Sorry, you need to enable JavaScript to visit this website.

വാക്‌സിനെടുത്ത യാത്രക്കാരും വിമാനത്തില്‍ ഭക്ഷണം കഴിക്കരുത്, കാരണം ഇതാണ്

വാഷിങ്ടന്‍- അമേരിക്കയുള്‍പ്പെടെ പലരാജ്യങ്ങളിലും കോവിഡ് വാക്‌സിനേഷന്‍ ഊര്‍ജ്ജിതപ്പെടുത്തി കൂടുതല്‍ പേര്‍ പ്രതിരോധ മരുന്ന് സ്വീകരിച്ചതോടെ വിമാന യാത്രക്കാരുടെ എണ്ണവും വര്‍ധിച്ചു വരികയാണ്. വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാമെന്നാണ് ആരോഗ്യ വിദഗ്ധരും പറയുന്നത്. യുഎസിലെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനും (സി.ഡി.സി) ഇങ്ങനെ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേസമയം വിമാനങ്ങളില്‍ ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നത് വീണ്ടും ആരംഭിക്കുമ്പോള്‍ ഇതില്‍ അപകടമുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ യാത്രക്കാര്‍ ഒന്നടങ്കം മുഖാവരണം നീക്കുമ്പോള്‍ വിമാനത്തിനുള്ളിലെ സുരക്ഷിത അന്തരീക്ഷം താറുമാറാകുന്നു എന്നതാണ് വലിയ അപകടമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ മെഡിസിന്‍ വകുപ്പ് അധ്യക്ഷന്‍ റോബര്‍ട്ട് വാച്ചര്‍ ചൂണ്ടിക്കാട്ടുന്നു. യാത്രക്കാര്‍ ഭക്ഷണം കഴിക്കാന്‍ ഒരുങ്ങുമ്പോള്‍ വിമാനം ഒരു പറക്കും ഭക്ഷണശാലയായി മാറുന്നു. ഇതോടെ വൈറസ് വ്യാപനത്തിന്റെ ചലനാത്മക മാറിമറിയുന്നു. അടച്ചിട്ട മുറികളും ആളുകള്‍ തിങ്ങി നിറഞ്ഞ ഇടങ്ങളും കൊറോണ വൈറസ് വ്യാപനത്തിന് ഏറ്റവുംകൂടുതല്‍ സൗകര്യമൊരുക്കുന്നു എന്നത് വസ്തുതയാണ്. ഈ കോവിഡ് സാഹചര്യത്തില്‍ അടച്ചിട്ട റസ്ട്രന്റുകളിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അധികമാരും മുതിരില്ല. വാക്‌സിന്‍ പൂര്‍ണമായും എടുത്തതാണെങ്കിലും ഇത്തരം ഭക്ഷണശാലകളില്‍ പോയി ഭക്ഷണം കഴിക്കുന്നത് സുരക്ഷിതമല്ല. വിമാനത്തില്‍ ഭക്ഷണം വിളമ്പിയാലും ഇതാണ് അവസ്ഥ- റോബര്‍ട്ട് വാച്ചര്‍ വിശദീകരിക്കുന്നു. 

സിഡിഎസ് ഈയിടെ നടത്തിയ ഒരു പഠനവും വാച്ചറുടെ ഈ ആശങ്ക പങ്കുവെക്കുന്നുണ്ട്. മാസ്‌കിടാത്ത യാത്രക്കാര്‍ക്കൊപ്പം തിങ്ങി നിറഞ്ഞ ഒരു വിമാനത്തില്‍ യാത്ര ചെയ്യുന്നത്, വിമാനത്തില്‍ വെന്റിലേഷന്‍ സംവിധാനമുണ്ടെങ്കിലും, കോവിഡ് ബാധയേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു എന്നായിരുന്നു പഠനം.പൂര്‍ണമായും വാക്‌സിന്‍ എടുത്ത യാത്രക്കാര്‍ എന്തിനു ആശങ്കപ്പെടണം എന്ന് സ്വാഭാവികമായും സംശയിച്ചേക്കാം.  പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചു എന്നതിനര്‍ത്ഥം കോവഡ് ബാധിക്കുന്നതില്‍ നിന്നും ഉയര്‍ന്ന സുരക്ഷിതത്വം ലഭിക്കുമെന്നാണ്. ഇത് 100 ശതമാനം ഉറപ്പല്ല. 95 ശതമാനം സുരക്ഷിതമാണ് എന്നു പറഞ്ഞാല്‍ അഞ്ച് ശതമാനം രോഗബാധ സാധ്യത നിലനില്‍ക്കുന്നുണ്ട്- വാച്ചര്‍ പറയുന്നു.

വിമാനത്തില്‍ ആളുകള്‍ തിങ്ങിനിറയുന്നത് ഒരു പ്രശ്‌നമാണ്. വൈറസ് വാഹകരായവരുടെ അടുത്ത് നില്‍ക്കുമ്പോള്‍ ശ്വസനത്തിലൂടെ രോഗബാധയേല്‍ക്കാന്‍ സാധ്യതയേറെ ആണെന്നും നമുക്കറിയാം. ഇത് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് പകരുന്നത്. വാക്‌സിന്‍ എടുത്തവരും മാസ്‌ക്കും ഫെയ്‌സ് ഷീല്‍ഡും ധരിക്കണം. പ്രതലങ്ങളില്‍ സ്പര്‍ശിച്ചാല്‍ കൈ സാനിറ്റൈസ് ചെയ്യണം- സിഡിഎസിലെ മുന്‍ വിദഗ്ധനും പ്രൊജക്ട് ഹോപിലെ ചീഫ് ഹെല്‍ത്ത് ഓഫീസറുമായ ടോം കെന്യോന്‍ പറയുന്നു. 

Latest News