Sorry, you need to enable JavaScript to visit this website.

മറക്കാനും ഓർമ വേണം

ചിന്തോദ്ദീപകമായ നർമം കൊണ്ട് ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു മഹാനായിരുന്നു മുല്ല നസ്രുദ്ദീൻ. ഒരിക്കൽ മുല്ല സരസമായി പറഞ്ഞു. വല്ലാത്ത പിശകുള്ളതാണ് എന്റെ ഭാര്യയുടെ ഓർമ. ഇത് കേട്ട ആൾ ചോദിച്ചു. എന്തേ അവർ പെട്ടെന്ന് കാര്യങ്ങൾ മറന്നു പോകുന്നുണ്ടോ? അപ്പോൾ മുല്ല പറഞ്ഞു, അവൾ ഒന്നും മറക്കുന്നില്ല എന്നതാണ് അവളുടെ ഓർമയുടെ പിശക്. 
മനുഷ്യൻ എന്ന പദത്തിന്റെ അറബി വാക്ക് ഇൻസാൻ എന്നാണ്. മറവി എന്നർത്ഥമുള്ള നിസിയാൻ എന്ന ധാതുവിൽ നിന്നാണ് ഇൻസാൻ എന്ന പദം ഉണ്ടായതെന്ന് കാണാം. കാര്യങ്ങൾവളരെ വേഗം മറന്നുപോവുന്ന ഒരു ജീവി ആയതിനാലാവണം ആ പേരിട്ട് മനുഷ്യനെ അഭിസംബോധന ചെയ്യുന്നത്. 
ഓർമപ്പെടുത്തുന്നത് എന്ന അർത്ഥത്തിൽ ദിക്‌റ് എന്ന പദമാണ് ആണ് വേദഗ്രന്ഥത്തെ കുറിച്ച് പറയാൻ ഉപയോഗിക്കുന്ന ഒരു പദം എന്ന കാര്യവും ഏറെ പ്രസക്തമാണ്. മറവിയിലാണ്ടു പോകുന്ന മനുഷ്യനെ നിരന്തരം ഓർമിപ്പിക്കാനും ഉണർത്താനും സത്യാസത്യ വിവേചനത്തെ തെര്യപ്പെടുത്താനും ഉതകുന്ന മാർഗദർശക ഗ്രന്ഥമാണ് ഖുർആൻ. ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാണ് റമദാൻ. 


മനുഷ്യരാശിയെ വീണ്ടും വീണ്ടും ആ ഗ്രന്ഥത്തിന്റെ ആശയത്തിലേക്കും ആഴത്തിലേക്കും ഗൗരവപൂർവം ഇറങ്ങിച്ചെല്ലാൻ ഓരോ വ്രതകാലവും പ്രത്യേകിച്ച് പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. 
ഇരുട്ടിലാണ്ടു പോവുന്നവരെ ദിശ കാണിക്കാൻ വെളിച്ചം അത്യാവശ്യമാണ്. ദൈവിക സ്മരണ കൊണ്ട് ദീപ്തമായാൽ ജീവിതത്തിൽ പലരും പലപ്പോഴായി അനുഭവിക്കുന്ന പല ഇരുളുകളും നീങ്ങും. പലപ്പോഴും അജ്ഞതയുടെയും വിസ്മൃതിയുടെയും നിഷേധത്തിന്റെയും ഇരുട്ടുകളിലാണ്ട് പോവുന്നവരാണ് മനുഷ്യരിലധികവും. 
വേദഗ്രന്ഥങ്ങൾ സ്വയം പരിചയപ്പെടുത്തുന്നത് തന്നെ വെളിച്ചമായിട്ടാണ്. അന്ധകാരങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന മാർഗദർശനങ്ങളാണവ. ജനപഥങ്ങളിലേക്ക് പലപ്പോഴായി സന്ദേക വാഹകരിലൂടെ ദിവ്യമായ വെളിപാടുകൾ വിശുദ്ധ വേദങ്ങളായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പൂർവ ചരിത്രങ്ങൾ, കഥകൾ, ഉപമകൾ, ആജ്ഞാ നിർദേശങ്ങൾ, മനുഷ്യനേയും ചുറ്റുപാടിനേയും സംബന്ധിക്കുന്ന പ്രസക്തമായ കാര്യങ്ങൾ ജനിമൃതികളേയും, ദൃശ്യാ ദൃശ്യങ്ങളേയും കുറിച്ചുള്ള കാര്യങ്ങൾ ഉൾപ്പെടെ മനുഷ്യന്റെ സർവതല സ്പർശിയായ വിവിധ വിഷയങ്ങളുടെ അന്യൂനമായ ഓർമപ്പെടുത്തലാണ് അവയിലധികവും. 


പ്രവാചക പരമ്പര ആദ്യ മനുഷ്യനായ ആദം നബിയിൽ തുടങ്ങുന്നു. അന്ത്യ പ്രവാചകനായ മുഹമ്മദ് നബിയിൽ അവസാനിക്കുന്നു. വേദഗ്രന്ഥങ്ങളുടെ ഒടുവിലത്തെ പതിപ്പായ പരിശുദ്ധ ഖുർആൻ പൂർവ പ്രവാചകരായ നൂഹ് , ഇബ്രാഹീം, യാക്കൂബ്, ഇസ്ഹാഖ്, യൂസുഫ്,മൂസ, ഈസ തുടങ്ങിയ പ്രവാചകരെ കുറിച്ചും അവർ പ്രചരിപ്പിച്ച ദിവ്യ സന്ദേശത്തിലെ കാലാതിവർത്തിയായ ഏകതയെ കുറിച്ചും ആവർത്തിച്ചാവർത്തിച്ച് ഓർമിപ്പിക്കുന്നു. 
മനുഷ്യരോട് സ്വശരീരത്തിലേക്കും പ്രകൃതിയിലേക്കും ശ്രദ്ധാപൂർവം കണ്ണോടിക്കാനും ആകാശ ഭൂമികളുടെ വിസ്മയ കാഴ്ചകളെ മനനം ചെയ്യാനും ആഹ്വാനം ചെയ്യുന്ന വേദഗ്രന്ഥം മറവിയിലാണ്ടു പോവുന്ന വിവേകമതികളായ മനുഷ്യരെ സ്രഷ്ടാവുമായുള്ള ബന്ധത്തിന്റെ മഹിതാനുരാഗ തലത്തിലേക്ക് ഉണർത്തിയെടുക്കുകയാണ് ഓരോ വചനത്തിലൂടെയും. 
ദൃഷ്ടാന്തങ്ങൾ, അഥവാ തെളിവുകൾ എന്നർത്ഥമുള്ള ആയത്ത് എന്ന പദമാണ് ഖുർആനിക വാക്യത്തെ സൂചിപ്പിക്കാനുപയോഗിക്കുന്നത്. മുഴുവൻ മനുഷ്യരിലേക്കും കാല ദേശങ്ങളിലേക്കും വഴികാട്ടിയായി അവതരിക്കപ്പെട്ട ഈ വേദ ഗ്രന്ഥം അവധാനതയോടെ പ്രാർത്ഥനാപൂർവം പഠന വിധേയമാക്കാൻ ദൈവം ആവശ്യപ്പെടുന്നുണ്ട്. 

 

ലോകത്തുടനീളം നടക്കുന്ന പലവിധ സംഭവികാസങ്ങളുടേയും പ്രകൃതി പ്രതിഭാസങ്ങളുടേയും നീതിയുടേയും നീതിരാഹിത്യങ്ങളുടേയും നേരും നെറിയും തിരിച്ചറിയാനും സ്വയം മറന്ന് ആഹ്ലാദിക്കാതിരിക്കാനും നിരാശയിലേക്ക് കൂപ്പു കുത്തി സ്വയം പഴിക്കാതിരിക്കാനും തിരിച്ചറിവോടെ ജീവിത യാത്ര വിജയകരമാക്കാനും ആവശ്യമായ വഴിയടയാളങ്ങൾ കൊണ്ട് അതിസമ്പന്നമാണ് ഖുർആൻ. രേഖീയമായ വായനയിൽ നിന്നും ഭിന്നമായി തികച്ചും വായനക്കാരെ, ഓരോ വാക്യത്തിലും അതിന്റെ ഘടനയിലും നിരന്തരം ആശ്ചര്യപ്പെടുത്തി ചിന്തോദ്ദീപകമായ തരത്തിൽ വിന്യസിച്ചിരിക്കുകയാണ് വൈവിധ്യമാർന്ന നിരവധി ആശയങ്ങൾ ഖുർആനിൽ. 

 

പരിഭാഷകൾ ഒരിക്കലും സമ്പൂർണമോ കുറ്റമറ്റതോ ആവുകയില്ല. എന്നാലും ധാരാളം പരിഭാഷകൾ വിവിധ ഭാഷകളിൽ വേദഗ്രന്ഥങ്ങൾക്ക് ലഭ്യമാണ്. പഴയ പോലെയല്ല. കൈയിലിരിക്കുന്ന സ്മാർട് ഫോണിലെ പ്ലേ സ്‌റ്റോറിൽ ഇവ ലഭ്യമാണ്. ഈ റമദാൻ മാസക്കാലത്ത് പരിശുദ്ധ ഖുർആന്റെ പരിഭാഷകൾ ഡൗൺലോഡ് ചെയ്ത് ഒരാവർത്തിയെങ്കിലും വായിച്ചുനോക്കാനും അർത്ഥം ഗ്രഹിക്കാനും വിവേകമതികൾ സമയം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം. ഇരുട്ടുകളിൽ നിന്നും വെളിച്ചത്തിലേക്ക് നീങ്ങാൻ അത് സഹായിച്ചേക്കും. ജീവിതത്തിൽ പൊരുളറിയാതെ ഉഴലുന്ന പല പ്രതിസന്ധി ഘട്ടങ്ങളിലും ദിവ്യ വാണികൾ അഭയവും ആശ്വാസവുമായേക്കാം.
 

Latest News