കൗമാരകാലം, ശ്രദ്ധാകാലം

കൗമാരക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു. ഒരാൾ പറഞ്ഞു: ''ഞങ്ങളുടെ കൗമാരക്കാരായ മക്കളെ എന്തു ചെയ്യും? അവരെ തനിച്ച് നാട്ടിൽ നിർത്തിക്കൂടാ. ഒരു നിയന്ത്രണവുമില്ലാത്ത ജീവിതമായിരിക്കും. ഇവിടെ ഞങ്ങളോടൊപ്പം നിർത്തിയാൽ നാല് ചുമരുകൾക്കുള്ളിൽ ശ്വാസം മുട്ടുന്നുവെന്ന് നിങ്ങൾ പറയുന്നു. ചങ്ങാതിമാർക്കൊപ്പം ആഗ്രഹിക്കുന്നതു പോലെ കളിക്കാനോ പുറത്തിറങ്ങി നടക്കാനോ എവിടെയെങ്കിലുമിരുന്ന് വർത്തമാനം പറയാനോ അവസരമുണ്ടോ? ഫാമിലി ഗെറ്റ് ടുഗദറിലാ അവർ സമപ്രായക്കാരെ അൽപ്പം സ്വാതന്ത്ര്യത്തോടെ കാണുന്നതു തന്നെ. സാർ പറഞ്ഞാട്ടെ, ഞങ്ങളെന്ത് ചെയ്യും?''


വിശേഷിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. കൗമാരക്കാരുടെ പ്രശ്‌നങ്ങൾ നാട്ടിൽ തന്നെ സങ്കീർണം. സ്‌കൂളിൽവെച്ച് മാത്രം ചങ്ങാതിമാരെ കാണുന്ന, മറ്റു നേരങ്ങളിലെല്ലാം അവരവരുടെ ലോകത്ത് കഴിയുന്ന ഗൾഫിലെ കൗമാരക്കാരുടെ സ്ഥിതി അനുഭാവത്തോടെ വിശകലനം ചെയ്യുമ്പോഴേ പ്രശ്‌നത്തിന്റെ ആഴമറിയാനാവൂ. ഏത് നാട്ടിലായാലും കൗമാരം മാറ്റങ്ങളുടേയും സംഘർഷങ്ങളുടേയും കാലമാണ്. മറ്റു ഘട്ടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കുട്ടിക്കാലവുമായോ യുവത്വവുമായോ മധ്യവയസ്സു കാലവുമായോ ചേർത്തുനോക്കുമ്പോൾ കൗമാരം ഹ്രസ്വകാലമാണ്. ചെറിയൊരു കാലഘട്ടമാണെങ്കിലും പൊടുന്നനെയുള്ള മാറ്റങ്ങൾ കൊണ്ടും ഈ നാളുകളിലനുഭവിക്കുന്ന സംഘർഷങ്ങൾ കൊണ്ടും സവിശേഷ പ്രാധാന്യമുള്ളതാണ്. പെട്ടെന്നാണവർ ശരീരം കൊണ്ടും മനസ്സു കൊണ്ടും മാറുന്നത്. ഇന്നലെ വരെയുള്ള എന്റെ തുടർച്ചയാണോ ഇക്കാണുന്ന ഞാനെന്ന് കൗമാരക്കാർ സംശയിക്കുന്നു. മാറ്റങ്ങളുടെ മറിമായത്താൽ 'ഞാൻ ഞാൻ തന്നെയോ' എന്ന് സംശയിക്കുന്നു. അവരവരെത്തന്നെ അപരിചിതമായി തോന്നുന്ന മനോതലം അസ്വസ്ഥപ്പെടുത്തുന്നു. ശാരീരികമായ മാറ്റങ്ങൾ ചിലർക്ക് അറിയായ്കയാലും തെറ്റിദ്ധാരണകളാലും സുഖകരമായ ഒരനുഭവമായിരിക്കില്ല. ശാരീരിക വളർച്ച, ലൈംഗികാവയവങ്ങളിലെ മാറ്റം, തന്റെ ചുറ്റുവട്ടമുള്ളവരുടെ പ്രതീക്ഷകളിൽ പെട്ടെന്നുണ്ടായ വ്യതിയാനം വരുത്തുന്നതറിയുന്നു. പെൺകുട്ടികളിൽ ചിലർ അനുഭവിക്കുന്ന പീഡനങ്ങൾ, ലൈംഗിക ചൂഷണങ്ങൾ കൂടുതൽ അസ്വസ്ഥതയ്ക്ക് കാരണമായിത്തീരുന്നു. 


കൗമാരം മാനസിക തലങ്ങളിലും ചില മാറ്റങ്ങളുണ്ടാക്കുന്നു. അടക്കാനാവാത്ത ആഹ്ലാദത്തിന്റെയും അറിയാതെ വന്നെത്തുന്ന ദുഃഖകാലത്തിന്റെയും നിയന്ത്രിക്കാനാവാത്ത ആവേശത്തിന്റെയും ചിലപ്പോൾ പേടിപ്പെടുത്തുന്ന ഏകാന്തതയുടെയും കാലമാണ് കൗമാരം. എതിർലിംഗത്തിൽ പെടുന്നയാളിനോട് തോന്നുന്ന ആകർഷണം ചിലപ്പോൾ വിലക്കുകളാൽ കുറ്റബോധത്തിന് കാരണമായിത്തീരുന്നു. ഇഷ്ടം തോന്നുന്ന ഒരാളോട് വർത്തമാനം പറയാനാവാതെ പോവുന്നതും രക്ഷിതാക്കളുടെ പ്രതികരണം ഭയന്ന് സ്വകാര്യമായി ആശയവിനിമയം നടത്തുന്നതും ആന്തരിക സംഘർഷത്തിന് കാരണമായിത്തീരുന്നു. രക്ഷിതാക്കളുടെ ഇടപെടലുകൾ അസഹ്യമാകുന്നതും അന്നേരമാണ്. മുതിർന്നവർക്ക് സ്വീകാര്യമല്ലാത്ത പല സ്വഭാവങ്ങളും ഇക്കൂട്ടർ കൂടെ കൊണ്ടുനടക്കുന്നു. എന്ത് ചെയ്താലും പഴി കേൾക്കേണ്ടിവരുന്നവരാണ് പല കൗമാരക്കാരും. ഓരോ അനക്കങ്ങളിലും രക്ഷിതാക്കളുടെ നിയന്ത്രണങ്ങളും രഹസ്യ ചാരന്മാരെപ്പോലെയുള്ള പിന്തുടരലുകളും അസുഖകരമായ അനുഭവങ്ങൾക്ക് കാരണമാക്കുന്നു. തുറന്നുപറയാനോ പൊട്ടിക്കരയാനോ കൂടെയാരുമില്ലാത്തവരാണ് ചിലർ. 


ബാല്യകാലത്തിന്റെ കൗതുകങ്ങളിൽ നിന്നവർ വിട്ടുമാറിയിട്ടില്ല. എന്നാൽ പക്വതയുടെ പെരുമാറ്റം ചുറ്റുവട്ടം അവരിൽനിന്ന് പ്രതീക്ഷിക്കുന്ന കുട്ടിയുടെ കൊച്ചുമോഹങ്ങളൊഴിവാക്കാത്ത കൗമാരക്കാർ മുതിർന്നവരുടെ കടുത്ത നിഷ്‌കർഷകളും ചിട്ടകളും കൽപനകളും വെറുക്കാൻ തുടങ്ങുന്നു. ഉപദേശങ്ങളുടെ മലവെള്ളപ്പാച്ചിൽ ലോകത്തെ തന്നെ വെറുക്കാൻ കാരണമാക്കുന്നു. സദാചാരത്തിന്റെയും അച്ചടക്കത്തിന്റെയും കൽപനകൾ പട്ടാളച്ചിട്ടയിൽ വന്നു പൊതിയുമ്പോൾ അവ ലംഘിക്കാനുള്ള മനോഭാവം ഉടലെടുക്കുന്നു പലതിലും. ചില കൗമാരക്കാർക്ക് എല്ലാം ലഭിക്കുന്നുണ്ടെങ്കിലും തന്റെ പ്രിയപ്പെട്ടവർ തന്നെ മനസ്സിലാക്കുന്നില്ലല്ലോ എന്നു തോന്നുന്നു. തന്നെ മനസ്സിലാക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ആരുമില്ലെന്ന് ചിലരറിയുന്നു.


എതിർലിംഗത്തിൽ പെട്ട ഒരാളോട് തോന്നുന്ന അഭിനിവേശം പല കൗമാരക്കാർക്കും അസ്വാസ്ഥ്യകരമായ അനുഭവമാണ്. ഒറ്റപ്പെട്ട മനസ്സുമായി നടക്കുന്നയാൾ എല്ലാം തുറന്നുപറയാൻ ഒരു സുഹൃത്തിനെ കണ്ടെത്തുന്നു. കൂടുതലടുപ്പവും താൽപര്യവും പരിഗണനയും കാണിക്കുന്ന ബന്ധം സംഘർഷ വേളകളിൽ ആശ്വാസമായി മാറുന്നു. ആത്മസുഹൃത്തായി കരുതിയിരുന്നവർ എപ്പോഴോ ഒരു നിമിഷം പരസ്പരം പ്രേമിക്കുന്നവരായി മാറുന്നു. ആരെങ്കിലുമൊരാൾ പലപ്പോഴും ആൺകുട്ടി 'പ്രൊപ്പോസ്' ചെയ്യുന്നു. തുടക്കത്തിൽ അംഗീകരിക്കാനാവാത്ത പെൺകുട്ടി വൈകാതെ തന്റെ കൂടി മോഹമാണ് അവൻ അവതരിപ്പിച്ചിരിക്കുന്നതെന്ന് തിരിച്ചറിയുന്നു. 'ഞങ്ങളാ നിമിഷം വരെ നല്ല സുഹൃത്തുക്കളായിരുന്നു'വെന്ന് പ്രേമത്തിലകപ്പെടുന്നവർ പറയാറുണ്ട്. സൗഹൃദവും പ്രേമവും തിരിച്ചറിയാനാവാതെ കുഴമറിയുന്ന മനസ്സുമായി അസ്വസ്ഥതപ്പെടുന്നവരാണ് ചിലർ. ഇത്തരം ബന്ധങ്ങൾ മറ്റു പല മുൻഗണനകളേയും തെറ്റിക്കുന്നു. ചിലരുടെ പഠനത്തെ ബാധിക്കുന്നു. രക്ഷിതാക്കളുമായുള്ള ബന്ധത്തിൽ അകലം കൂടുന്നു. മുതിർന്നവർക്ക് സ്വീകാര്യമാവില്ലെന്ന് ഉറപ്പുള്ള പലതും ഒളിപ്പിച്ചുവെക്കാൻ പാടുപെടുകയും പിടിക്കപ്പെടുകയും ചെയ്യുന്നു. പ്രശ്‌നങ്ങളുടെ വേലിയേറ്റ കാലമാണ് പലർക്കും കൗമാര കാലം. 


പഠനകാര്യത്തിലുള്ള പ്രശ്‌നങ്ങളാണ് ചില കൗമാരക്കാരെ അലട്ടുന്നത്. പത്താം ക്ലാസ് വരെ പഠിക്കുമ്പോൾ അറിയാതെ പോയ ചില പ്രശ്‌നങ്ങൾ മുന്നിലെത്തുന്നു. പ്ലസ് വൺ/പ്ലസ് ടു പഠനഭാരം, എൻട്രൻസ്, പരീക്ഷ, അഭിരുചിയറിയാത്ത അവസ്ഥ, ഇഷ്ടപ്പെട്ട വിഷയങ്ങളല്ല പഠിക്കുന്നത് എന്ന വിചാരം, പഠനം സുഗമമായി നടക്കായ്ക, പരീക്ഷാ പരാജയങ്ങൾ, അധ്യാപകരുടെ കുറ്റപ്പെടുത്തലുകൾ എന്നിവയാൽ പലർക്കും രണ്ടു വർഷക്കാല പഠനം നരകതുല്യമായ അനുഭവമാണ്. ചിലർ പഠനത്തിൽനിന്ന് വിട്ടുമാറുന്നു. മറുവഴികൾ കണ്ടെത്തുന്നു. പലരുടെയും അധ്യാപക രക്ഷാകർതൃബന്ധം തകരാറിലാവുന്നു.


മറ്റുള്ളവരോട് ഇടപഴകാൻ സാധിക്കായ്ക, ആകർഷകമായ വിധം പെരുമാറാൻ പറ്റായ്ക, മനസ്സിലുള്ളത് പറയാൻ കഴിയായ്ക തുടങ്ങിയവ ചിലരെ അസ്വസ്ഥതപ്പെടുത്തുന്നു. രക്ഷിതാക്കൾ ഇക്കാര്യങ്ങൾക്ക് കൗമാരക്കാരെ സദാ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ചിലർ പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യുന്ന സന്ദർഭങ്ങളിലെത്തിച്ചേരുന്നു. ഈ സാഹചര്യങ്ങളൊക്കെയും കൗമാരക്കാരും രക്ഷാകർത്താക്കളും തമ്മിലുള്ള സംഘർഷമേറ്റാനാണ് വഴിവെക്കുക. കൗമാരം പിന്നിട്ട മുതിർന്നവർക്ക് കൗമാരക്കാരെ മനസ്സിലാക്കാനാവാതെ പോകുന്നു എന്ന് മാത്രമല്ല, അവരുടെ പെരുമാറ്റം പ്രശ്‌നങ്ങളെ രൂക്ഷമാക്കുന്നു. 'മുൻവിധികൾ വെച്ചുപുലർത്തി ഇടപെടലുകൾ നടത്തുന്ന രക്ഷിതാക്കളും തങ്ങളെ സ്‌നേഹിക്കുന്നില്ലെന്ന് പരിതപിക്കുന്ന കൗമാരക്കാരും ഒരേ കൂരയ്ക്കു കീഴെ വ്യത്യസ്ത ലോകങ്ങളിൽ ചെന്നുചേരുന്നു.
മലയാളി സമൂഹത്തിലെ കൗമാരക്കാരുടെ ഈ സാമൂഹികവും മാനസികവുമായ അവസ്ഥ ഗൾഫ് രാജ്യങ്ങളിലേക്കും പറിച്ചുനടുന്നു. ഗൾഫുകാരായ രക്ഷിതാക്കളും കൗമാരക്കാരും തമ്മിലുള്ള ബന്ധം ഗൾഫിൽ താമസിക്കുന്ന കുടുംബങ്ങളിലും വേർപിരിഞ്ഞിരിക്കുന്ന കുടുംബങ്ങളിലും രണ്ടു തരത്തിലുള്ള അവസ്ഥകളുണ്ടാക്കുന്നത്.


1. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നിടം താമസിക്കുന്ന രക്ഷിതാവിനോടൊപ്പം കഴിയുന്ന കൗമാരക്കാർക്ക് അവരുടെ ചുറ്റുവട്ടത്തിന്റെ പരിമിതികൾ കടുത്ത സമ്മർദങ്ങൾക്കും ചില ലംഘനങ്ങൾക്കും കാരണമാക്കുന്നുണ്ട്. അവർക്ക് നിഷേധിക്കപ്പെടുന്ന പല സ്വാതന്ത്ര്യങ്ങളും വിലക്കുകൾ ലംഘിക്കാനുള്ള പ്രേരണയായി മാറുന്നുണ്ട്. പരീക്ഷ കഴിഞ്ഞ് ഒരാളിന്റെ ആരുമില്ലാത്ത ഫഌറ്റിൽ രഹസ്യമായി ഒത്തുചേർന്ന ആൺകുട്ടികളേയും പെൺകുട്ടികളേയും സംശയം തോന്നിയ ഒരു രക്ഷിതാവ് കണ്ടുപിടിച്ചറിഞ്ഞത് ഈയിടെയാണ്. സ്‌കൂളിനും വീടിനുമിടയിലൊരു ലോകമില്ലാതാകുന്ന ഗൾഫിലെ കൗമാരക്കാർ, പുറംലോകത്തെ മറ്റു ദേശക്കാരുടെ സമപ്രായക്കാർക്കിടയിലുള്ള സ്വാതന്ത്ര്യമേറെയനുഭവിക്കുന്ന വ്യവഹാരം കണ്ട് കൂടുതൽ അസ്വസ്ഥരാകുന്നുണ്ട്. ചില മറികടക്കലുകളവർ നടത്തുന്നു. പിതാവിന്റെ കാറെടുത്ത് കൂട്ടുകാർക്കൊപ്പം 'നൈറ്റ് ഡ്രൈവിംഗ്' നടത്തിയ, ഡ്രൈവിംഗ് ലൈസൻസില്ലാത്ത കൗമാരക്കാരന് വന്നുപെട്ട ആക്‌സിഡന്റ് ഉണ്ടാക്കിയ ആഘാതം വിട്ടുമാറാത്ത രക്ഷിതാക്കൾ കഴിഞ്ഞ മാസമാണ് കൗൺസലിംഗ് മുറിയിലെത്തിയത്. ഗൾഫിലുള്ള കൗമാരക്കാരുടെ മൊബൈൽ, ഇന്റർനെറ്റ്, കംപ്യൂട്ടർഗെയിം തുടങ്ങിയവയോടുള്ള അമിതമായ അഭിനിവേശം പല രക്ഷിതാക്കൾക്കും വലിയ തലവേദനയാണ്. ഇത്രയേറെ നിയന്ത്രണങ്ങളുണ്ടായിട്ടും ഗൾഫിലെ കൗമാരക്കാരിൽ ചിലരുടെ 'വ്യവഹാര വ്യതിയാനം' കണ്ട് രക്ഷിതാക്കൾ ഞെട്ടുന്നു. ചിലർ നിസ്സഹായരാകുന്നു.


2. വേർപിരിയപ്പെട്ട ഗൾഫിൽ ജോലി ചെയ്യുന്നവരുടെ കൗമാരക്കാരായ മക്കളാണ് രണ്ടാം വിഭാഗം. നാട്ടിൽ പത്താം ക്ലാസിലോ പ്ലസ് ടുവിനോ പഠിക്കുന്ന അവർ പിതാവിന്റേയോ മാതാവിന്റേയോ കുടുംബാംഗങ്ങൾക്കൊപ്പം കഴിയുന്നു. അതല്ലെങ്കിൽ ഏതെങ്കിലും ഹോസ്റ്റലിൽ താമസിക്കുന്നു. രക്ഷിതാക്കളുടെ നേരിട്ടുള്ള നിയന്ത്രണം ഈ കട്ടികൾക്ക് മീതെയില്ല. അമ്മയുടേയോ മറ്റേതെങ്കിലും കുടുംബാംഗങ്ങളുടേയോ കൂടെയാണ് താമസം. രക്ഷിതാക്കളിരുവരുമടുത്തില്ലാത്ത കാരണം പലപ്പോഴും ഈ കുട്ടികൾ കൂടുതൽ സ്വാതന്ത്ര്യമെടുക്കുന്നു. മാതാക്കൾക്കോ മറ്റു രക്ഷിതാക്കൾക്കോ അവശ്യമായ നിയന്ത്രണങ്ങൾ പലപ്പോഴും ഫലപ്രദമായി നടക്കുന്നില്ല. സ്‌കൂളിലെ കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവർക്ക് മെച്ചപ്പെട്ട ജീവിതാവസ്ഥയായിരിക്കും. എന്നാൽ ഇത്തരത്തിൽ മാതാവോ മറ്റൊരാളോ ഏക രക്ഷാകർത്താവായി കഴിയുന്ന അവസ്ഥയിൽ ഈ കൗമാരക്കാരുടെ പഠനത്തിലോ മറ്റു വ്യവഹാരപരമായ കാര്യങ്ങളിലോ ഗൾഫിലിരിക്കുന്ന പിതാവ് അതൃപ്തരല്ല. ഹോസ്റ്റലിലുള്ള കുട്ടികളുടേയും സ്ഥിതി മറിച്ചല്ല.


ഗൾഫുകാരുടെ കൂടെ താമസിക്കുന്നവരോ നാട്ടിൽ മാതാവിനോടൊപ്പമോ മറ്റാരുടേയെങ്കിലും കൂടെയോ ഹോസ്റ്റലിലോ കഴിയുന്നവരോ ആയ കൗമാരക്കാരെല്ലാം പഠനത്തിൽ പിന്നോക്കക്കാരാണെന്ന് കരുതേണ്ടതില്ല. വ്യവഹാരപരമായ തകരാറുള്ളവരാണെന്നും വിചാരിക്കേണ്ടതില്ല. കാര്യമായ പ്രശ്‌നങ്ങളേതുമില്ലാതെയും മെച്ചപ്പെട്ട പഠന നിലവാരം പ്രകടിപ്പിച്ചു കഴിയുന്ന കൗമാരക്കാർ ഗൾഫിലോ നാട്ടിലോ ഉണ്ടാവും. ഇത്തരക്കാരുടെ മാതാപിതാക്കൾക്ക് കൂടെയിരുന്നോ ദൂരെയിരുന്നോ ഫലവത്തായ രക്ഷാകർതൃത്വം സാധിക്കുന്നു. എന്നാൽ, അത് സാധ്യമാവാതെ വരുമ്പോൾ ഗൾഫുകാരായ രക്ഷാകർത്താക്കൾ ഏറെ അസ്വസ്ഥരാവുന്നുണ്ട്. കൗമാരക്കാരുടെ പ്രശ്‌നങ്ങൾ ഗൾഫിൽ കൂടെയുള്ള രക്ഷാകർത്താക്കളെ വിഷമിപ്പിക്കുന്നതുപോലെ, വേർപിരിഞ്ഞിരിക്കുന്ന രക്ഷാകർത്താവിനേയും തളർത്തുന്നുണ്ട്. ഗൾഫിലുള്ള അച്ഛനമ്മമാർക്ക് കൂടെ താമസിച്ചിട്ടും സുഖസൗകര്യങ്ങളൊക്കെ നൽകിയിട്ടും പ്രശ്‌നങ്ങൾ ഉണ്ടാവുന്നുണ്ടല്ലോ എന്നതാവും വിഷമ കാരണം. ഗൾഫ് രാജ്യങ്ങളിൽ പലേടങ്ങളിലും കൗമാരക്കാരുടെ പഠന-വ്യവഹാര പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ ഇല്ലല്ലോ എന്ന വേവലാതിയവർക്കുണ്ട്. ഗൾഫിലെ സ്‌കൂളുകളിലെ അധ്യാപകർക്ക് കൗമാരക്കാരുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനാവുന്നില്ല. ഒട്ടുമുക്കാലും സ്‌കൂളുകളിൽ ഫലപ്രദമായ കൗൺസലിംഗ് സംവിധാനങ്ങളുമില്ല. പലപ്പോഴും ആരോടുമറിയിക്കാതെ, പരിഹാരമേതും കാണാനാവാതെ, ചിലപ്പോൾ വീടിനകത്ത് പരസ്പരം ശത്രുക്കളെപ്പോലെ രക്ഷിതാക്കളും കൗമാരക്കാരും കഴിയുന്നു. വേർപിരിഞ്ഞിരിക്കുന്ന രക്ഷാകർത്താക്കളാവട്ടെ, ഭാര്യയേയോ അധ്യാപകരേയോ പഴിചാരി രക്ഷപ്പെടുകയോ, ഒന്നും ചെയ്യാതെ നിസ്സഹായരായി കഴിയുകയോ ചെയ്യുന്നു. നാട്ടിൽ ചെന്ന് പരീക്ഷാ കാലത്തു പോലും ഭാര്യക്കൊപ്പം നിൽക്കാനാവാത്ത, മക്കളുടെയും ഭാര്യയുടെയും കാര്യമോർത്ത് സങ്കടപ്പെടുന്നവരാണിവരിൽ പലരും. നിസ്സഹായരിൽ നിസ്സഹായരാണിവർ.


എല്ലാ കൗമാരക്കാരും പ്രശ്‌നക്കാരല്ല. രക്ഷിതാക്കളുടെ സങ്കടമോ തലവേദനയോ അല്ല. ചിലർക്കിങ്ങനെയുള്ള സാഹചര്യം വന്നെത്താനുള്ള സാധ്യതയേറെയാണെന്ന് മാത്രം. മറ്റാരേക്കാളുമേറെ കൗമാരക്കാരെ ഇത്തരം പ്രശ്‌നങ്ങളിൽ ചെന്നെത്തിക്കാതിരിക്കാൻ സഹായിക്കാനാവുക രക്ഷിതാക്കൾക്കാണ്. ടീനേജുകാരുടെ മനസ്സ് തിരിച്ചറിയാനുള്ള മനസ്സ് അവർക്കുണ്ടാവണം. തങ്ങളുടെ മോഹങ്ങളും മുൻവിധികളും വെച്ച് കൗമാരക്കാരെ കൈകാര്യം ചെയ്യുമ്പോഴാണ് പ്രശ്‌നങ്ങൾ സങ്കീർണമാവുന്നത്. കൂടെക്കഴിയുകയാണെങ്കിലും വേർപിരിഞ്ഞിരിക്കുകയാണെങ്കിലും കൗമാര മനസ്സറിയാനുള്ള മനോഭാവം രക്ഷിതാക്കൾക്കുണ്ടാവണം. പ്രധാനമായും ഗൾഫിലെ രക്ഷിതാക്കൾ കൂടെ കഴിയുന്ന കൗമാരക്കാർക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കണം. അവർക്ക് പറയാനുള്ളത് കുറ്റപ്പെടുത്തുകയോ പഴിചാരുകയോ ചെയ്യാതെ ശ്രദ്ധയോടെ കേൾക്കാൻ രക്ഷിതാക്കൾ തയാറാവണം. ശ്രദ്ധയോടെ കേൾക്കാനനുവദിക്കുന്നവരോടേ കൗമാരക്കാർ മനസ്സ് തുറക്കുകയുള്ളൂ.

ആധിപത്യം കൊണ്ടോ കൽപന കൊണ്ടോ കൗമാരക്കാരെ കീഴടക്കാനാവില്ല. ചെയ്യുന്നതിനെയെല്ലാം വിമർശിക്കുക, കൂട്ടുകാരെ പഴിചാരുക, അനുവദിക്കപ്പെടാവുന്ന സ്വാതന്ത്ര്യങ്ങൾ നൽകാതിരിക്കുക, ശിക്ഷകൾ നൽകുക, ഇഷ്ടാനിഷ്ടങ്ങളെ പാടെ അവഗണിക്കുക തുടങ്ങിയവ കൗമാരക്കാരിൽ ഒരു മാറ്റവുമുണ്ടാക്കാനിടയില്ല. കൗമാരക്കാരെ ഉപദേശിച്ച് ശരിയാക്കാനാവും എന്നതും ഇന്ന് വ്യാമോഹമാണ്. ഒരിക്കലും ശരിയാവില്ലെന്ന് കരുതി പാടെ കൈയൊഴിയുന്നതും ഒരു ഫലവും ഉണ്ടാക്കുന്നില്ല. സ്‌നേഹ സൗഹാർദങ്ങൾ കൊണ്ട് കൗമാരപ്രായക്കാരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിനേ രക്ഷിതാക്കൾക്ക് സംഘർഷത്തിന് പകരം സ്വസ്ഥത നേടിയെടുക്കാനാവൂ. 

Latest News