Sorry, you need to enable JavaScript to visit this website.

സദാചാര ഗുണ്ടായിസം, പിടിച്ചുപറി, പ്രളയകാല ഹീറോ ജെയ്‌സൽ താനൂരിനെതിരെ കേസ് 

മലപ്പുറം- 2018-ലെ പ്രളയകാലത്ത് വീട്ടിൽ അകപ്പെട്ടവർക്ക് തോണിയിൽ ചവിട്ടി കയറാൻ സ്വന്തം പുറം  കാട്ടിക്കെടുത്ത് ശ്രദ്ധേയനായ സാമൂഹ്യപ്രവർത്തകൻ ജെയ്‌സൽ താനൂരിനെതിരെ കേസ്. താനൂർ ഒട്ടുംപുറം തൂവൽ തീരത്തിലെത്തിയ യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ ജെയ്‌സൽ താനൂരിനെതിരെ താനൂർ പോലീസ് കേസെടുത്തു. 
ജയ്‌സൽ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും 5000 രൂപ വാങ്ങിയെന്നും പരാതിയിൽ പറയുന്നു. കേസിൽ ജെയ്‌സലിനൊപ്പം മറ്റൊരാൾ കൂടി പ്രതിയാണ്. ഇരുവരും ഒളിവിലാണെന്നും പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ പതിനഞ്ചിനാണ് സംഭവമുണ്ടായത്. താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിലെത്തിയ യുവതിയുടെയും യുവാവിന്റെ ചിത്രങ്ങൾ പകർത്തിയ ജയ്‌സൽ ഒരു ലക്ഷം രൂപ തന്നില്ലെങ്കിൽ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. അതോടെ യുവാവ് സുഹൃത്തിന്റെ ഗൂഗിൾ പേ വഴി ജെയ്‌സലിന് 5000 രൂപ നൽകി. ബാക്കി പണം പിന്നീട് നൽകാമെന്ന് പറഞ്ഞ് രക്ഷപ്പെട്ടു. ഇതിനുശേഷം പോലീസിൽ പരാതി നൽകുകയായിരുന്നു. 

2018ലെ പ്രളയകാലത്തെ രക്ഷാപ്രവർത്തനം നടത്തിയ ജെയ്‌സൽ ശ്രദ്ധേയനായിരുന്നു. നിരവധി പുരസ്‌കാരങ്ങളും ഇയാൾക്ക് ലഭിച്ചു. ഒരു വാഹന നിർമാതാക്കൾ വാഹനവും സമ്മാനിച്ചിരുന്നു.
 

Latest News