Sorry, you need to enable JavaScript to visit this website.

'മരണത്തിന്റെ വ്യാപാരി' പ്രയോഗം പിണറായിയെ തിരിഞ്ഞു കുത്തുന്നു; രൂക്ഷ വിമർശനവുമായി കെ.സുധാകരൻ

കണ്ണൂർ - 'മരണത്തിന്റെ വ്യാപാരി' പ്രയോഗം മുഖ്യമന്ത്രി പിണറായി വിജയനെ തിരിഞ്ഞു കുത്തുന്നു. കോവിഡ് പ്രോട്ടോകോൾ ലംഘന വിവാദം കത്തിനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ.സുധാകരനും രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലാണ് സുധാകരൻ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചത്. കേന്ദ്ര മന്ത്രി വി.മുരളീധരന്റെ കോവിഡിയറ്റ് പ്രയോഗത്തിന്റെ അലയൊലി മായും മുമ്പേയാണ് കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ടിന്റെ മരണ വ്യാപാരി പ്രയോഗമെന്ന ആക്രമണം.


ആരാണ് യഥാർഥത്തിൽ മരണത്തിന്റെ വ്യാപാരി എന്ന ചോദ്യത്തോടെയാണ് സുധാകരന്റെ പോസ്റ്റ് ആരംഭിക്കുന്നത്. കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ച കാലത്ത് യു.ഡി.എഫ് നേതാക്കളെ പിണറായി അടക്കമുള്ള സി.പി.എം നേതാക്കളും സൈബർ സഖാക്കളും ബോധപൂർവം സൃഷ്ടിച്ചെടുത്ത് ആക്ഷേപിച്ചതായിരുന്നു മരണത്തിന്റെ വ്യാപാരി എന്ന പ്രയോഗം.
മഹാമാരിയെ ഒരുമിച്ച് നിന്ന് നേരിടുന്നതിന് പകരം, എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാനാണ് കോവിഡ് കാലം പിണറായി ഉപയോഗിച്ചത്. എതിരാളികളെ മാത്രമല്ല, കൂടെ നിൽക്കുന്നതിൽ നാളെ തനിക്ക് ഭീഷണിയാവുമെന്ന് കരുതുന്നവരെ പോലും ഒതുക്കാൻ കോവിഡ് രാഷ്ട്രീയത്തെ സമർഥമായി പിണറായി ഉപയോഗിച്ചുവെന്നതാണ് ചരിത്രം. കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ രോഗം ബാധിച്ച ഇടുക്കിയിലെ കോൺഗ്രസ് നേതാവിനേയും, വാളയാർ അതിർത്തിയിൽ നാട്ടുകാരെ സഹായിക്കാൻ പോയ യു.ഡി.എഫ് പ്രതിനിധികളെയും അധിക്ഷേപിക്കാൻ പിണറായി ഉപയോഗിച്ചത് മരണത്തിന്റെ വ്യാപാരികൾ എന്നായിരുന്നു. സി.പി.എം നേതാക്കളും സൈബർ സഖാക്കളും ഇത് ഏറ്റു പാടിയെന്നും സുധാകരൻ പോസ്റ്റിൽ കുറിക്കുന്നു.


മരണത്തിന്റെ വ്യാപാരി എന്ന വാക് പ്രയോഗം പിണറായിയെ ഇപ്പോൾ തിരിഞ്ഞു കുത്തുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകയാവേണ്ട മുഖ്യമന്ത്രി തന്നെ കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയിരിക്കുന്നു. ഏപ്രിൽ 4 മുതൽ തന്നെ കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി കോഴിക്കോട് മെഡിക്കൽ കോളേജിലെ അധികൃതർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ക്വാറന്റൈനിൽ പോകാതെ ധർമ്മടത്തെ റോഡ് ഷോയിൽ പങ്കെടുത്ത മുഖ്യമന്ത്രിയുടെ പ്രവൃത്തി ശരിയാണോ എന്ന് സുധാകരൻ ചോദിക്കുന്നു. 


ഏപ്രിൽ 6 ന് വോട്ടു ചെയ്യുന്ന ദിവസം നിരവധി പേരുമായി ഇടപഴകിയതും പ്രോട്ടോകോൾ ലംഘനമല്ലേ? രോഗം സ്ഥിരീകരിച്ച ശേഷവും കോവിഡ് നെഗറ്റീവായ ഭാര്യക്കൊപ്പം കാറിൽ യാത്ര ചെയ്തതിന് എന്താണ് ന്യായീകരണം? മുഖ്യമന്ത്രി പ്രോട്ടോകോൾ ലംഘനം മാത്രമല്ല, ഗുരുതരമായ ചട്ട ലംഘനം കൂടിയാണ് നടത്തിയത്. ശരിയായി മാസ്‌ക് ധരിക്കാത്ത പാവപ്പെട്ടവന്റെ പോക്കറ്റടിക്കുന്ന പോലീസിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിക്ക് ഇന്നാട്ടിലെ നിയമ വ്യവസ്ഥ ബാധകമല്ലേയെന്നും സുധാകരൻ ചോദിക്കുന്നു. കോവിഡ് കാലത്ത് പകർന്നാടിയ പിണറായിയുടെ പൊയ്മുഖം തകർന്നു വീണിരിക്കുന്നു. വൈകുന്നേരങ്ങളിൽ ചാനലുകൾക്ക് മുന്നിലുള്ള അഭിനയം കേരള ജനത കൃത്യമായി തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും, വരും തലമുറ പിണറായിയെക്കുറിച്ച് ഓർക്കുമ്പോൾ മരണത്തിന്റെ വ്യാപാരി എന്നാവും പറയുകയെന്നും സുധാകരൻ പോസ്റ്റിൽ കുറിക്കുന്നു.

 

Latest News