Sorry, you need to enable JavaScript to visit this website.

കുട്ടികളുടെ കൂട്ടുകാരാവുക

ജന്മം നൽകിയ പിതാവിന്റെ കരങ്ങളാൽ ഒരു കുഞ്ഞുപൈതൽ നിഷ്ഠുരമായി കൊല ചെയ്യപ്പെട്ട വാർത്ത മലയാളക്കരയെ ആകെ പിടിച്ചുലച്ചിരിക്കുകയാണ്. കടബാധ്യതയാണ് മകളുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ആ നിർദയനായ പിതാവിന്റെ വെളിപ്പെടുത്തൽ ആധുനിക കാലത്ത് മനുഷ്യൻ അനുഭവിക്കുന്ന മാനസിക സംഘർഷത്തിലേക്കും അതിലേക്ക് നയിക്കുന്ന ഘടകങ്ങളിലേക്കും നമ്മുടെ ഒരോരുത്തരുടേയും ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. 

കുടുംബാന്തരീക്ഷങ്ങളിൽ കോവിഡ് വരുത്തിവെച്ച വലിയ തോതിലുള്ള ആഘാതത്തെ കുറിച്ച് കൂടി ഇത്തരം സംഭവങ്ങൾ നമ്മെ ഓർമിപ്പിക്കുന്നുണ്ട്. പല വീടുകളിലും ജോലി നഷ്ടപ്പെട്ട മാതാപിതാക്കൾ, ശമ്പളം മുടങ്ങിയവർ, വലിയ കടബാധ്യതകൾ കൊണ്ട് ബുദ്ധിമുട്ടുന്നവരെല്ലാം തീക്ഷ്ണമായ ആത്മസംഘർഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇങ്ങനെ പ്രാരാബ്ധങ്ങളുടെ ഇടയിൽ പെട്ട് ഉഴലുന്നവർ ജീവിതം തന്നെ വേണ്ടെന്നുവെക്കാൻ അവിവേകികൾ ഒരു വേള ചിന്തിച്ചു പോവുന്നത് മാനാഭിമാനത്തോടെ ജീവിക്കാൻ കഴിയാതെ വരുമെന്ന് തോന്നുന്നതിനാലായിരിക്കണം. 

മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ലോകം നീങ്ങുന്നത്. പലരും അക്ഷരാർത്ഥത്തിൽ ദരിദ്രരും പട്ടിണിപ്പാവങ്ങളുമായി മാറിക്കൊണ്ടിരിക്കുകയാണ്. 
കാർഷിക രംഗത്തും തൊഴിൽ രംഗത്തും കോവിഡ് മൂലമുണ്ടായ പ്രത്യാഘാതങ്ങൾ ഇനിയും ലോകം അനുഭവിക്കാനിരിക്കുന്നേയുള്ളൂ. വകതിരിവില്ലാത്തവരുടെ ധൂർത്തും ദുരഭിമാനവുംവരുത്തിത്തീർക്കുന്ന ദാരിദ്ര്യം അനുഭവിക്കേണ്ടി വരുന്നവർ കൂടുതലും കുട്ടികളും സ്ത്രീകളുമാണ്. ദാരിദ്ര്യത്തിന്റെ ഏറ്റവും വലിയ ഇരകൾ അന്നം കിട്ടാതെ ബുദ്ധിമുട്ടുന്ന കുട്ടികൾ തന്നെയായിരിക്കണം. 70 രാജ്യങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ 45 ശതമാനം കുട്ടികൾക്ക് കോവിഡ് കാരണം ആവശ്യത്തിന് വേണ്ട ഭക്ഷണവും വെള്ളവുംവിദ്യാഭ്യാസവും ലഭ്യമായിട്ടില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.

വേണ്ടത്ര പോഷകാംശം കിട്ടാതെ നിരവധി കുട്ടികൾ അനാരോഗ്യത്തിലകപ്പെട്ടിട്ടുണ്ട് എന്നാണ് യൂനിസെഫ്പുറപ്പെടുവിച്ച കണക്ക് പറയുന്നത്. പലയിടങ്ങളിലും പഠനം പാതിവഴിയിൽ നിർത്തേണ്ടി വന്ന വിദ്യാർത്ഥികൾ ആകെ അങ്കലാപ്പിലാണ്. 214 മില്യൺ വിദ്യാർത്ഥികൾക്ക് അവരുടെ പഠനം പാതിവഴിയിൽ അനിശ്ചിതത്വത്തിലായതായും വിലയിരുത്തപ്പെടുന്നുണ്ട്. പല സർക്കാരുകളും സത്വരമായ നടപടികൾ വിദൂര വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ സ്വീകരിച്ചിട്ടുണ്ടെങ്കിലും അതൊക്കെയും പൂർണാർഥത്തിൽ വിജയിച്ചു എന്ന് പറയാറായിട്ടില്ല. കുട്ടികളുടെ ആരോഗ്യവും അതിജീവനവും കോവിഡ് കാലത്ത് വലിയ വെല്ലുവിളികൾ തന്നെ ഉയർത്തിയിട്ടുണ്ട് എന്നർത്ഥം. കഴിഞ്ഞ ദശകങ്ങളിൽ ലോകം നേടിയെടുത്ത മുന്നേറ്റങ്ങളെ പിന്നോട്ട് വലിക്കുന്ന തരത്തിലാണ് കുട്ടികളുടെ ലോകം എന്ന് കാണാവുന്നതാണ്. 

ലക്ഷക്കണക്കിന് കുട്ടികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധങ്ങളായ ആരോഗ്യ പ്രശ്‌നങ്ങളാൽ നീറുന്നുണ്ട്. ആവശ്യത്തിനുള്ള വാക്‌സിൻ ലഭ്യതക്കുറവ്, കലാലയ ദിനങ്ങളുടെ അഭാവം,മാതാപിതാക്കളുടെ വരുമാനത്തിൽ വന്ന കുറവ് തുടങ്ങിയവ കുട്ടികളുടെ വളർച്ചയെപ്രതികൂലമായി ബാധിച്ചതായി കാണാം. മുഴുസമയവും വീട്ടിൽ തന്നെ കഴിയേണ്ടിവരുന്ന കുട്ടികൾ കുടുംബത്തിലുണ്ടാക്കുന്ന ആത്മസംഘർഷങ്ങൾ കാരണം ഗാർഹിക അന്തരീക്ഷത്തിലെ മാനസികാരോഗ്യം വളരെ കുറഞ്ഞു വരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. വീടുകളിൽ നടക്കുന്ന അക്രമ പ്രവണതകൾ വർധിച്ചതായി പഠനങ്ങൾ കാണിക്കുന്നു. ഓരോ ദിവസവും ഒരു പെൺകുട്ടിയുടെ ജീവിതം കീഴ്‌മേൽ മറിയുന്നതായിട്ടാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. കുട്ടികളുടെ സ്വഭാവ രൂപീകരണം താറുമാറായതായി അധിക രക്ഷിതാക്കളും പരാതിപ്പെടുന്നുണ്ട്. 

കുട്ടികളെ സൃഷ്ടിപരമായി അവരുടെ സമയം വിനിയോഗിക്കാൻ രക്ഷിതാക്കൾ ബോധപൂർവം ശ്രമിച്ചേ മതിയാവൂ. മുറ്റത്തു മണ്ണപ്പം ചുട്ടു കളിക്കുന്ന, നാട്ടുമാവിൻ ചോട്ടിൽ കാറ്റുതിർക്കുന്ന മധുര മാമ്പഴം കാത്തിരിക്കുന്ന പഴയകാലത്തെ കുട്ടികൾ ഇപ്പോൾ കേവലം മുതിർന്നവരുടെ ഓർമകളിൽ മാത്രമേ ഉള്ളൂ. മൊബൈൽ ഫോണിൽ ഓൺ ലൈൻ ഗേമിംഗിൽ വ്യാപൃതരായികണ്ണ് ക്ഷീണിക്കുകയും അലസ ശരീരം വീർത്തു തടിക്കുകയും ചെയ്യുന്ന കുട്ടികളാണിപ്പോൾ വീടിന്റെ അകത്തളങ്ങളിൽ അധികവും.

അവരുടെ ഒഴിവും സമയം കൂടുതൽ സർഗാത്മകമായി ഉപയോഗപ്പെടുത്താനും സൃഷ്ടിപരമായ വിനോദങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിടാനും രക്ഷിതാക്കൾ സമയം കണ്ടെത്തണം. അതിനായി ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. 

മക്കളുടെ കലാപരമായ ശേഷി കണ്ടെത്തി അവ പ്രോത്സാഹിപ്പിക്കാനും പരിശീലനം നൽകാനും മുൻഗണന നൽകുക; മക്കൾ പതിവായി ചെയ്യുന്ന കാര്യങ്ങളിൽ നിന്ന് ഭിന്നമായി ചില പുതിയ കാര്യങ്ങൾ ചെയ്യാനും അവയിൽ താൽപര്യം ജനിപ്പിക്കാനുമുതകുന്ന ചർച്ചയും കൂട്ടുകെട്ടും പരിപോഷിപ്പിക്കുക; അയൽക്കൂട്ടങ്ങളുടെയും റസിഡൻസ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ സ്‌കിൽ ഗ്രൂപ്പുകളുണ്ടാക്കി ഓൺലൈൻ പഠന പരിശീലന പരിപാടികൾക്ക് രൂപം നൽകുക തുടങ്ങിയവ അവയിൽ ചിലതാണ്. രക്ഷിതാക്കളുടെ മികച്ച സൗഹൃദങ്ങളും ബന്ധങ്ങളും ഒരു പരിധി വരെ ഇതിനായി ഉപയോഗപ്പെടുത്തുന്നത് ഉചിതമായിരിക്കും. 

വീട്ടിലിരുന്നു തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രതിഭാശാലികളും അനുഭവ സമ്പന്നരുമായി ആശയ വിനിമയം ചെയ്യാൻ കുട്ടികൾക്ക് അവസരമൊരുക്കണം.ഊൺ, ഉറക്കം, ഉദ്യോഗം എന്നീ മൂന്ന് കാര്യങ്ങളിൽ മാത്രം ഒതുങ്ങിപ്പോകരുത് രക്ഷിതാക്കളുടെ രാപ്പകലുകൾ. കുടുബത്തോടൊത്തുള്ള ഉല്ലാസവും ഏറെ പ്രധാനപ്പെട്ടതാണ് എന്നോർക്കണം. 
കുട്ടികൾക്ക് ഒഴിവു സമയത്തെ ആസ്വദിക്കാൻ ഉതകുന്ന തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ, കരകൗശല പരിശീലന പരിശ്രമങ്ങൾ മുതലായവ സൗകര്യപ്പെടുത്താൻ രക്ഷിതാക്കൾ ജാഗ്രത കാണിക്കണം. കുട്ടികളോടൊത്ത് ഇടയ്ക്ക് നാട്ടിടവഴിയിലൂടെ നടന്നു പരിസരത്തെ വിസ്മയങ്ങളും കാഴ്ചകളും കാണാൻ അവരെ പ്രാപ്തരാക്കുന്നതും അയൽപക്ക ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതും നല്ലതായിരിക്കും. 

സ്വന്തം കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക മാത്രം ചെയ്താൽ പോരാ. അവരുടെ കൂട്ടുകാരെ കുറിച്ചും അവരുടെ കഴിവുകളെ കുറിച്ചും കൂടി അന്വേഷിക്കണം. അവയെക്കുറിച്ച് മറ്റുള്ളവരോട് പറയുകയും ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകുകയും വേണം. മുമ്പെങ്ങും കേട്ടുകേൾവിയില്ലാത്ത അതിതീവ്ര പരീക്ഷണ ഘട്ടത്തിലൂടെ ലോകം കടന്നുപോവുമ്പോൾ പരസ്പരം താങ്ങാവുകയും തണലാവുകയും ചെയ്യുന്നതോടൊപ്പം മാനസികമായ പിൻബലം ഉറപ്പാക്കി ജീവിതത്തിലെ വലിയ വെല്ലുവിളികളെ തരണം ചെയ്യാനുള്ള മികച്ച പരിശീലനവും പക്വതയും പ്രദാനം ചെയ്യേണ്ടതുംഉത്തരവാദിത്ത ബോധമുള്ള രക്ഷിതാക്കളുടെ കടമയാണ്.
 
വീട്ടിൽ പൂന്തോട്ടം ഒരുക്കാനും വീട്ടുമൃഗങ്ങളെ വാങ്ങി വളർത്താനും വീട്ടിലെ ഫർണിച്ചറുകൾ പുനഃക്രമീകരിക്കാനുമൊക്കെയുള്ളഅവസരവും സഹായവും മാർഗ നിർദേശങ്ങളും നൽകി അവർക്ക് കൂട്ടാവണം. നല്ല പുസ്തകങ്ങൾ ലഭ്യമാക്കി വായിപ്പിക്കുകയും വായിച്ച പുസ്തകങ്ങളെ കുറിച്ച് പ്രഭാഷണം ചെയ്യിപ്പിക്കുകയും പുതിയ രീതിയിൽ എഴുതി ശീലിപ്പിക്കുകയുംഎഴുതുന്ന കാര്യങ്ങൾ വായിച്ച് കേൾപ്പിക്കുകയും ചെയ്യാനുതകുന്ന തരത്തിൽ രണ്ടാഴ്ചയിലൊരിക്കലെങ്കിലും കുടുംബ യോഗങ്ങൾ സംഘടിപ്പിക്കുന്നത് ഏറെ ഫലപ്രദമായിരിക്കും. കുടുംബത്തിലെ ഒരുപാട് പ്രശ്‌നങ്ങൾ പരിഹരിക്കാനും ലഘൂകരിക്കാനും കൂട്ടായ തീരുമാനങ്ങൾ കൈക്കൊള്ളാനുമെല്ലാം അത്തരം കൂടിയിരുത്തങ്ങൾ സഹായിക്കുമെന്നറിയുക.

Latest News