നല്ല തടിമിടുക്കുണ്ടായിരുന്ന കുഞ്ഞാപ്പയുടെ കളി ആരാധകരെ ഹരം കൊള്ളിച്ചു. 1960 മുതൽ '80 വരെയുള്ള രണ്ടു പതിറ്റാണ്ട്, സെവൻസ് മൽസരങ്ങളിൽ കുഞ്ഞാപ്പയുടെ പൂക്കാലമായിരുന്നു. മുൻ ഇന്ത്യൻ താരം ഉലകനാഥൻ, മൈസൂരിന്റെ പടക്കുതിരകളായ പാപ്പണ്ണ, രാമണ്ണ, അക്ഷയ, ആരോഗ്യസ്വാമി തുടങ്ങിയ സൂപ്പർ താരങ്ങളോടൊപ്പം അണിനിരന്ന കുഞ്ഞാപ്പയുടെ കേളീശൈലി തീർത്തും വ്യത്യസ്തമായിരുന്നുവത്രേ. സ്‌പോർട്‌സ്മാൻ സ്പിരിറ്റ് കളയാതെത്തന്നെ കടിഞ്ഞാൺ പൊട്ടിയ കുതിരയെ തളയ്ക്കുന്ന അശ്വാരൂഢന്റെ അഭ്യാസമായിരുന്നു എതിർകളിക്കാരുടെ നേരെ കുഞ്ഞാപ്പ പയറ്റിയതെന്ന് മലപ്പുറത്തെ പഴയ തലമുറ ഓർക്കുന്നു.
മലബാറിലെ സെവൻസ് ഫുട്‌ബോളുകളിലെ മുടിചൂടാമന്നനായിരുന്നു കഴിഞ്ഞയാഴ്ച പെരിന്തൽമണ്ണയിൽ നിര്യാതനായ കുഞ്ഞാപ്പ. മഞ്ചേരി റോവേഴ്‌സ്, പെരിന്തൽമണ്ണ ഖാദർ ആന്റ് അലി സ്മാരക ക്ലബ് എന്നീ ബാനറുകളിലുള്ള പ്രശസ്ത ടൂർണമെന്റുകൾ ഒരു കാലത്ത് മലപ്പുറം ജില്ലയിലെ കിടയറ്റ ഫുട്‌ബോൾ താരങ്ങളുടെ പരിശീലനക്കളരി കൂടിയായിരുന്നു. മഞ്ചേരി, മലപ്പുറം, പെരിന്തൽമണ്ണ, അരീക്കോട്, മമ്പാട്, കാളികാവ്, കൊണ്ടോട്ടി തുടങ്ങിയ ചെറുതും വലുതുമായ ഗ്രൗണ്ടുകളിൽനിന്ന് കളി പഠിച്ച നിരവധി സംസ്ഥാന- ദേശീയ താരങ്ങളെയാണ് പിൽക്കാലത്ത് മലപ്പുറം സംഭാവന ചെയ്തത്. അവരിലേറെപ്പേരും സെവൻസുകൾക്ക് വേണ്ടിയാണ് ആദ്യം ബൂട്ട് കെട്ടിയത്. ആ കളിക്കാരുടെയൊക്കെ മാർഗദർശികളിലൊരാൾ കൂടിയായിരുന്നു പെരിന്തൽമണ്ണക്കാരുടെ പ്രിയപ്പെട്ട 'കുഞ്ഞാപ്പാക്ക'.
ഖാദർ ആന്റ് അലി ക്ലബ്ബിന്റേയും ഒപ്പം മലബാറിലെ നിരവധി ടീമുകൾക്ക് ആതിഥേയത്വം നൽകിയ പരമ്പരാഗത ടൂർണമെന്റിന്റേയും പിന്നിലെ കരുത്ത് കൂടിയായിരുന്നു കളിക്കളങ്ങളിൽ പ്രതിരോധ കവചം തീർത്ത കുഞ്ഞാപ്പ.
പെരിന്തൽമണ്ണ എലൈറ്റ് ടെയ്‌ലേഴ്‌സ് ഉടമയായിരുന്ന കുഞ്ഞാപ്പ സതേൺ റെയിൽവെ ഇൻസ്റ്റിറ്റിയൂട്ട്, യംഗ് ചാലഞ്ചേഴ്‌സ്, ബ്ലാക്ക് ആന്റ് വൈറ്റ് തുടങ്ങിയ കോഴിക്കോടൻ ടീമുകളുടേയും ഉരുക്ക് കോട്ടയായിരുന്നുവെന്ന് പഴയ തലമുറയിലെ കളിക്കമ്പക്കാർ ഓർക്കുന്നുണ്ടാകും.

ഓർമയുടെ ആൽബം.. 1971 ൽ മമ്പാട് സെവൻസിനെ വിജയത്തിലെത്തിച്ച ടീമംഗങ്ങൾ. നിൽക്കുന്നവരിൽ വലത്തുനിന്ന് മൂന്നാമത് കുഞ്ഞാപ്പ. ഇടത്തുനിന്ന് രണ്ടാമത് ദേശീയ പി ആന്റ് ടി താരവും ജിദ്ദ സിഫ് മുൻ സാരഥിയുമായ മലപ്പുറത്തെ മച്ചിങ്ങൽ അഹമ്മദ് കുട്ടി.
സ്റ്റോപ്പർ കുഞ്ഞാപ്പ എന്നും കൊലകൊല്ലി കുഞ്ഞാപ്പ എന്നും ഈ കളിക്കാരൻ അറിയപ്പെട്ടു. കളി ജയിക്കാൻ 'റഫ് ടാക്ലിംഗ്' കുഞ്ഞാപ്പയുടെ കാലിന്റെ വികൃതിയായിരുന്നുവെന്ന് അദ്ദേഹത്തോടൊപ്പം കളിച്ചിട്ടുള്ള പഴയ ദേശീയ പി.ആന്റ് ടി. താരം മലപ്പുറത്തെ മച്ചിങ്ങൽ അഹമ്മദ്കുട്ടി അനുസ്മരിക്കുന്നു. ആരുമറിയാതെയുള്ള ഈ പരുക്കൻ തന്ത്രം എതിർ ഫോർവേഡുകളിൽ ഭീതി നിറച്ചിരുന്നു. എന്തു വില കൊടുത്തും തന്റെ ടീമിനെ ജയിപ്പിക്കുകയെന്നത് മാത്രമായിരുന്നു കുഞ്ഞാപ്പയുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ തന്റെ ടീമിന്റെ ഡിഫൻസ് ഏരിയയിൽ കുഞ്ഞാപ്പ പലപ്പോഴും 'വല്യാപ്പ'യായി മാറുന്നു.
പല തവണ കോഴിക്കോട് ജില്ലാ ടീമിനെ പ്രതിനിധീകരിച്ചിട്ടുള്ള കുഞ്ഞാപ്പ ഡ്യൂറന്റ്, ഫെഡറേഷൻ കപ്പുകൾക്ക് വേണ്ടി ഇന്ത്യയുടെ പല ഭാഗങ്ങളിൽ നടന്ന മൽസരങ്ങളിൽ വിവിധ ടീമുകളുടെ ജഴ്‌സിയണിഞ്ഞിട്ടുണ്ട്. ഒറ്റപ്പാലം ഉമാ ഇൻവെസ്റ്റ്‌മെന്റ്‌സ്, കണ്ണൂർ സാധു ബീഡി, ഒലവക്കോട് സെവൻ ബ്രദേഴ്‌സ് എന്നീ ടീമുകളുടെ ശക്തനായ ഡിഫൻഡറായിരുന്നു. ഗ്യാലറികളെ പുളകം കൊള്ളിച്ച നിരവധി സേവിംഗുകൾ കുഞ്ഞാപ്പയുടെ കളി ബുക്കിലുണ്ട്. സ്വന്തമായി ഒരു സെവൻസ് ടീമും കുഞ്ഞാപ്പയുടേതായുണ്ടായിരുന്നു, പെരിന്തൽമണ്ണ എലൈറ്റ് ബ്ലൂസ്.
ടീം സ്പിരിറ്റ്, ആത്മാർഥത, ഒത്തൊരുമ, അളന്നുമുറിച്ച പാസുകൾ- 1980 വരെ കളിക്കളങ്ങളിൽ ഇടിത്തീയായിരുന്ന കുഞ്ഞാപ്പയുടെ ഗുണങ്ങൾ ഇതൊക്കെയാണെന്ന് പെരിന്തൽമണ്ണയിലെ പ്രമുഖ ഫുട്‌ബോൾ സംഘാടകരിലൊരാളായ കെ.പി.എം സക്കീർ അഭിപ്രായപ്പെടുന്നു. മരിക്കുന്നതിന് ഏതാനും നാൾ മുമ്പ് 47ാമത് ഖാദറലി ഫുട്‌ബോളിന്റെ നിർവാഹക സമിതി യോഗത്തിലും ട്രഷറർ കൂടിയായ കുഞ്ഞാപ്പ സജീവമായി പങ്കെടുത്തിരുന്നു. സീസൺ ടിക്കറ്റ് ഉദ്ഘാടനം അദ്ദേഹമാണ് നിർവഹിച്ചത്. കെ.എഫ്.എയിലും സെവൻസ് ഫുട്‌ബോൾ അസോസിയേഷനിലും അംഗം കൂടിയായിരുന്നു അദ്ദേഹം.

അവസാന ചടങ്ങ്: പെരിന്തൽമണ്ണ ഖാദറലി ഫുട്‌ബോൾ ടൂർണമെന്റിന്റെ സീസൺ ടിക്കറ്റ് വിൽപനച്ചടങ്ങിൽ കുഞ്ഞാപ്പ. (ഇരിക്കുന്നവരിൽ വലത്തേ അറ്റത്ത്).
ഒലവക്കോട് സെവൻ ബ്രദേഴ്‌സ് ടീം എഴുപതുകളിൽ ഏറെ പ്രശസ്തമായിരുന്നു. അന്നത്തെ പാലക്കാട്ടെ പ്രമുഖ കളിക്കാരായിരുന്ന ശങ്കരൻ, ഹനീഫ, ഹുസൈൻ, വാസു തുടങ്ങിയവരോടൊപ്പം തമിഴ്‌നാട്ടിലടക്കം നിരവധി ടൂർണമെന്റുകളിൽ ഒലവക്കോടിന് വേണ്ടി വിജയക്കൊടി നാട്ടിയതിൽ കുഞ്ഞാപ്പയുടെ പങ്ക് പഴയ ആളുകൾക്ക് വിസ്മരിക്കാനാവില്ല. കളിക്കളത്തിൽ തന്റെ ടീമിന്റെ വിജയത്തിനായി കാർക്കശ്യം കാട്ടിയിരുന്നുവെങ്കിലും കളം വിട്ടാൽ നൂറു ശതമാനവും ജെന്റിൽമാനായിരുന്നു കുഞ്ഞാപ്പ.
കോഴിക്കോട് ജില്ലാ ലീഗ് ഫൈനൽ റൗണ്ടിൽ യംഗ് ചാലഞ്ചേഴ്‌സിനെതിരെ (ഈ ടീം പല തവണ വിജയത്തിലെത്തിയതും ഇവരുടെ ജഴ്‌സിയണിഞ്ഞിരുന്ന കുഞ്ഞാപ്പയുടെ ഡിഫൻസ് മികവ് കാരണമായിരുന്നു) റെയിൽവെ ഇൻസ്റ്റിറ്റിയൂട്ടിനു വേണ്ടി കുഞ്ഞാപ്പ ഒന്ന് കയറിക്കളിച്ച ചരിത്രവുമുണ്ട്. രണ്ടു ഗോളുകളും കുഞ്ഞാപ്പയുടെ വക. ഗ്യാലറികൾ ആർത്തിരമ്പി. പിന്നീട് കെ.എഫ്.എ ജോയന്റ് സെക്രട്ടറിയായിരുന്ന പി. ശങ്കരനായിരുന്നു അന്ന് കുഞ്ഞാപ്പയ്ക്ക് പാസ് നൽകിയതും റെയിൽവെയെ വിജയത്തിന്റെ ട്രാക്കിലെത്തിച്ചതും.
നല്ല തടിമിടുക്കുണ്ടായിരുന്ന കുഞ്ഞാപ്പയുടെ കളി ആരാധകരെ ഹരം കൊള്ളിച്ചു. 1960 മുതൽ '80 വരെയുള്ള രണ്ടു പതിറ്റാണ്ട്, സെവൻസ് മൽസരങ്ങളിൽ കുഞ്ഞാപ്പയുടെ പൂക്കാലമായിരുന്നു. മുൻ ഇന്ത്യൻ താരം ഉലകനാഥൻ, മൈസൂരിന്റെ പടക്കുതിരകളായ പാപ്പണ്ണ, രാമണ്ണ, അക്ഷയ, ആരോഗ്യസ്വാമി തുടങ്ങിയ സൂപ്പർ താരങ്ങളോടൊപ്പം അണിനിരന്ന കുഞ്ഞാപ്പയുടെ കേളീശൈലി തീർത്തും വ്യത്യസ്തമായിരുന്നുവത്രേ. സ്‌പോർട്‌സ്മാൻ സ്പിരിറ്റ് കളയാതെത്തന്നെ കടിഞ്ഞാൺ പൊട്ടിയ കുതിരയെ തളയ്ക്കുന്ന അശ്വാരൂഢന്റെ അഭ്യാസമായിരുന്നു എതിർകളിക്കാരുടെ നേരെ കുഞ്ഞാപ്പ പയറ്റിയതെന്ന് മലപ്പുറത്തെ പഴയ തലമുറ ഓർക്കുന്നു.
സോക്കർ പ്രേമികളുടെ മനസ്സിൽ മായാത്ത ചിത്രങ്ങൾ കൊത്തിവെച്ചാണ് പെരിന്തൽമണ്ണ ജൂബിലിറോഡ് കാവുങ്ങൽപറമ്പ് നെച്ചിയിലകത്തെ വീട്ടിൽ ആ ജീവിതത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങിയത്.






