Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബീച്ചുകളിലെത്തുന്ന കമിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾ വ്യാപകമാകുന്നു

പ്രതിയായവരിലൊരാൾ സാമൂഹ്യപ്രവർത്തകനും ട്രോമാ കെയർ അംഗവുമായ ജെയ്‌സൽ താനൂർ

മലപ്പുറം- ജില്ലയിലെ ബീച്ചുകളിലെത്തുന്ന കമിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾ വ്യാപകമാകുന്നു. ബീച്ചിലെത്തുന്ന യുവതീ-യുവാക്കളുടെ വീഡിയോ ചിത്രങ്ങളെടുത്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. കഴിഞ്ഞ ദിവസം താനൂരിലെ ബീച്ചിൽ കമിതാക്കൾക്കുണ്ടായ അനുഭവം പുറത്തു വന്നതോടെയാണ് ഇത്തരം സംഭവങ്ങൾ ഏറെ നടക്കുന്നതായി പരാതികൾ ഉയർന്നിട്ടുള്ളത്.
സാമൂഹ്യപ്രവർത്തകനും ട്രോമാ കെയർ അംഗവുമായ ജെയ്‌സൽ താനൂർ കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു ബ്ലാക്ക്‌മെയിലിംഗ് നടത്തിയതിനെ തുടർന്ന് പോലീസ് കേസെടുത്തിരുന്നു.
രണ്ടു വർഷം മുമ്പ് പ്രളയകാലത്ത് ദുരന്തത്തിൽ പെട്ടവരെ സ്വന്തം ജീവൻ പണയപ്പെടുത്തിയും രക്ഷിച്ച സാമൂഹ്യപ്രവർത്തകൻ ജെയ്‌സൽ താനൂരാണ് ബ്ലാക്‌മെയിലിംഗ് പരാതിയിൽ പ്രതിയായത്. ഇയാൾക്കെതിരെ യുവതി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്. 


Read More: സദാചാര ഗുണ്ടായിസം, പിടിച്ചുപറി, പ്രളയകാല ഹീറോ ജെയ്‌സൽ താനൂരിനെതിരെ കേസ് 


ബീച്ചിലെത്തിയ യുവതിയെയും യുവാവിനെയും ജെയ്‌സൽ ബ്ലാക്‌മെയിൽ ചെയ്ത് പണം തട്ടിയെന്നാണ് പരാതി. ഇവർ ബീച്ചിലിരിക്കുമ്പോൾ ജെയ്‌സൽ ഭീഷണിപ്പെടുത്തിയെന്നും ഒരു ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടെന്നും യുവതി പരാതിയിൽ പറഞ്ഞു. 5000 രൂപ ജെയ്‌സലിന് നൽകിയെന്നും ബാക്കി തുക പിന്നീട് നൽകാമെന്ന് പറഞ്ഞാണ് രക്ഷപ്പെട്ടതെന്നും യുവതി പറഞ്ഞിരുന്നു. താനൂരിൽ ബീച്ച് കേന്ദ്രീകരിച്ച് സദാചാര പോലീസ് ചമഞ്ഞ് പണം അപഹരിക്കുന്നത് നിത്യ സംഭവമാണെന്ന് നാട്ടുകാർ പറയുന്നു. ബീച്ചിൽ എത്തുന്നവരെ രഹസ്യമായി നിരീക്ഷിച്ച് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയാണ് ഒരു സംഘം ആളുകൾ ബ്ലാക്ക് മെയിൽ ചെയ്യുന്നത്. താനൂർ കടപ്പുറത്തെ തൂവൽ തീരം ബീച്ചിൽ വരുന്നവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം വിലസുന്നുണ്ട്. പങ്കാളികളുമായി ബീച്ചിൽ എത്തുന്നവരെ ലക്ഷ്യമിട്ടാണ് ഇത്തരക്കാരുടെ പ്രവർത്തനം. പണം നൽകാൻ തയ്യാറാകാത്തവരെ ഭീഷണിപ്പെടുത്തും. പണം നൽകിയ പലരും മാനഹാനി ഭയന്ന് സംഭവം പുറത്ത് പറയാറില്ല. ഇത്തരത്തിലുള്ള സംഭവങ്ങൾ ജില്ലയിലെ മറ്റു ബീച്ചുകളിലുമുണ്ടെന്നും പരാതികളുണ്ട്. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ജെയ്‌സലിനെ ട്രോമ കെയർ അംഗത്വത്തിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്.


 

Latest News