Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ രാജ്യങ്ങളില്‍ പ്രവേശന വിലക്ക് വരുന്നു; ആശങ്കയോടെ ഗള്‍ഫ് പ്രവാസികള്‍

ദുബായ്- കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ രാജ്യങ്ങള്‍ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. യു.കെയില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വെള്ളിയാഴ്ച പ്രാബല്യത്തില്‍ വരികയാണ്.
യു.കെയിലേക്ക് താല്‍ക്കാലികമായി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ ഇന്ത്യയേയും ഉള്‍പ്പെടുത്തിയതിനെ തുടർന്നാണിത്.


പ്രയാസകരമാണ് തീരുമാനമെങ്കിലും വേറെ നിര്‍വാഹമില്ലെന്നാണ് യു.കെ.ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞത്. വെള്ളിയാഴ്ച രാവിലെ മുതല്‍ ഇന്ത്യയില്‍നിന്ന് വരുന്ന യു.കെ, ഐറിഷ് പൗരന്മാര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
വിസ്തര, എയര്‍ ഇന്ത്യ, വിര്‍ജിന്‍ അറ്റ്‌ലാന്റിക്‌സ ബ്രിട്ടീഷ് എയര്‍വേസ് എന്നിവയാണ് നിലവില്‍ ഇന്ത്യയില്‍നിന്ന് യു.കെയിലേക്ക് സര്‍വീസ് നടത്തുന്നത്.


ഇന്ത്യയില്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണ്.
പുതിയ റിപ്പോര്‍ട്ടുകള്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികളെ വലിയ ആശങ്കയിലക്കിയിരിക്കയാണ്.
സൗദി അറേബ്യ അടുത്ത മാസം 17ന് അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണെങ്കിലും ഇന്ത്യയിലേക്കുള്ള സര്‍വീസിന്റെ കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകാനുള്ള സാധ്യത കുറയുകയാണെന്ന് ട്രാവല്‍ വൃത്തങ്ങള്‍ പറയുന്നു.

സൗദിയും ഇന്ത്യയും തമ്മില്‍ പരിമിത സര്‍വീസുകള്‍ക്കായുള്ള എയര്‍ ബബിള്‍ കരാര്‍ പോലും നിലവിലില്ല. ഇന്ത്യയില്‍നിന്ന് വരുന്നവര്‍ക്ക് സൗദിയില്‍ വിലക്കുണ്ട്. യാത്ര പുറപ്പെടുന്നതിന് 14 ദിവസത്തിനിടെ ഇന്ത്യയില്‍ താമസിച്ചവര്‍ക്കാണ് നിലവില്‍ വിലക്കുള്ളത്.

ഇന്ത്യയിലേക്ക് ഇപ്പോള്‍ പോയാല്‍ തിരിച്ചുവരവ് തടസ്സപ്പെടുമോ എന്ന ആശങ്ക കാരണം എല്ലാ ജി.സി.സി രാജ്യങ്ങളിലും പ്രവാസികള്‍ യാത്ര മാറ്റിവെക്കുകയാണ്. പെരുന്നാള്‍ നാട്ടില്‍ ചെലവഴിക്കാമെന്നാണ് പലരും കണക്കു കൂട്ടിയിരുന്നത്.

 

Latest News