ദോഹ- ഖത്തറില്‍ നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരുവാന്‍ മന്ത്രി സഭ തീരുമാനിച്ചു. പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ്് വഴി നടന്ന യോഗമാണ് നിലവിലെ കോവിഡ് പ്രതിരോധ നടപടികള്‍ തുടരുവാന്‍ തീരുമാനിച്ചത്.
രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ പൊതുജനാരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയുടെ വിശദീകരണത്തെ തുടര്‍ന്നാണ് നിലവിലെ നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകുവാന്‍ മന്ത്രി സഭ തീരുമാനിച്ചതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, ഖത്തറില്‍ ഹോം ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
പൊതുജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനും കൊറോണ വൈറസ് വ്യാപനം തടയുന്നതിനും ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. അറസ്റ്റ് ചെയ്ത വ്യക്തികളെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറും.
മുഹമ്മദ് ഹസന്‍ അല്‍ ദഹ് നിമാണ് അറസ്റ്റിലായത്.
വീട്ടില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ പൊതുജനങ്ങളുടെ സുരക്ഷ മാനിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
സ്വദേശികളും വിദേശികളും നിയമ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ സഹകരിക്കുകയും മഹാമാരിയെ പ്രതിരോധിക്കുവാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയും വേണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.






