വെൽഫെയർ പാർട്ടി ദശവാർഷിക  പരിപാടികൾക്ക് നാളെ തുടക്കം 

തിരുവനന്തപുരം - വെൽഫെയർ പാർട്ടി പത്താം വാർഷിക ആഘോഷ പരിപാടികൾക്ക് നാളെ തുടക്കം കുറിക്കും. സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തിന് പത്ത് പോരാട്ട വർഷങ്ങൾ എന്ന പേരിൽ ഒരു വർഷം നീളുന്ന വിവിധ പരിപാടികളാണ് കേരളത്തിൽ നടക്കുകയെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

2011 ഏപ്രിൽ 18 നാണ് ദൽഹിയിലെ മാവ്‌ലങ്കാർ ഹാളിലാണ് വെൽഫെയർ പാർട്ടി രൂപീകരണ പ്രഖ്യാപനം നടന്നത്. സാമൂഹ്യ നീതി, നവജനാധിപത്യം, സാഹോദര്യം, മൂല്യാധിഷ്ഠിത രാഷ്ട്രീയം എന്നീ രാഷ്ട്രീയാടിത്തറകളിൽ നിലയുറപ്പിച്ചാണ് കഴിഞ്ഞ കാലയളവിൽ പാർട്ടി പ്രവർത്തിച്ചത്. സംഘ്പരിവാർ ഫാഷിസത്തിനെതിരായ ധീര പോരാട്ടമാണ് പാർട്ടി തുടക്കം മുതൽ നടത്തിക്കൊണ്ടിരിക്കുന്നത്. പാർട്ടി ദേശീയ പ്രസിഡണ്ടും പാർട്ടി വിദ്യാർഥി നേതാക്കളുമടക്കം സംഘ് ഭരണകൂടത്തിന്റെ വേട്ടയാടലുകൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. ദൽഹിയിൽ വിദ്യാർഥികൾ ആരംഭിച്ച പൗരത്വ പ്രക്ഷോഭത്തിന്റെ മുൻ നിരയിൽ വിദ്യാർഥി സംഘടനയുടെ നേതാക്കളാണ് അണിനിരന്നത്. 

കേരളത്തിൽ കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ രൂപപ്പെട്ട ഭൂസമരങ്ങളിൽ നിർണായക പങ്കാണ് വെൽഫെയർ പാർട്ടി വഹിച്ചത്. കല്ലടത്തണ്ണി, ചേരിയൻമല അടക്കം കേരളത്തിലെ എല്ലാ ഭൂസമരങ്ങളിലും പാർട്ടി സജീവ പങ്കാളിയായി. രണ്ടായിരത്തോളം ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കാൻ ഈ സമരങ്ങൾക്ക് സാധിച്ചു. 

സംവരണ പ്രക്ഷോഭങ്ങളിലും പാർട്ടി നിർണായക പങ്കാണ് വഹിച്ചത്. കെ.എ.എസിലെ സംവരണ അട്ടിറി നീക്കത്തിനെതിരെ സംവരണ സമുദായങ്ങളെകൂടി അണിനിരത്തി പാർട്ടി നടത്തിയ പ്രക്ഷോഭം സർക്കാരിനെ തന്നെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. 

കഴിഞ്ഞ പത്തു വർഷത്തിനിടെ നിർണായക വളർച്ചയാണ് പാർട്ടി കേരളത്തിൽ നേടിയത്. തദ്ദേശ തെരെഞ്ഞെടുപ്പിൽ 2015 ൽ 42 ഉം 2020 ൽ 65 ഉം ജനപ്രതിനിധികളെ വിജയിപ്പിക്കാൻ വെൽഫെയർ പാർട്ടിക്ക് കഴിഞ്ഞു. 2014 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിലും 2016 ലെ നിയമസഭാ തെരെഞ്ഞെടുപ്പിലും നിർണായകമായ വോട്ടുകൾ നേടിയെടുത്തു. 

പത്താം വാർഷിക പരിപാടികളുടെ ഭാഗമായി കേരളത്തിലെ വിവിധ പ്രദേശങ്ങളിലായി 100 വെൽഫെയർ ഹോമുകൾ പാർട്ടി നിർമിച്ചു നൽകും. പത്ത് ജനകീയ കുടിവെള്ള പദ്ധതികളും ആരംഭിക്കും. ദലിത്-ആദിവാസി വിഭാഗങ്ങളും മത്സ്യത്തൊഴിലാളികളും താമസിക്കുന്നയിടങ്ങളിൽ സാമൂഹ്യ ശാക്തീകരണത്തിനുള്ള പദ്ധതികളാരംഭിക്കും. പാർട്ടി ജനപ്രതിനിധികളുള്ള വാർഡുകളിൽ വിപുലമായ ജനസേവന കേന്ദ്രങ്ങൾ ആരംഭിക്കും.

കോവിഡ് വ്യാപനം കണക്കിലെടുത്ത് സാമൂഹ്യ നിയന്ത്രണങ്ങൾ പാലിച്ചാവും നാളെ പ്രാദേശിക ഘടങ്ങളിൽ പതാക ഉയർത്തലും യോഗങ്ങളും നടത്തുക. സംസ്ഥാന പ്രസിഡന്റ് ഓൺലൈനിലൂടെ കേരളത്തെ അഭിസംബോധന ചെയ്യും.
സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കരിപ്പുഴ, സെക്രട്ടറി സജീദ് ഖാലിദ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.


 

Latest News