Sorry, you need to enable JavaScript to visit this website.

കൊറോണ വിരുദ്ധ പോരാട്ടം: സൗദി 71.3 കോടി ഡോളർ നൽകി

റിയാദ് - ആഗോള തലത്തിൽ കൊറോണ വിരുദ്ധ പോരാട്ടത്തിന് സൗദി അറേബ്യ ഇതുവരെ 71.3 കോടിയിലേറെ ഡോളർ സംഭാവന നൽകിയതായി റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽറബീഅ അറിയിച്ചു. വീഡിയോ കോൺഫറൻസ് രീതിയിൽ സംഘടിപ്പിച്ച ഇന്റർനാഷണൽ വാക്‌സിൻ അലയൻസ് (ഗാവി) യോഗത്തിൽ പങ്കെടുത്താണ് കൊറോണ വിരുദ്ധ പോരാട്ടത്തിന് സൗദി അറേബ്യ നൽകിയ സംഭാവനകളുടെ കണക്ക് ഡോ. അബ്ദുല്ല അൽറബീഅ വെളിപ്പെടുത്തിയത്. 
കൊറോണ മൂലം കടുത്ത സാഹചര്യങ്ങളിലൂടെയാണ് ലോകം കടന്നുപോകുന്നത്. നിരവധി ആരോഗ്യ, സാമ്പത്തിക വെല്ലുവിളികൾ ലോകം നേരിടുന്നു. ഈ വെല്ലുവിളികൾ മഹാമാരിയെ നേരിടാനുള്ള ആഗോള ഏകീകൃത ശ്രമങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ജി-20 ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നതിനിടെ കൊറോണ മഹാമാരി നേരിടാനും വാക്‌സിൻ നിർമിക്കാനുമുള്ള ശ്രമങ്ങൾക്ക് പിന്തുണയായി 50 കോടി ഡോളർ സൗദി അറേബ്യ സംഭാവന നൽകി. കോവാക്‌സ് (ഗാവി) പദ്ധതി അംഗങ്ങളെന്നോണം ലക്ഷ്യങ്ങൾ നേടുന്നതിൽ നിന്ന് ഇപ്പോഴും നാം ഏറെ അകലെയാണ്. 
എങ്കിലും ചുമതലകൾ നിറവേറ്റുന്നതുമായി മുന്നോട്ടുപോവുകയാണ്. ആഗോള തലത്തിൽ വാക്‌സിൻ ഉൽപാദനവും വിതരണവും വർധിപ്പിക്കുന്നതിനെയും കയറ്റുമതി നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനെയും കുറിച്ച് പുനർവിചിന്തനം നടത്തുന്നതിൽ വലിയ ഉത്തരവാദിത്തമുണ്ട്. കയറ്റുമതി നിയന്ത്രണങ്ങൾ കൊറോണ വിരുദ്ധ പോരാട്ടത്തിൽ ദൗത്യം നിറവേറ്റാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുകയാണെന്നും ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.


 

Tags

Latest News