ആലക്കോട്- സൗഹൃദം നടിച്ച് വലയില്‍ വീഴ്ത്തി ഭര്‍തൃമതിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ് പൂവത്ത് വാടക വീട്ടില്‍ താമസിക്കുന്ന വെളിയത്ത് സുമോദ് ജോസിനെ (38)യാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍ അറസ്റ്റു ചെയ്തത്.
ആലക്കോട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പെട്ട 42 കാരിയായ ദളിത് യുവതിയാണ് പരാതിക്കാരി. ഇരുവരും നേരത്തെ കരുവഞ്ചാലിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. ഇതിനിടയിലാണ് സൗഹൃദത്തിലായത്. 2019 ഒക്ടോബര്‍ മുതല്‍ ഇക്കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കാലയളവില്‍ പല തവണ കൂട്ടിക്കൊണ്ടുപോയി തടിക്കടവ്, കല്ലൊടി, പൂവം എന്നിവിടങ്ങളിലെ വാടകവീടുകളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിതുടങ്ങിയതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. സുമോദിന്റെ സ്വഭാവദൂഷ്യം ശ്രദ്ധയില്‍പ്പെട്ട സ്ഥാപന അധികൃതര്‍ ഒന്നര വര്‍ഷം മുമ്പ് ഇയാളെ ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇപ്പോള്‍ തളിപ്പറമ്പിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയാണ്. ഇവിടെ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നേരത്തെ കര്‍ണാടകയില്‍ ജോലി ചെയ്തിരുന്ന പ്രതി അവിടെയും സമാനമായ കുറ്റകൃത്യങ്ങള്‍ നടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡു ചെയ്തു.