VIDEO റെയില്‍വെ ജീവനക്കാരന്റെ സാഹസിക നീക്കം; ട്രെയ്‌നിനു മുന്നിലേക്ക് വീണ കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മുംബൈ- റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ നിന്നും പാഞ്ഞടുക്കുന്ന ട്രെയ്‌നു മുന്നിലേക്കു വീണ കുട്ടിയെ ജീവന്‍ പണയംവച്ച് ഓടിയെത്തി രക്ഷപ്പെടുത്തി റെയില്‍വെ ജീവനക്കാരന്‍ ഹീറോ ആയി. വംഗാനി റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് റെയില്‍വെ ജീവനക്കാരന്‍ മയൂര്‍ ഷെല്‍ക്കെയുടെ സാഹസിക രക്ഷാപ്രവര്‍ത്തനം പുറം ലോകം അറിയുന്നത്. ഒരു സ്ത്രീയുടെ കൈ പിടിച്ച് പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്നതിനിടെയാണ് കുട്ടി ട്രാക്കിലേക്ക് വീണത്. മലര്‍ന്നടിച്ച് വീണ കുട്ടി എഴുന്നേറ്റ് തിരികെ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒരു വശത്തു നിന്നും ട്രെയന്‍ പാഞ്ഞടുത്തത്. ഇതു കണ്ട ജീവനക്കാരന്‍ ട്രാക്കിന്റെ എതിര്‍വശത്തു നിന്നും ഓടിയെത്തി കുട്ടിയെ വാരിയെടുത്ത് ഞൊടിയിടയില്‍ പ്ലാറ്റ്‌ഫോമിലേക്ക് തിരികെ കയറുകയായിരുന്നു. അപ്പോഴേക്കും ട്രെയ്ന്‍ ഇവരേയും കടന്നു പോയിരുന്നു. 

ഈ വിഡിയോ കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയലും ട്വീറ്ററില്‍ പങ്കുവെച്ചു. മന്ത്രി മയൂര്‍ ഷെല്‍ക്കെയെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ മയൂര്‍ കാണിച്ച സാഹസികതയില്‍ റെയില്‍വേക്ക് അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.

Latest News