സന്ദര്‍ശക വിസയിലെത്തിയ കാലടി സ്വദേശി മരിച്ച നിലയില്‍

ഷാര്‍ജ- രണ്ടു മാസം സന്ദര്‍ശക വിസയിലത്തിയ മലയാളി യുവാവിനെ താമസ സ്ഥലത്തിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കാലടി അമ്പാട്ടുവീട്ടില്‍ എ.കെ. സുഗതന്റെ മകന്‍ ഉണ്ണിക്കൃഷ്ണന്‍ (33) ആണു മരിച്ചത്.
അമ്മയോടൊപ്പം വിസിറ്റ് വിസയിലെത്തിയ ഉണ്ണിക്കൃഷ്ണന്‍ ഷാര്‍ജ സൗദി പള്ളിക്കു സമീപം താമസിക്കുന്ന സഹോദരി അനിതയോടൊപ്പമായിരുന്നു താമസം. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതിന് തൊട്ടടുത്ത സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നു വീട്ടുസാധനങ്ങള്‍ വാങ്ങിക്കൊടുത്ത ശേഷം നടക്കാനെന്നു പറഞ്ഞ് ഒന്നാംനിലയിലെ ഫ് ളാറ്റില്‍ നിന്ന് ഇറങ്ങിയതായിരുന്നു. സമീപത്തെ താമസക്കാരാണ് കെട്ടിടത്തിനു സമീപം ഉണ്ണിക്കൃഷ്ണന്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതായി സഹോദരിയെ അറിയിച്ചത്.
ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയ ഉണ്ണിക്കൃഷ്ണന് യു.എ.ഇയില്‍ ജോലി ശരിയായിരുന്നു. അവിവാഹിതനാണ്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചരിക്കുന്ന മൃതദേഹം നടപടികള്‍ക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

Latest News