കഴിഞ്ഞ ജൂലൈയിൽ 30 വർഷത്തെ ഇടവേളക്കു ശേഷം ഇംഗ്ലിഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായപ്പോൾ ലിവർപൂൾ ഉന്മാദത്തിലായിരുന്നു. എങ്ങും ആഘോഷത്തിന്റെ തിരയിളക്കം. കോച്ച് യൂർഗൻ ക്ലോപ് ആ ആവേശത്തെ ഒന്ന് തണുപ്പിക്കാൻ ശ്രമം നടത്തി. അദ്ദേഹം പറഞ്ഞു: 'കൊടുമുടി കയറിയെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ നിങ്ങൾ ഇപ്പോൾ തന്നെ തകർച്ചയുടെ പാതയിലാണ്'.
ആ വാക്കുകൾ പൊന്നായി. ലിവർപൂളിന് പിന്നീട് കുത്തനെ ഇറക്കമായിരുന്നു. ലിവർപൂൾ ഒരേസമയം ഇംഗ്ലണ്ടിലെയും യൂറോപ്പിലെയും ലോകത്തിലെയും ചാമ്പ്യൻ ക്ലബ്ബായ ദിനങ്ങളിലെ ആഹ്ലാദം ഇപ്പോൾ വിദൂര സ്മരണയാണ്. ലോകം കീഴടക്കിയെന്ന വിചാരം പലരെയും വഴി തെറ്റിച്ചിട്ടുണ്ട്. തങ്ങൾ ആധിപത്യത്തിന്റെ പുതുയുഗമാണ് സൃഷ്ടിക്കാൻ പോകുന്നതെന്ന ചിന്ത വെറും മിഥ്യ മാത്രമാണ്.
ഇംഗ്ലിഷ് പ്രീമിയർ ലീഗ് കിരീടം ആരാധകർക്കു മുന്നിൽ മര്യാദക്ക് ഒന്ന് സമർപ്പിക്കാൻ പോലും ലിവർപൂളിന് സാധിച്ചില്ല. കോവിഡ് ആ അവസരം തട്ടിയെടുത്തു. കോവിഡ് കാലം കഴിഞ്ഞ് ആഘോഷത്തിന് കാത്തുനിന്നപ്പോഴേക്കും ആ കിരീടം മറ്റാരോ കൊണ്ടുപോവുകയാണ്. തീർച്ചയായും ലിവർപൂൾ ഈ സീസണിൽ ആ കിരീടം അടിയറ വെക്കും, അത് മാഞ്ചസ്റ്റർ സിറ്റിക്കായിരിക്കും എന്ന് ഏതാണ്ടുറപ്പ്. ഈ സീസൺ അവസാനിക്കുമ്പോഴേക്കും മറ്റു ട്രോഫികളും ക്ലബ്ബിൽ നിന്ന് പടിയിറങ്ങും. ഏഴാം യൂറോപ്യൻ കിരീടമെന്ന സ്വപ്‌നത്തിൽ റയൽ മഡ്രീഡ് കഴിഞ്ഞ ദിവസം മണ്ണിട്ടു കഴിഞ്ഞു. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിലെ 1-3 തോൽവിയോടെ ലിവർപൂളിന്റെ കഥ കഴിഞ്ഞു. രണ്ടാം പാദത്തിൽ തിരിച്ചുവരവ് സാധ്യമായില്ല. എങ്കിലും പ്രതീക്ഷയുടെ ഒരു രജതരേഖയുണ്ട്. പരിക്കുകൾ ഈ സീസണിൽ ലിവർപൂളിന്റെ പ്രതിരോധ നിരയെ ഛിന്നഭിന്നമാക്കി. റയലിനെതിരായ ആൻഫീൽഡിലെ ക്വാർട്ടർ രണ്ടാം പാദത്തിൽ പരിചയ സമ്പത്തില്ലാത്ത നഥാനിയേൽ ഫിലിപ്‌സിന്റെ പ്രകടനമാണ് അവർക്ക് ആശ്വാസം. കരീം ബെൻസീമയുടെ നേതൃത്വത്തിലുള്ള റയലിന്റെ ആക്രമണ നിരയെ ഗോളടിക്കാതെ പിടിച്ചുകെട്ടാൻ നേതൃത്വം നൽകിയത് ഈ യുവ ഡിഫന്ററായിരുന്നു.
പക്ഷേ മുൻനിര മൂർച്ചയറ്റു കിടക്കുകയാണ്. പേടിപ്പെടുത്തിയിരുന്ന സാദിയൊ മാനെ-റോബർടൊ ഫിർമിനൊ-മുഹമ്മദ് സലാഹ് കൂട്ടുകെട്ട് ഗോളടിക്കാനാവാതെ മുടന്തുകയാണ്. ഈ സീസണിലെ 28 ഗോളുകളുടെ എണ്ണം കൂട്ടാൻ സലാഹ് ശ്രമിച്ചിട്ടില്ലെന്നല്ല. പക്ഷേ റയൽ ഗോളി തിബൊ കോർടവ ഗോളിലേക്ക് പഴുതനുവദിച്ചില്ല. എല്ലാ ശ്രമവും നടത്തിയിട്ടും ആൻഫീൽഡിൽ ഗോളടിക്കാൻ ലിവർപൂളിന് സാധിച്ചില്ല. ഫിർമിനൊ അവസരം പാഴാക്കുമെന്നുറപ്പായിരുന്നു. ഇടവേള കഴിഞ്ഞ് ആദ്യ മിനിറ്റിൽ തന്നെ ബ്രസീലുകാരൻ അവസരം തുലച്ചു. ഈ സീസണിൽ 20 മത്സരങ്ങളിൽ ഒരു ഗോൾ മാത്രമടിച്ച താരത്തിന് സ്‌കോറിംഗ് ടച്ച് വീണ്ടുകിട്ടിയെങ്കിലേ അദ്ഭുതമുള്ളൂ.
ലിവർപൂളിനൊപ്പം സലാഹ് എത്രകാലം തുടരും എന്നേ അറിയേണ്ടതുള്ളൂ. മുൻനിരയിൽ സലാഹിന് നല്ലൊരു കൂട്ട് നൽകാൻ ലിവർപൂളിന് സാധിക്കുന്നില്ല. പിൻനിരയിൽ ആത്മവിശ്വാസവുമില്ല.
നാലു കോടി പൗണ്ടാണ് പുതിയ കളിക്കാരെ കണ്ടെത്താൻ ലിവർപൂൾ നീക്കിവെച്ചത്. ചാമ്പ്യൻസ് ലീഗ് സാധ്യതയുള്ള ഇംഗ്ലണ്ടിലെ മറ്റു ടീമുകളെ അപേക്ഷിച്ച് ഇത് ഒന്നുമല്ല. ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും ഒഴുക്കിയത് കോടികളാണ്.
സിറ്റി നാലു കിരീടങ്ങളുടെ പിന്നിലാണ്. അബുദാബി സർക്കാരിന്റെ നിക്ഷേപ ഫണ്ടാണ് സിറ്റിയുടെ പിൻബലം. റഷ്യൻ കോടീശ്വരൻ റോമൻ അബ്രമോവിച്ചിന്റെ അറ്റമില്ലാത്ത പോക്കറ്റ് ചെൽസിയുടെ കുതിപ്പിന് ചുക്കാൻ പിടിക്കുന്നു. അതേസമയം ലിവർപൂൾ ഉടമകളായ ബോസ്റ്റൺ റെഡ് സോക്‌സ് ഗ്രൂപ്പ് ഉറക്കത്തിലാണ്. ഈ സീസണിന് മുമ്പ് ടീമിലെടുത്ത പ്രധാന കളിക്കാരായ ഡിയോഗൊ ജോടോക്കും തിയാഗൊ അൽകന്ററക്കും റയൽ മഡ്രീഡിനെതിരെ അര മണിക്കൂർ കളിക്കാനുള്ള കോപ്പേ ഉണ്ടായുള്ളൂ.
പ്രീമിയർ ലീഗിലാണ് അവശേഷിക്കുന്ന പ്രതീക്ഷ. കഴിഞ്ഞ സീസണിൽ 18 പോയന്റിന്റെ വൻ വ്യത്യാസത്തിലാണ് ചെമ്പട കിരീടമടിച്ചത്. ഇത്തവണ അവിടെ ലിവർപൂൾ ആറാം സ്ഥാനത്താണ്. മാഞ്ചസ്റ്റർ സിറ്റിക്ക് 22 പോയന്റ് പിന്നിൽ. അവശേഷിക്കുന്നത് ഏഴ് മത്സരം മാത്രം. പൊടുന്നനെയായിരുന്നു തകർച്ച. ഡിസംബറിൽ ലിവർപൂൾ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു. ലിവർപൂളിനേക്കാൾ എട്ട് പോയന്റ് പിന്നിലായിരുന്നു സിറ്റി. പിന്നീട് സിറ്റി നടത്തിയ കുതിപ്പും ലിവർപൂളിന്റെ കിതപ്പും ഒന്നിച്ചായി. കോവിഡ് കാരണം മത്സരങ്ങൾക്കിടയിൽ വലിയ ഇടവേളയില്ല. പരിക്കുകളിൽ വലഞ്ഞ ലിവർപൂളിന് ചുരുങ്ങിയ കളിക്കാരെക്കൊണ്ട് സീസൺ മുന്നോട്ടു കൊണ്ടുപോവുക എളുപ്പമായിരുന്നില്ല. കാണികളുടെ അഭാവം ഏറ്റവുമധികം ബാധിച്ച ക്ലബ്ബാണ് ലിവർപൂൾ. ജനുവരിക്ക് മുമ്പ് 68 ഹോം മത്സരങ്ങളിൽ അവർ പരാജയപ്പെട്ടിരുന്നില്ല. എന്നാൽ കാണികളില്ലാതെ നടന്ന കഴിഞ്ഞ ഏഴ് ഹോം മത്സരങ്ങളിൽ ആറിലും അവർ തോറ്റു.
ഈ സീസണിലെ നാലാം മത്സരത്തിൽ ആസ്റ്റൺവില്ലയോട് 2-7 ന് തകർന്നതായിരുന്നു ആദ്യത്തെ അപകട സൂചന. പത്തൊമ്പതാം റൗണ്ടിൽ ആൻഫീൽഡിലെ ചെങ്കോട്ടയിൽ ബേൺലി അവരെ 1-0 ത്തിന് കീഴടക്കി. 68 മത്സരങ്ങളിലെ അജയ്യ മുന്നേറ്റം അവസാനിച്ചു. അപ്പോഴും ട്രാൻസ്ഫർ ജാലകമടക്കാൻ 10 ദിവസം ബാക്കിയുണ്ടായിരുന്നു. ലിവർപൂൾ അനങ്ങിയില്ല. ചെറുകിട കളിക്കാരെ കൊണ്ടുവന്ന് ഓട്ടയടക്കാൻ ശ്രമിച്ചു. പരിക്കു കാരണം ദീർഘകാലമായി വിട്ടുനിൽക്കുന്ന സെന്റർബാക്കുകളായ വിർജിൽ വാൻഡെക്കും ജോ ഗോമസും സൃഷ്ടിച്ച വൻവിടവ് നികത്താൻ ശ്രമമുണ്ടായില്ല. അവസാന 15 പ്രീമിയർ ലീഗ് മത്സരങ്ങളിൽ എട്ടിലും ലിവർപൂൾ തോറ്റു. എന്നാൽ അവസാന മൂന്നു മത്സരങ്ങളിലെ തുടർജയങ്ങൾ അവരെ ചാമ്പ്യൻസ് ലീഗ് സ്ഥാനത്തോടടുപ്പിച്ചിട്ടുണ്ട്. നാലാം സ്ഥാനക്കാരുമായി മൂന്ന് പോയന്റിന്റെ വ്യത്യാസമേയുള്ളൂ. ചാമ്പ്യൻസ് ലീഗിൽ സ്ഥാനമില്ലെങ്കിൽ നഷ്ടപ്പെടുക 10 കോടി ഡോളറാണ്. അതിെേനക്കാൾ വലുതായിരിക്കും പ്രതിഛായ നഷ്ടവും പ്രമുഖ കളിക്കാരുടെ കൊഴിഞ്ഞുപോക്കും. കഠിന മനസ്‌കർ എന്നാണ് കഴിഞ്ഞ സീസണിൽ ലിവർപൂൾ കളിക്കാരെ ക്ലോപ് വിശേഷിപ്പിച്ചത്. ആ ഉറച്ച മനസ്സ് വീണ്ടെടുക്കാൻ ലിവർപൂളിന് സാധിക്കുമോ?
ഒരു വർഷം മുമ്പ് സർവം കീഴടക്കി മുന്നേറിയ ടീം ഇപ്പോൾ എങ്ങനെയെങ്കിലും എവിടെയെങ്കിലും കടന്നുകൂടാനുള്ള തത്രപ്പാടിലാണ്. തിരിച്ചുവരവിനായി ക്ലോപ് വഴി കണ്ടെത്തിയേ തീരൂ. ലിവർപൂളിൽ ക്ലോപ്പിന് താരപരിവേഷമായിരുന്നു. ക്ലോപ് എങ്ങനെയായിരിക്കും ലിവർപൂളിൽ നിന്ന് പടിയിറങ്ങുകയെന്ന് വരും ദിനങ്ങൾ നിശ്ചയിക്കും.