ഭോപ്പാല്‍- മധ്യപ്രദേശില്‍ പത്ത് കോവിഡ് രോഗികള്‍ ഓക്സിജന്‍ സിലിണ്ടറിലെ താഴ്ന്ന മര്‍ദ്ദം കാരണം മരിച്ചുവെന്ന റിപ്പോർട്ടുകള്‍ നിഷേധിച്ച് ആശുപത്രി അധികൃതരും ജില്ലാ ഭരണകൂടവും രംഗത്ത്.
മധ്യപ്രദേശിലെ ഷാഹോല്‍ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് 10 കോവിഡ് രോഗികള്‍ മരിച്ചത്. ആറു രോഗികള്‍ മാത്രമാണ് കഴിഞ്ഞ ദിവസം രാത്രി ഐ.സി.യുവില്‍ മരിച്ചതെന്നും ഓക്സിജന്‍ സിലിണ്ടറിലെ പ്രശ്നങ്ങളല്ല കാരണമെന്നും മെഡിക്കല്‍ കോളേജ് ആശുപത്രി ഡീന്‍ ഡോ. മിലിന്ദ് ഷിരാല്‍ക്കര്‍ പറഞ്ഞു.
ഓക്സിജന്റെ അഭാവമോ ഓക്സിജന്‍ സിലിണ്ടറിലെ മര്‍ദ്ദമോ മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ സത്യേന്ദ്ര സിങ്ങും വിശദീകരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എല്ലായ്പ്പോഴും ജംബോ സിലിണ്ടറുകള്‍ ലഭ്യമാണെന്നും അവർ അവകാശപ്പെട്ടു.
ഐസിയുവില്‍ 62 ഗുരുതര രോഗികളുണ്ട്. മൊത്തത്തില്‍ 255 രോഗികളാണ് കോവിഡ് ആശുപത്രിയിലുണ്ടായിരുന്നത്. ഇതില്‍ 155 പേര്‍ക്ക് ഓക്സിജനുണ്ടായിരുന്നുവെന്നും മെഡിക്കല്‍ കോളജില്‍ ജംബോ സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നത് തുടരുകയാണെന്നും ഡോ.മിലിന്ദ് പറഞ്ഞു.
അതേസമയം, ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മൂലമാണ് രോഗികള്‍ മരിക്കാനിടയായതെന്ന നിലപാടില്‍ ബന്ധുക്കള്‍ ഉറച്ചുനില്‍ക്കുകയാണ്. രാത്രിസമയത്ത് ഓക്സിജന്റെ അളവ് 91 ശതമാനത്തിന് മുകളിലായിരുന്നു. രാവിലെ ആശുപത്രി ജീവനക്കാര്‍ പറഞ്ഞു ഓക്സിജന്റെ അളവ് കുറവാണെന്ന്. അവര്‍ ഞങ്ങളെ അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. പക്ഷേ, എങ്ങനെയോ ഞങ്ങള്‍ അകത്തുകയറി. രോഗികളുടെ ശരീരങ്ങള്‍ തണുത്തിരിക്കുന്നതായി കണ്ടു. ഇത് ആശുപത്രി ഭരണകൂടത്തിന്റെ പൂര്‍ണപരാജയമാണെന്ന് ബന്ധുക്കളില്‍ ഒരാള്‍ പറഞ്ഞു.