Sorry, you need to enable JavaScript to visit this website.

 മരക്കാര്‍ മെയ് 13ന് റിലീസ് ചെയ്യില്ലെന്ന് നിര്‍മ്മാതാക്കള്‍

പെരുമ്പാവൂര്‍- വീണ്ടും വമ്പന്‍ റിലീസുകള്‍  മാറ്റിവെക്കാനൊരുങ്ങി നിര്‍മ്മാതാക്കള്‍. കോവിഡ് വീണ്ടും ഗുരുതര പ്രതിസന്ധി തീര്‍ത്തതോടെയാണ് തീരുമാനം. ഇതേ അവസ്ഥ തുടര്‍ന്നാല്‍ മെയ് 13ന് മരക്കാര്‍ റിലീസ് ചെയ്യില്ലെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. റിലീസ് നിലവില്‍ മാറ്റിവച്ചിട്ടില്ല. മരയ്ക്കാറിന്റെ റിലീസ് മേയ് 13നാണ് നിശ്ചയിച്ചിരുന്നത്. ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ ആ സമയത്ത് റിലീസ് ചെയ്യില്ല. പക്ഷെ നിലവില്‍ റിലീസിംഗ് മാറ്റിവച്ചിട്ടില്ല. ഹിന്ദിയിലും തെലുങ്കിലുമെല്ലാം ബിഗ് ബജറ്റ് ചിത്രങ്ങള്‍ മാറ്റിവച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ പെരുന്നാള്‍  പോലുള്ള സമയത്ത് തിയറ്ററുകളില്‍ സിനിമകളുണ്ടാവില്ലെന്നും ആന്റണി പെരുമ്പാവൂര്‍. ഈ അവസ്ഥയില്‍ വലിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ സാധ്യതയില്ല. വീണ്ടും തിയറ്ററുകള്‍ തുറന്നപ്പോള്‍ കുറെ ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നു. അവയ്ക്ക് അര്‍ഹമായ കളക്ഷന്‍ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. എന്നാല്‍ തിയറ്ററുകള്‍ അടച്ചിടാനുള്ള തീരുമാനത്തോട് യോജിക്കാനാകില്ലെന്നും ആന്റണി പെരുമ്പാവൂര്‍. തിയറ്ററുകള്‍ തുറന്നുവയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ചെലവ് നികത്താനുള്ള ഒരു വരുമാനം നിലവിലെ സാഹചര്യത്തില്‍ ലഭിക്കില്ല. 
100 കോടി ബജറ്റില്‍ പൂര്‍ത്തിയായ ആദ്യമലയാള ചിത്രം കൂടിയായ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' 2020 മാര്‍ച്ച് റിലീസായാണ് നിശ്ചയിച്ചിരുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസ് നീട്ടിവെക്കുകയായിരുന്നു. മലയാളത്തിന് പുറമേ ഇതരഭാഷകളിലേക്കും ചൈനീസ് പതിപ്പായും ചിത്രം തിയറ്ററുകളിലെത്തും. ആന്റണി പെരുമ്പാവൂരിനൊപ്പം ഡോ.റോയ് സി.ജെ, സന്തോഷ് ടി.കുരുവിള എന്നിവരാണ് നിര്‍മ്മാണം.
 

Latest News