Sorry, you need to enable JavaScript to visit this website.
Sunday , May   16, 2021
Sunday , May   16, 2021

അൽ ഇഹ്‌സാൻ അഥവാ മനുഷ്യ സേവനത്തിന്റെ വേറിട്ട മാതൃക 


മരണം ആർക്ക്, എപ്പോൾ സംഭവിക്കുമെന്ന് പറയാനാവില്ല. ആർക്ക് സംഭവിച്ചാലും അത് സൃഷ്ടിക്കുന്ന ആഘാതം ചെറുതല്ല. പ്രവാസ ലോകത്താണ് മരണപ്പെടുന്നതെങ്കിൽ സാങ്കേതികമായ നടപടി ക്രമങ്ങളും പൂർത്തിയാക്കേണ്ടി വരും. കോവിഡ് മഹാമാരി സൃഷ്ടിച്ച ഭീഷണമായ സാഹചര്യത്തിൽ ഉറ്റവരും ഉടയവരുമായി എത്രയെത്രയാളുകളാണ് നിത്യവും മരണത്തിന് കീഴടങ്ങുന്നത്. ഈ സന്ദർഭത്തിലാണ് മയ്യിത്ത് പരിപാലന രംഗത്തെ സന്നദ്ധ പ്രവർത്തകരുടെ പ്രസക്തിയും പ്രാധാന്യവും നാം തിരിച്ചറിയുന്നത്.

ഖത്തർ  കേരള മുസ്‌ലിം കൾച്ചറൽ സെന്ററിന്റെ മയ്യിത്ത് പരിപാലന സമിതിയായ അൽ ഇഹ്‌സാൻ മനുഷ്യ സേവനത്തിന്റെ വേറിട്ട മാതൃകയാണ് രചിക്കുന്നത്. ഖത്തറിൽ മരിക്കുന്നവർക്ക് അന്ത്യകർമങ്ങൾക്കുള്ള എല്ലാ സേവനങ്ങൾക്കും സന്നദ്ധരായ എട്ടംഗങ്ങളുടെ നേതൃത്വത്തിലുള്ള ഈ വിഭാഗം സ്തുത്യർഹമായ സേവനങ്ങളിലൂടെയാണ് ജനഹൃദയങ്ങൾ കീഴടക്കുന്നത്. കോവിഡ് മഹാമാരിയുടെ ഭീഷണിയിലും ആശങ്കകൾക്കിടയിലും സജീവമായ അൽ ഇഹ്‌സാൻ മനുഷ്യ സേവനത്തിന്റെ മഹത്വമാണ് അടയാളപ്പെടുത്തുന്നത്. 

സേവനമാവശ്യമുള്ള ഏത് സമയത്തും സേവന സന്നദ്ധരാണ് എന്നതാകാം ഈ കൂട്ടായ്മയുടെ ഏറ്റവും വലിയ പ്രത്യേകത. മത, ജാതി, രാഷ്ടീയ, ദേശ, ഭാഷാ വ്യത്യാസങ്ങൾക്കതീതമായി മനുഷ്യരെ കാണുകയും ഏറെ ആദരവോടെ മൃതശരീരങ്ങളെ അന്ത്യകർമങ്ങൾക്കായി തയാറാക്കുകയും ചെയ്യുന്നുവെന്നതാണ് അൽ ഇഹ്‌സാൻ സൃഷ്ടിക്കുന്ന മനുഷ്യ സേവനത്തിന്റെ വേറിട്ട മാതൃക.

മരണം ആർക്കും എവിടെവെച്ചും സംഭവിക്കും. എന്നാൽ മരിച്ചുകഴിഞ്ഞാലുള്ള നടപടിക്രമങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയണമെന്നില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും ഇവിടെ തന്നെ സംസ്‌കരിക്കുന്നതിനും ചില നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. മഹ്ബൂബ് നാലകത്ത് ചെയർമാനും ഖാലിദ് കല്ലു ജനറൽ കൺവീനറുമായ അൽ ഇഹ്‌സാൻ ഇരുപത്തിനാലു മണിക്കൂറും സേവന സന്നദ്ധരായി രംഗത്തുള്ളത് സമൂഹത്തിന് വലിയ ആശ്വാസമാണ്.

 

കഴിഞ്ഞ ഇരുപതു വർഷത്തോളമായി കെ.എം.സി.സി ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. പതിനഞ്ച് വർഷത്തിലേറെയായി വളരെ സംഘടിതമായ രീതിയിലാണ് മയ്യിത്ത് പരിപാലന സേവനങ്ങൾ നിർവഹിക്കുന്നത്. ആയിരക്കണക്കിന് മൃതദേഹങ്ങൾ നാട്ടിലേക്കയക്കുവാൻ വേണ്ട ഒത്താശകൾ ചെയ്യുവാനായതും നിരവധി മൃതദേഹങ്ങൾ ഇവിടെ തന്നെ സംസ്‌കരിക്കാൻ ഏർപ്പാടുകൾ ചെയ്യാനായതുമൊക്കെ മനസ്സിന് വല്ലാത്ത സന്തോഷം നൽകുന്ന കാര്യമാണെന്ന് മഹ്ബൂബ് നാലകത്തും ഖാലിദ് കല്ലുവും പറഞ്ഞു. ഇന്ത്യക്കാരല്ലാത്ത ബംഗഌദേശ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കുമൊക്കെ ഈ കൂട്ടായ്മ സേവനം ചെയ്യാറുണ്ട്.

ഇന്ത്യൻ എംബസി, സി.ഐ.ഡി, ഹ്യൂമാനിറ്റേറിയൻ സർവീസസ് എന്നിവിടങ്ങളിൽ നിന്നൊക്കെ ലഭിക്കുന്ന സഹകരണമാണ് ഞങ്ങളുടെ സേവനം അനായാസമാക്കുന്നത്. ഏത് പ്രശ്‌നത്തിലും അധികൃതരുടെ പിന്തുണയും സഹായവും വളരെ വലുതാണ്, മഹബൂബ് പറഞ്ഞു.

നിരവധി പേരാണ് ഈയടുത്ത ദിവസങ്ങളിലായി മരണപ്പെടുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ നൂറുകണക്കിനാളുകൾ മരിച്ചു. സാധാരണ ഗതിയിൽ ഒരു വർഷത്തിൽ മരിക്കുന്ന അത്രയും ആളുകൾ മൂന്ന് മാസങ്ങളിൽ മരിച്ചുവെന്നത് ഗുരുതരമായ സാമൂഹ്യാന്തരീക്ഷമാണ് സൂചിപ്പിക്കുന്നത്. അതീവ ജാഗ്രതയോടെ മുന്നോട്ടു പോവേണ്ട നാളുകളാണിത്.
സാധാരണ ഗതിയിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവുകൾ വഹിക്കേണ്ടത് സ്‌പോൺസറോ കമ്പനിയോ ആണ്. ഒരു മയ്യിത്ത് നാട്ടിലേക്കയക്കുവാൻ ഏകദേശം 5000 റിയാലോളം ചെലവ് വരും. സ്‌പോൺസറുടെ കത്തും അടുത്ത ബന്ധുക്കളുടെ സമ്മതവുമുണ്ടെങ്കിലേ കടലാസുകൾ ശരിപ്പെടുത്താനാവുകയുള്ളൂ. 

ഇന്ത്യക്കാരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനും നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും ഇന്ത്യൻ എംബസിയുടെ എൻ.ഒ.സി ആവശ്യമാണ്. ഈ രംഗത്ത് എംബസിയിലെ ദീരജ് കുമാറിന്റെ ആത്മാർഥമായ സഹകരണം പ്രത്യേകം എടുത്തു പറയേണ്ടതാണെന്ന് മെഹബൂബ് പറഞ്ഞു. ഏത് സമയത്തും ബന്ധപ്പെടാവുന്ന ഇന്ത്യൻ എംബസി ഇന്ത്യൻ സമൂഹത്തിന് വലിയ ഭാഗ്യമാണ്. അത്യാവശ്യ ഘട്ടങ്ങളിൽ മൃതദേഹം നാട്ടിലേക്കയക്കാനുള്ള തുകയും എംബസിയുടെ വെൽഫയർ ഫണ്ടിൽ നിന്നും ലഭിക്കാറുള്ള കാര്യം ഖാലിദ് കല്ലു അനുസ്മരിച്ചു.

മയ്യിത്ത് പരിപാലനമെന്നത് ഏറെ പുണ്യമുള്ള പ്രവൃത്തിയാണ്. ജനങ്ങളുടെ നന്ദിയോ പ്രീതിയോ അല്ല ഞങ്ങൾ നോക്കുന്നത്. എങ്കിലും മനസ്സിനെ സ്പർശിക്കുന്ന നിരവധി മുഹൂർത്തങ്ങൾ സേവന രംഗത്തുനിന്നും ലഭിക്കാറുണ്ട്. ഏത് പ്രതിസന്ധിയും പരിഹരിക്കാനും സദാ സേവനനിരതരാകാനും ഊർജം പകരുന്ന ഇത്തരം സന്ദർഭങ്ങൾ നൽകുന്ന അനുഭൂതിയും മാനസിക സംതൃപ്തിയും പറഞ്ഞറിയിക്കാനാവാത്തതാണ്.

 

മരിച്ചു കഴിഞ്ഞാൽ എല്ലാ കേസുകളും ഖത്തർ വിട്ടുകൊടുക്കും. എന്നാൽ ഇമിഗ്രേഷനുമായി ബന്ധപ്പെട്ട ചില കേസുകൾ അവസാന നിമിഷത്തിലേ അറിയൂ. അത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. 

വൈകാരികമായ നിരവധി മുഹൂർത്തങ്ങളാണ് ഈ സേവനങ്ങളിൽ നിന്നും ലഭിക്കുന്നത്. ഒരു രാജസ്ഥാൻകാരൻ സൗദിയിൽ നിന്നും ഖത്തറിൽ ട്രാൻസിറ്റിൽ ഇറങ്ങിയ സന്ദർഭത്തിലാണ് മരിച്ചത്.  ആ മയ്യിത്ത് കയറ്റി അയക്കൽ ഏറെ ശ്രമകരമായിരുന്നു. ആ മയ്യിത്ത് അവിടെയെത്തിയ ശേഷം ബന്ധുക്കൾ അയച്ച സന്ദേശം ഏറെ ഹൃദയത്തെ സ്പർശിക്കുന്നതായിരുന്നു. 

കോവിഡിന്റെ ആദ്യ തരംഗം രൂക്ഷമായി വിമാന സർവീസുകൾ മുടങ്ങിയ നേരത്താണ് മലയാളി യുവാവ് ശിഹാബ് മരണമടഞ്ഞത്. എന്റെ കുട്ടിയുടെ മൃതദേഹം എങ്ങനെയെങ്കിലും കയറ്റിയയക്കണമെന്ന ശിഹാബിന്റെ ഉമ്മയുടെ വാക്കുകൾ മഹബൂബിനും ഖാലിദിനും ഉറക്കം നൽകിയില്ല. 

ശിഹാബിന്റെ കുടുംബത്തെ ഇവിടെ നിർത്തി ആ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ ആ ഉമ്മയുടെ മുഖത്തെ സമാധാനമാണ് ഈ ശ്രമത്തിന് കരുത്തേകിയത്. അങ്ങനെ വൈകാരിക തീവ്രമായ അനുഭവങ്ങളും അനുഭൂതികളുമായി രാവും പകലും മനുഷ്യ സേവനത്തിന്റെ വേറിട്ട മാതൃക സമ്മാനിച്ചാണ് ഈ സേവന സംഘം മുന്നേറുന്നത്.

ഖത്തറിൽ മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് മഹബൂബ് നാലകത്ത് 55202458, ഖാലിദ് കല്ലു 74745838 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Latest News