വിശ്വരാജ്യങ്ങൾ മനപാഠം;   വിസ്മയമായി വിശ്വജിത്ത് 


195 രാജ്യങ്ങളുടെ തലസ്ഥാനങ്ങളും കറൻസികളും കാണാതെ പറയുക ചില്ലറ കാര്യമല്ല. എന്നാൽ കട്ടപ്പന വെള്ളയാംകുടി സ്വദേശി വിശ്വജിത് എന്ന എട്ടു വയസുകാരന്  ഇത് നിസാരം. 5 മിനിറ്റുകൊണ്ട് 195 രാജ്യ തലസ്ഥാനങ്ങളും കറൻസിയും കാണാതെ പറഞ്ഞ് വിശ്വജിത് ഇന്ത്യാബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിക്കുകയും ചെയ്തു. ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സും വിശ്വജിത്തിന്റെ പ്രതിഭ പരിശോധിക്കുകയാണ്.  

കട്ടപ്പന വെള്ളയാംകുടി ഓലിക്കൽ വിപിൻ രാജന്റെയും രജിതയുടെയും മകനായ വിശ്വജിത് അങ്കമാലി പാറ്റ്‌റിക്‌സ് അക്കാദമിയിൽ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. 
ലോകത്തിലെ ഏത് രാജ്യങ്ങളുടെ തലസ്ഥാനവും കറൻസിയും ഈ കൊച്ച് മിടുക്കന് മന:പാഠം. ലോക് ഡൗൺ കാലത്ത്  നോളഡ്ജ് വേൾഡ് വിശ്വജിത്ത് എന്ന യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. വിവിധ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളുടെ തലസ്ഥാനങ്ങളും കറൻസികളും ഇതിലൂടെ അവതരിപ്പിച്ചു. 

തുടർന്നാണ് ലോക രാജ്യങ്ങളുടെ പേരുകളും തലസ്ഥാനങ്ങളും കറൻസികളും കാണാതെ പറഞ്ഞ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിന് അയച്ചുകൊടുത്തത്. അവരുടെ പാനൽ ഓൺലൈനായി ഇത് പരിശോധിക്കുകയും വിശ്വജിത്തിന്റെ കഴിവ് അംഗീകരിക്കുകയും ആയിരുന്നു. കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിലെ സൂപ്പർവൈസറാണ് വിശ്വജിത്തിന്റെ പിതാവ് വിപിൻ രാജൻ. അമ്മ എ. ആർ. രജിത  കാലടി ആദിശങ്കരാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനിയറിംഗ് ആൻഡ്  ടെക്‌നോളജിയിലെ അസിസ്റ്റന്റ് പ്രഫസറാണ്. 

Latest News