ.ഇക്കുള്ള താൽപര്യവും പരിഗണനയും എടുത്തുകാട്ടുന്നതാണ് ഖദീജയുടെ ഈ നിയോഗം.