Sorry, you need to enable JavaScript to visit this website.

സൗദിയിൽ വിമാനയാത്രക്ക് വാക്‌സിൻ, യാത്ര മുടങ്ങിയാലും പണം തിരികെ ലഭിക്കും

റിയാദ്-സൗദിയിൽ വിമാന യാത്ര വാക്‌സിൻ സ്വീകരിച്ചവർക്കും കോവിഡ് രോഗബാധയില്ലാത്തവർക്കും മാത്രമായി ക്രമപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിന്റെ പേരിൽ യാത്ര മുടങ്ങുന്നവർക്ക് ടിക്കറ്റ് തുക തിരികെ നൽകുമെന്ന് ജനറൽ അഥോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. ഇതിന്റെ പേരിൽ മുടങ്ങുന്നവരുടെ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കുമെന്നാണ് അഥോറിറ്റിയുടെ അറിയിപ്പിലുള്ളത്. സൗദിയിൽനിന്ന് വിമാനത്തിൽ കയറാൻ ബോർഡിംഗ് പാസ് ഇഷ്യൂ ചെയ്യാൻ പുതിയ വ്യവസ്ഥകൾ ബാധകമാക്കിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനാണ് വെള്ളിയാഴ്ച അറിയിച്ചത്. 'തവക്കൽനാ' ആപ്പിൽ വാക്‌സിൻ സ്വീകരിച്ചവർ, രോഗബാധ സ്ഥിരീകരിക്കാത്തവർ എന്നീ ആരോഗ്യ നില പ്രത്യക്ഷപ്പെടുന്നവർക്കു മാത്രമേ ഇനി മുതൽ ബോർഡിംഗ് പാസുകൾ ഇഷ്യു ചെയ്യുകയുള്ളൂവെന്ന് അതോറിറ്റി പറഞ്ഞു. സർക്കാർ, സ്വകാര്യ വകുപ്പുകൾ പേപ്പർ സർട്ടിഫിക്കറ്റുകൾ ആവശ്യമില്ല. ഇതിന് പകരം 'തവക്കൽനാ' ആപ്പ് മതിയെന്നുമാണ് ജി.എ.സി.എ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ യാത്രക്കാരുടെ ഫ്‌ളൈറ്റ് വിവരങ്ങളെയും 'തവക്കൽനാ' ആപ്പിലെ ആരോഗ്യ നിലയെയും എത്രയും വേഗം ബന്ധിപ്പിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.  പുതിയ സംവിധാനം നിലവിൽ വരുന്നതോടെ വാക്‌സിൻ സ്വീകരിച്ചവർ, രോഗബാധ സ്ഥിരീകരിക്കാത്തവർ എന്നിവക്ക് വ്യത്യസ്തമാണ് 'തവക്കൽനാ' ആപ്പിലെ ആരോഗ്യനിലയെങ്കിൽ ടിക്കറ്റ് ബുക്കിംഗ് റദ്ദാക്കിയതായി എസ്.എം.എസ്സുകൾ വഴി യാത്രക്കാരെ ഓട്ടോമാറ്റിക് രീതിയിൽ അറിയിക്കുകയാണ് ചെയ്യുക. 
നിലവിൽ സൗദിയിൽനിന്ന് യാത്ര ചെയ്യണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമുണ്ടെങ്കിലും അത് തവൽക്കൽനാ ആപ്പുമായി ബന്ധിപ്പിച്ചിരുന്നില്ല. വാക്‌സിൻ സ്വീകരിച്ചവരുടെ വിവരങ്ങൾ തവൽക്കൽനാ ആപ്പിൽ രേഖപ്പെടുത്തും.
 

Latest News