ദുബായ്- യു.എ.ഇയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കത്താവര്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ ആലോചിക്കുന്നു. കോവിഡ് മുന്‍കരുതലുകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് ചില സ്ഥലങ്ങളില്‍ പ്രവേശനവും ചില സേവനങ്ങളും നിഷേധിക്കാനാണ് ആലോചിക്കുന്നതെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് അതോറിറ്റി(എന്‍.സി.ഇ.എം.എ) സൂചിപ്പിച്ചു.
ഇനിയും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാതെ മടിച്ചുനില്‍ക്കുന്നവരാണ് ലക്ഷ്യം നേടുന്നതില്‍ തടസ്സമെന്ന് അതോറിറ്റി പ്രസ്താവനയില്‍ ഉണര്‍ത്തി. ഇതുവഴി നിങ്ങള്‍ നിങ്ങളുടെ കുടുംബങ്ങളേയും പ്രിയപ്പെട്ടവരേയും തന്നെയാണ് അപകടത്തിലാക്കുന്നത്. വാക്‌സിന്‍ സ്വീകരിക്കുക വഴി സമൂഹത്തിന്റെ പ്രതിരോധ ശേഷി ഉയര്‍ത്താനും മഹാമാരിയെ തടയാനും സാധിക്കും- പ്രസ്താവനയില്‍ തുടര്‍ന്നു.
യു.എ.ഇയില്‍ ഇതുവരെ 97,88,826 ഡോസ് കോവിഡ് വാക്‌സിനാണ് നല്‍കിയത്. 100 പേരില്‍ 98.97 ശതമാനത്തിനും വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു.
രണ്ട് ഡോസും വാക്‌സിനെടുത്തവരില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ നാമമാത്രമാണെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും വാക്‌സിന്‍ ഫലപ്രാപ്തി വെരിഗുഡില്‍നിന്ന് എക്‌സലന്റിലേക്ക് മാറിയെന്നും എന്‍സിഇഎംഎ പ്രസ്താവനയില്‍ പറഞ്ഞു.