Sorry, you need to enable JavaScript to visit this website.

മുസ്ലിം വിദ്വേഷം വളര്‍ത്താന്‍ ഉപയോഗിച്ച ആള്‍ക്കൂട്ടകൊലക്ക് ഒരു വര്‍ഷം; 75 പേര്‍ ജയിലില്‍

മുംബൈ- വിദ്വേഷ പ്രചാരണത്തിനും വര്‍ഗീയ ധ്രുവീകരണത്തിനും ഉപയോഗിച്ച പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലക്ക് ഒരു വര്‍ഷം. രണ്ട് സന്ന്യാസിമാരും അവരുടെ ഡ്രൈവറും കൊല്ലപ്പെട്ട കേസില്‍ 15 കുട്ടികളടക്കം 266 പേരാണ് അറസ്്റ്റിലായിരുന്നത്. കുട്ടികളെ പിടിക്കാനെത്തിയവരെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം സന്ന്യാസിമാരെ തല്ലിക്കൊല്ലുകയായിരുന്നു. സംഭവം ഉയര്‍ത്തിപ്പിടിച്ച് ബി.ജെ.പി വര്‍ഗീയ രാഷ്ട്രീയം കളിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും വര്‍ഗീയത കണ്ടെത്താന്‍ അന്വേഷണം നടത്തിയ സി.ഐ.ഡിക്ക് കഴിഞ്ഞിരുന്നില്ല.

മൂന്ന് എഫ്.ഐ.ആറുകളില്‍ മൂന്ന് കുറ്റപത്രങ്ങളാണ് സംസ്ഥാന സി.ഐ.ഡി സമര്‍പ്പിച്ചത്. കൊലപാതകത്തില്‍ പ്രധാന പങ്കുവഹിച്ച 75 പേര്‍ ഇപ്പോഴും ജയിലിലാണ്. കേസില്‍ ഉള്‍പ്പെട്ട 52 പേരെ ഇനിയും അറസ്റ്റ് ചെയ്യാനായിട്ടില്ല.

സന്ന്യാസിമാരായ മഹന്ത് കല്‍പവൃക്ഷ ഗിരി (70), സുശീല്‍ഗിരി മഹാരാജ് (35), ഡ്രൈവര്‍ നിലേഷ് തെല്‍ഗാഡെ (30) എന്നിവരാണ് കഴിഞ്ഞ വര്‍ഷം ഏപ്രീല്‍ 16-ന് കോവിഡ് ലോക്ഡൗണ്‍ വേളയില്‍ കൊല്ലപ്പെട്ടത്. ഇവര്‍ ഗുജറാത്തിലെ സൂറത്തില്‍നിന്ന് മുംബൈയിലേക്ക് വരികയായിരുന്നു. ലോക്ഡൗണ്‍ തടസ്സങ്ങള്‍ മറികടക്കുന്നതിനാണ് പ്രധാന ഹൈവേയില്‍നിന്ന് മാറി സഞ്ചരിച്ചത്.

കുട്ടികളെ പിടിക്കുന്നവരുണ്ടെന്ന അഭ്യൂഹം പ്രചരിച്ചിരുന്ന ആദിവാസികള്‍ തിങ്ങിത്താമസിക്കുന്ന പാല്‍ഘറിലെ ദഹാനു താലൂക്കിലാണ് ഇവര്‍ എത്തിപ്പെട്ടത്. കുട്ടികളെ തട്ടിക്കൊണ്ടുപോയി അവയവങ്ങള്‍ കവരുന്ന സംഘത്തെ കുറിച്ചാണ് ഇവിടെ അഭ്യൂഹങ്ങള്‍ പരന്നിരുന്നത്.

ആള്‍ക്കൂട്ടത്തില്‍നിന്ന് രക്ഷപ്പെടുത്തി പോലീസ് വാഹനത്തില്‍ കയറ്റിയിരുന്നുവെങ്കിലും നാനൂറോളം വരുന്ന ജനക്കൂട്ടം വാഹനത്തില്‍നിന്ന് ഇറക്കി വീണ്ടും മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സന്ന്യാസിയെ ഉപേക്ഷിച്ച് ഒരു പോലീസുകാരന്‍ ജീവനും കൊണ്ടോടുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് പാല്‍ഘര്‍ എസ്.പി ഗൗരവ് സിംഗിനെ നിര്‍ബന്ധിത അവധിയില്‍ അയച്ചതിനു പുറമെ, അഞ്ച് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

സംഭവം നടന്ന് നാല് ദിവസത്തിനുശേഷം കേസ് എ.ഡി.ജി അതുല്‍ചന്ദ്ര കുല്‍ക്കര്‍ണിയുടെ നേതൃത്വത്തിലുള്ള സി.ഐ.ഡി സംഘത്തിനു കൈമാറി. സന്ന്യാസിമാരെ കൊലപ്പെടുത്തിയതിന് രണ്ട് എഫ്.ഐ.ആറുകളും പോലീസിനുനേരെ കല്ലെറഞ്ഞതിന് ഒരു എഫ്.ഐ.ആറുമാണ് ഫയല്‍ ചെയ്തിരുന്നത്.

കുട്ടികളെ പിടിക്കുന്നവരെ കുറിച്ച് വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ നടന്ന പ്രചാരണമാണ് ജനക്കൂട്ടത്തെ ആക്രമണത്തിനു പ്രേരിപ്പിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

 

Latest News