ന്യൂദല്‍ഹി- കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രികളിലുണ്ടായ കടുത്ത ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തിരക്കിട്ട നടപടികള്‍ ആരംഭിച്ചു. ജര്‍മനിയില്‍ നിന്ന് 23 മൊബൈല്‍ ഓക്‌സിജന്‍ ഉല്‍പ്പാദന പ്ലാന്റുകള്‍ വിമാന മാര്‍ഗം ഇന്ത്യയിലെത്തിക്കാന്‍ ശ്രമങ്ങളാരംഭിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഈ പ്ലാന്റുകള്‍ക്ക് മിനിറ്റില്‍ 40 ലീറ്റര്‍ ഓക്‌സിജന്‍ ഉല്‍പ്പാദിക്കാന്‍ ശേഷിയുണ്ടാകും. ഓരോ മണിക്കൂറിലും 2400 ലീറ്റര്‍ ഒരു പ്ലാന്റ് ഉല്‍പ്പാദിപ്പിക്കും. സേനയുടെ കീഴിലുള്ള ആംഡ് ഫോഴ്‌സ് മെഡിക്കല്‍ സര്‍വീസസ് ആശുപത്രികളില്‍ കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ഇതുപയോഗിക്കുമെന്ന് പ്രതിരോധ മന്ത്രാലയം മുഖ്യ വക്താവ് എ ഭരത് ഭൂഷന്‍ ബാബു പറഞ്ഞു. ഇവ വേഗത്തില്‍ കൈകാര്യം ചെയ്യാവുന്നതും കൊണ്ടുനടക്കാവുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് സാഹചര്യത്തെ നേരിടാനുള്ള സൗകര്യങ്ങളൊരുക്കാന്‍ കൂടുതല്‍ അടിയന്തിര സാമ്പത്തികാധികാരങ്ങള്‍ നാലു ദിവസം മുമ്പ് സേനകള്‍ക്കു സര്‍ക്കാര്‍ നല്‍കിയിരുന്നു. ഈ അധികാരം ഉപയോഗിച്ചാണ് ജര്‍മനിയില്‍ നിന്ന് ഓക്‌സിജന്‍ പ്ലാന്റുകള്‍ എത്തിക്കുന്നത്. ഇവ ഒരാഴ്ചയ്ക്കകം ഇന്ത്യയിലെത്തുമെന്നും സേന അറിയിച്ചു. വിദേശത്തു നിന്നും കൂടുതല്‍ ഓക്‌സിജന്‍ ഉല്‍പ്പാദന പ്ലാന്റുകള്‍ വാങ്ങുമെന്നും വക്താവ് അറിയിച്ചു.






