സൗദിയില്‍ മലയാളി കേന്ദ്രങ്ങളില്‍ വ്യാപാരത്തില്‍ വന്‍ഇടിവ്

ഫോട്ടോ- ജിദ്ദ ഷറഫിയ അങ്ങാടിയുടെ പ്രതാപ കാലം(ഫയല്‍)

ജിദ്ദ- സ്വദേശിവല്‍ക്കരണവും സാമ്പത്തിക പരിഷ്‌കരണ നടപടികളും ശക്തമാക്കിയതോടെ വ്യാപാര മേഖലയില്‍ ഗണ്യമായ ഇടിവ്. ചില്ലറ-മൊത്ത വ്യാപാര രംഗത്തും ജ്വല്ലറി മേഖലയിലും കനത്ത മാന്ദ്യമാണ് ഉണ്ടായതെന്ന് വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു.
സ്വദേശിവല്‍ക്കരണ-വനിതാവല്‍ക്കരണ നടപടികള്‍ക്കു പുറമെ വിദേശി കുടുംബങ്ങള്‍ക്ക് ലെവി ഏര്‍പ്പെടുത്തിയതും കനത്ത ആഘാതമായി. വൈദ്യുതി, ഇന്ധന വില കുത്തനെ വര്‍ധിപ്പിച്ച തീരുമാനവും ആശങ്കയോടെയാണ് വ്യാപാരികള്‍ നോക്കിക്കാണുന്നത്. ജനുവരി മുതല്‍ ഉല്‍പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം വാറ്റ് ചുമത്താനും വിദേശ തൊഴിലാളികളുടെ പേരില്‍ പ്രതിമാസം 400 റിയാല്‍ ലെവി ഈടാക്കാന്‍ തീരുമാനിച്ചതും മേഖലയെ ദോഷകരമായി ബാധിച്ചേക്കും.

മലയാളികളുടെ സംഗമ കേന്ദ്രങ്ങളായ ജിദ്ദ ഷറഫിയയിലും റിയാദിലെ ബത്ഹയിലും ദമാം സീക്കോയിലും ഉപഭോക്താക്കളുടെ തിരക്ക് വളരെയധികം കുറഞ്ഞിട്ടുണ്ട്. കച്ചവടം 50 ശതമാനത്തോളം കുറഞ്ഞതായി നിരവധി സൂപ്പര്‍ മാര്‍ക്കറ്റുകളുടെ നടത്തിപ്പ് ചുമതലയുള്ള അഷ്‌റഫ് കിഴിശ്ശേരി ചൂണ്ടിക്കാട്ടി. പ്രമോഷന്‍ ഓഫറുകളിലൂടെയാണ് ഉപഭോക്താക്കളെ ഇപ്പോള്‍ ആകര്‍ഷിക്കുന്നത്. സൂപ്പര്‍ മാര്‍ക്കറ്റിലെ പല സെക്ഷനുകളും ഒഴിവാക്കി കൊണ്ടിരിക്കുന്നു. അഞ്ച് വിദേശി ജീവനക്കാര്‍ക്ക് ഒരു സ്വദേശി ജീവനക്കാരന്‍ നിര്‍ബന്ധമായതിനാല്‍ വിദേശികളെ കുറച്ചു കൊണ്ടുവരികയാണ്. എക്‌സിറ്റില്‍ പോവുകയോ സ്‌പോണ്‍സര്‍ഷിപ്പ് മാറുകയോ ചെയ്യണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. തന്റെ കീഴിലുള്ള സ്ഥാപനങ്ങളിലെ അഞ്ചു പേര്‍ ഉടന്‍ ഫൈനല്‍ എക്‌സിറ്റില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചു ശതമാനം വാറ്റ് ഏര്‍പ്പെടുത്തിയതോടെ ലാഭവിഹിതത്തില്‍ വലിയ കുറവുണ്ടാവുമെന്നും എന്നാല്‍ ഇതിന്റെ പേരില്‍ ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അഷ്‌റഫ് പറയുന്നു. ലെവി ഏര്‍പ്പെടുത്തിയതോടെ വിദേശി കുടുംബങ്ങളില്‍ നല്ലൊരു പങ്ക് നാട്ടിലേക്ക് മടങ്ങിയതും തിരിച്ചടിയായി. വൈദ്യുതി നിരക്ക് മൂന്നിരട്ടിയോളം ഉയര്‍ത്തിയതിനാല്‍ തങ്ങളുടെ ഒരു കടയില്‍ മാത്രം പ്രതിമാസം 8,000 റിയാല്‍ ബില്ല് അടക്കേണ്ടി വരുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഷറഫിയയിലെ പല കടകളിലും 10 മുതല്‍ 70 ശതമാനം വരെ ഓഫര്‍ നല്‍കുന്നുണ്ട്. ഇപ്പോള്‍ ഇത്തരം കടകളില്‍ മാത്രമാണ് കാര്യമായ കച്ചവടം. പലരും കടകള്‍ സാധനങ്ങള്‍ ഉള്‍പ്പെടെയും അല്ലാതെയും വില്‍ക്കുന്നതിനാല്‍ വാങ്ങാന്‍ പറ്റിയ സമയമാണിതെന്ന് ഈ രംഗത്തുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. വാരാന്ത്യ അവധി ദിനങ്ങളില്‍ മലയാളികള്‍ കൂട്ടത്തോടെ എത്തിയിരുന്നതിനാല്‍ ഷറഫിയയില്‍ വ്യാഴം, വെള്ളി ദിനങ്ങളിലാണ് കാര്യമായ കച്ചവടം നടന്നിരുന്നത്.
ജ്വല്ലറി മേഖലയില്‍ 60 ശതമാനത്തിലധികം ഇടിവുണ്ടായതായി ജോയ് ആലുക്കാസ് സൗദി റീജ്യനല്‍ മാനേജര്‍ ദിലീപ് പി.നായര്‍ മലയാളം ന്യൂസിനോടു പറഞ്ഞു. ആഭരണ വില്‍പന രംഗം 100 ശതമാനം സ്വദേശിവല്‍ക്കരിച്ചതിനാല്‍ മലയാളികളായ മുഴുവന്‍ പേരെയും എക്‌സിറ്റില്‍ നാട്ടിലയച്ചു. അഡ്മിനിസ്‌ട്രേഷന്‍ രംഗത്ത് മാത്രമാണ് വിദേശികളുള്ളത്. പുതുതായി സ്വദേശികളായ 250 പേരെ റിക്രൂട്ട് ചെയ്‌തെങ്കിലും 80ല്‍ താഴെ പേര്‍ മാത്രമാണ് ശേഷിക്കുന്നത്. രാജ്യത്തെ തൊഴില്‍ സംസ്‌കാരം ഇനിയും മെച്ചപ്പെട്ടാല്‍ മാത്രമേ മുന്നോട്ടു േപാകാനാവൂ. സ്വദേശി തൊഴിലാളികളെ നിലനിര്‍ത്തുക ശ്രമകരമാണെന്നും ഒരേ സമയം റിക്രൂട്ട്‌മെന്റും കൊഴിഞ്ഞു പോക്കുമാണ് തുടര്‍ന്നു വരുന്നതെന്നും ദിലീപ് വിശദീകരിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷക്ക് ചില വേദനാജനകമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടി വരുമെന്ന് 2016 ഡിസംബര്‍ 14ന് ഏഴാമത് ശൂറാ കൗണ്‍സിലിന്റെ ആദ്യ വര്‍ഷ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യവേ സല്‍മാന്‍ രാജാവ് വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷ സംരക്ഷിക്കുന്നതിനും പുണ്യ ഗേഹങ്ങളുടെ സേവനത്തിനും പൗരന്‍മാര്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനുമായി രാജ്യം സാമ്പത്തിക സ്രോതസ്സുകളുടെ മേല്‍ കടിഞ്ഞാണിട്ടതായും സല്‍മാന്‍ രാജാവ് പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു.

 

 

 

Latest News