റിയാദ്- കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ജീവന് നഷ്ടമാകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്ലീസ് ഇന്ത്യ പ്രതിഷേധിച്ചു.
രാജ്യത്ത് ആയിരങ്ങള്‍ കോവിഡ് ബാധിച്ച് മരിച്ച് വീഴുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കരുതെന്നും മെഡിക്കല്‍ ജീവനക്കാരുടെ ഭാവി സുരക്ഷിതമാക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും പ്ലീസ് ഇന്ത്യ ചെയര്മാന് (പ്രവാസി ലീഗല്‍ എയിഡ് സെല്‍ ) ലത്തീഫ് തെച്ചിയും ഗ്ലോബല്‍ ഡയരക്ടര്‍ അഡ്വ. ജോസ് അബ്രഹാമും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകരും കോവിഡ് പ്രവര്‍ത്തനങ്ങളിലേക്കു തിരിച്ചുവന്ന വിരമിച്ച ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പെടെ രാജ്യത്തെ 20 ലക്ഷത്തോളം പേര്‍ക്കായി കഴിഞ്ഞവര്‍ഷം മാര്‍ച്ച് 30 മുതലാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് പ്രഖ്യാപിച്ചത്.
പദ്ധതിയുടെ കീഴില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിരുന്നത് 90 ദിവസത്തേക്കുള്ള താല്‍ക്കാലിക പദ്ധതി ആയിട്ടായിരുന്നു. അത് മൂന്ന് തവണ നീട്ടി ഒരു വര്‍ഷം നടപ്പിലാക്കി. എന്നാല്‍ മാര്‍ച്ച് 24 ന് ഈ പദ്ധതിയുടെ കാലാവധി അവസാനിച്ചപ്പോള്‍ പുതിയൊരു പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിനെക്കുറിച്ച് വ്യക്തമായ തീരുമാനം ഉണ്ടാവും മുമ്പാണ് ഇപ്പോള്‍ നല്കി വരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ത്തലാക്കിയിരിക്കുന്നതെന്ന് പ്രസ്താവനയില്‍ പറഞ്ഞു.