Sorry, you need to enable JavaScript to visit this website.

പണം വാങ്ങിയത് സരിതക്ക് വേണ്ടി, തൊഴില്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിപിഐ പഞ്ചായത്തംഗം

തിരുവനന്തപുരം- പൊതുമേഖല സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത ലക്ഷങ്ങള്‍ തട്ടിയെ കേസില്‍ സരിത നായര്‍ക്ക് പങ്കെന്ന് അറസ്റ്റിലായ ഒന്നാം പ്രതിയുടെ മൊഴി. സരിതയ്ക്ക് വേണ്ടിയാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങിയതെന്ന് ഇന്നലെ അറസ്റ്റിലായ സി.പി.ഐ പഞ്ചായത്തംഗം രതീഷ് പോലീസിന് മൊഴി നല്‍കി. കുന്നത്തുകാല്‍ പഞ്ചായത്തിലെ പാലിയോട് വാര്‍ഡ് അംഗമായ രതീഷിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.
ഓലത്താന്നി, തിരുപുറം സ്വദേശികളില്‍നിന്ന് കെ.ടി.ഡി.സി., ബെവ്‌കോ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി പണം കൈപ്പറ്റിയതായാണ് പരാതി. പരാതിക്കാരില്‍നിന്നു പണം കൈപ്പറ്റിയതായി രതീഷ് സമ്മതിച്ചെന്ന് പോലീസ് വ്യക്തമാക്കി.
കേസില്‍ ഒന്നാം പ്രതിയാണ് ആനാവൂര്‍ കോട്ടയ്ക്കല്‍ പാലിയോട് വാറുവിളാകത്ത് പുത്തന്‍വീട്ടില്‍ രതീഷ്. രണ്ടാം പ്രതി ഷാജു പാലിയോടും മൂന്നാം പ്രതി സരിത എസ്.നായരുമാണ്. ഷാജു പാലിയോട് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാറശ്ശാല മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ചിട്ടുണ്ട്.
ഓലത്താന്നി ശ്രീശൈലത്തില്‍ അരുണ്‍ എസ്.നായര്‍ക്ക് കെ.ടി.ഡി.സി.യില്‍ ജോലി വാഗ്ദാനംചെയ്ത് അഞ്ചു ലക്ഷം രൂപയും തിരുപുറം മുള്ളുവിള സ്വദേശി അരുണില്‍നിന്ന് അനുജന്‍ ആദര്‍ശിന് ബെവ്‌കോയില്‍ ജോലി വാഗ്ദാനംചെയ്ത് 11 ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് കേസ്.
പണം വാങ്ങിയത് രതീഷാണ്. എന്നാല്‍, ഇരുവരെയും ഫോണില്‍ വിളിച്ച് ജോലി ഉറപ്പാക്കിയെന്ന ഉത്തരവിറങ്ങിയതായി അറിയിച്ചത് സരിത എസ്.നായരാണ്. പരാതിക്കാര്‍ സരിത എസ്.നായര്‍ വിളിച്ച ഫോണ്‍ കോളിന്റെ ശബ്ദരേഖയും പോലീസിനു കൈമാറിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് തട്ടിപ്പു നടന്നത്. ഇരുവര്‍ക്കും കെ.ടി.ഡി.സി.യില്‍നിന്നും ബെവ്‌കോയില്‍നിന്നുമുള്ള വ്യാജ നിയമന ഉത്തരവും കൈമാറിയിരുന്നു.
ഷാജു പാലിയോടിനായും സരിത എസ്.നായര്‍ക്കായും തിരച്ചില്‍ ശക്തമാക്കിയതായി നെയ്യാറ്റിന്‍കര സി.ഐ. പി.ശ്രീകുമാര്‍ പറഞ്ഞു.
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി വാദഗ്‌നം ചെയ്ത പണം തട്ടിയെന്ന പരാതിയില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത നെയ്യാറ്റിന്‍കര പൊലീസ് പ്രതികള്‍ക്കെതിരായ നടപടിയില്‍ തുടക്കം മുതല്‍ കാണിച്ചത് മെല്ലെപ്പോക്ക് നയമാണ്. ഉദ്യോഗാര്‍ത്ഥികള്‍ കൈമാറിയ തെളിവുകള്‍ പോലും ആദ്യഘട്ടത്തില്‍ പൊലീസ് മുഖവിലക്കെടുത്തില്ല. മൂന്നു മാസത്തിനിപ്പുറമാണ് നെയ്യാറ്റിന്‍കര പൊലീസില്‍ നിന്നും അപ്രതീക്ഷിത നീക്കമുണ്ടായത്.
കേസിലെ ഒന്നാം പ്രതിയും കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് അംഗവുമായ രതീഷിനെ ഇന്നലെ വീട്ടില്‍ നിന്നും നെയ്യാറ്റിന്‍കര സിഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. രതീഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കൂട്ടുപ്രതികളെ കുരുക്കുന്നതാണ് രതീഷിന്റെ മൊഴി. സരിതക്കുവേണ്ടിയാണ് സുഹൃത്തായ ഷാലു പാലിയോട് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങാന്‍ ആവശ്യപ്പെട്ടതെന്നാണ് മൊഴി. ആറു പേരില്‍ നിന്നും വാങ്ങിയ 25 ലക്ഷം രൂപ ഷാജുവിന് കൈമാറിയെന്നും ഷാജുവുമായി പല പ്രാവശ്യം സരിതയെ കണ്ടിട്ടുണ്ടെന്നും മൊഴിയില്‍ പറയുന്നു. ഷാജു പാലിയോട് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

Latest News