Sorry, you need to enable JavaScript to visit this website.

പാളിച്ചകളുടെ രണ്ടാം തരംഗം

കോവിഡ് രണ്ടാം തരംഗം വരുമെന്ന കാര്യം ഉറപ്പായിരുന്നെങ്കിലും അതിന്റെ സമയത്തേയും ശക്തിയേയും കുറിച്ച് നമുക്ക് ധാരണയില്ലായിരുന്നു. ഇപ്പോഴത് യാഥാർഥ്യമായിരിക്കുന്നു. പ്രതീക്ഷിച്ച ശത്രു മുന്നിൽ വന്നെങ്കിലും പ്രതിരോധം പാളുകയാണ്. വാക്‌സിൻ ക്ഷാമം, കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാനുള്ള വിമുഖത എന്നിവ പൊതുജനാരോഗ്യത്തിന് ഭീഷണിയായിരിക്കുന്നു.

കോവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ വീശിയടിക്കുമെന്ന് നമുക്കുറപ്പായിരുന്നു. അതിന്റെ ശക്തിയും വ്യാപ്തിയും എത്രയുണ്ടാകുമെന്നതിൽ മാത്രമായിരുന്നു സംശയം. 
കോവിഡ് പ്രതിരോധത്തിലെ നമ്മുടെ പാളിച്ചകളെയെല്ലാം തുറന്നുകാണിക്കുന്ന വിധത്തിൽ അതിശക്തമായാണ് രണ്ടാം തരംഗം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലോകാടിസ്ഥാനത്തിൽ അമേരിക്കക്ക് പിന്നിൽ രണ്ടാം സ്ഥാനത്തായി ഇന്ത്യ. പ്രതിദിന കോവിഡ് ബാധ രണ്ടു ലക്ഷം കവിയുന്നു, മരണങ്ങൾ ആയിരവും. ആദ്യ തരംഗത്തേക്കാൾ ശക്തമാണ് രണ്ടാം തരംഗം എന്നതിൽ സംശയമില്ല.
ഇന്ത്യയുടെ സ്ഥാനം രണ്ടാം സ്ഥാനത്തല്ല, വളരെ വലിയ ഒരു ഒന്നാം സ്ഥാനമാണ് എന്ന് ലോകാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. മരണത്തിന്റെ കാര്യത്തിൽ ഇന്ത്യ അമേരിക്കക്ക് പിറകിലായിരിക്കാം. എന്നാൽ രോഗബാധയുടെ കാര്യത്തിൽ ഏറെ മുന്നിലാവാനാണ് സാധ്യതയെന്നാണ് ഇവരുടെ നിഗമനം. കാരണം, ഇന്ത്യയിൽ കോവിഡ് പരിശോധന പര്യാപ്തമല്ല. രോഗബാധയുള്ളവരിൽ മുപ്പതിലൊന്നു പേർ മാത്രമേ പരിശോധനക്ക് എത്തുന്നുള്ളൂ എന്നാണ് ഒരു പഠനം പറയുന്നത്. ഇത് ശരിയാണെങ്കിൽ ഇന്ത്യയുടെ കോവിഡ് അവസ്ഥ ഭയാനകമാണ്.


ആദ്യ തരംഗത്തെ അപേക്ഷിച്ച് രണ്ടാം വരവിന്റെ സവിശേഷത ജനങ്ങളിലെ ഭയമില്ലായ്മയാണ്. കോവിഡുമായി ഒരു പരിധി വരെ പൊരുത്തപ്പെടാൻ അവർക്ക് കഴിയുന്നുണ്ട്. ഇത് ഒരേസമയം നല്ലതും ചീത്തയുമാണ്. ഭയമില്ലായ്മ രോഗത്തെ പ്രതിരോധിച്ച് നിർത്തുന്നതിന് തടസ്സമാവുമെങ്കിൽ അതുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കും. സമ്പദ്‌രംഗത്തെ സ്തംഭിപ്പിച്ചുകൊണ്ട് ഒരു സമ്പൂർണ ലോക്ഡൗണിനെക്കുറിച്ച് നമുക്കിനി ചിന്തിക്കാനാവില്ല. അതേസമയം, സാമൂഹിക അകലം പാലിക്കലും ശുചിത്വം പാലിക്കലും മാസ്‌ക് ധരിക്കലുമടക്കമുള്ള കോവിഡ് ചട്ടങ്ങൾ നടപ്പാക്കുന്നതിൽ വിമുഖത പാടില്ലതാനും. 


രണ്ടാം തരംഗത്തിന്റെ മറ്റൊരു സവിശേഷത അത് അതിവേഗം പടരുന്നു എന്നതാണ്. ഇരട്ട ജനിതക മാറ്റം വന്ന വൈറസുകളാണ് മഹാരാഷ്ട്രയിൽ പടർന്നതിൽ 61 ശതമാനവുമെന്ന് ചില പഠനങ്ങൾ പറയുന്നു. ഇതാകട്ടെ, വാക്‌സിനുകളെ പ്രതിരോധിക്കാൻ ശേഷിയുള്ളതുമാണ്. അങ്ങനെയെങ്കിൽ വലിയൊരു അപകടമാണ് നമുക്ക് മുന്നിലുള്ളത്. ബി.1.617 എന്ന് പേരിട്ട വൈറസ് വേരിയന്റാണ് മഹാരാഷ്ട്രയിൽ എന്നാണ് സൂചന. ജീനോം സീക്വൻസിംഗ് പഠനങ്ങൾ മുന്നിൽവെച്ചുള്ള പ്രാഥമിക നിഗമനം മാത്രമാണിത്. കൂടുതൽ പഠനങ്ങളിലൂടെ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. കഴിഞ്ഞാഴ്ച നാഷനൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലെ വിദഗ്ധരും വിവിധ ലബോറട്ടറികളിലെ പരിശോധകരും നടത്തിയ കൂടിക്കാഴ്ചയിൽ ജീനോം സീക്വൻസ് ചെയ്ത 361 തരം വൈറസുകളെക്കുറിച്ച വിവരമാണ് പങ്കുവെക്കപ്പെട്ടത്. ജനുവരിക്കും മാർച്ചിനുമിടക്ക് ശേഖരിച്ച ഈ സാമ്പിളുകളിൽ 220  എണ്ണവും ഇരട്ട ജനിതക വ്യതിയാനം സംഭവിച്ചവയായിരുന്നു എന്നതാണ് നമ്മെ ഭയപ്പെടുത്തേണ്ട കണ്ടെത്തൽ. ഇത്തരം വൈറസുകളുടെ സ്‌പൈക്ക് പ്രോട്ടീനുകൾ (വൈറസുകളിൽ കാണുന്ന കൊമ്പ് പോലെയുള്ള ഭാഗം) കൂടുതൽ ശക്തവും പ്രതിരോധക്ഷമവും അതിനാൽ വേഗത്തിൽ ശരീരത്തിൽ കയറിപ്പറ്റാൻ കഴിയുന്നവയുമാണ്.


കോവിഡ് നമ്മെ ആക്രമിക്കാൻ തുടങ്ങിയ ആദ്യകാലത്തേക്കാൾ മെച്ചമാണ് സ്ഥിതിഗതികൾ. പരിശോധനാ സൗകര്യം കൂടുതൽ വ്യാപകമാണ്, വാക്‌സിനേഷൻ കാര്യമായി നടക്കുന്നു. ഈ വസ്തുതയോട് പൊരുത്തപ്പെടുമ്പോൾ പോലും ആദ്യത്തേക്കാൾ വിപുലമാണ് രണ്ടാം തരംഗം. ഏതൊരു മഹാമാരിയുടേയും വ്യാപ്തി മൂന്നു കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് പൊതുവെ പറയാം. ജനസംഖ്യയിൽ എത്ര ശതമാനത്തെ രോഗം ബാധിച്ചുവെന്നത്, ആളുകൾ തമ്മിലുള്ള സമ്പർക്കത്തിന്റെ സാധ്യതകൾ, ഈ സമ്പർക്കത്തിലൂടെ രോഗം പടരാനുള്ള സാധ്യത.
ഏതൊരു വൈറസിന്റേയും ജനിതക വ്യതിയാനം വന്ന വേരിയന്റുകൾ ആദ്യത്തേതിനെക്കാൾ ശക്തവും പെട്ടെന്ന് പടരുന്നതുമാണ്. രണ്ടാം തരംഗത്തിൽ പകർച്ച അതിവേഗമാണെന്നതിന് ഇതിനകം സൂചനകളുണ്ടുതാനും. എന്നാൽ രണ്ടാം തരംഗത്തിൽ കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കുന്നതിന് കാരണം ഇതല്ലെന്നാണ് വാസ്തവം.  കൂടുതൽ ജാഗ്രത ആവശ്യമുള്ള മേഖലയാണിത്. 
ആദ്യ തരംഗത്തിൽ 25 ശതമാനത്തോളം പേർക്ക് വൈറസ് ബാധയേറ്റതായാണ് കണക്കുകൾ. സംസ്ഥാനങ്ങൾ തിരിച്ചോ, പ്രായം കണക്കാക്കിയോ മറ്റു മാനദണ്ഡങ്ങൾ പ്രകാരമോ അല്ല, ഒരു ദേശീയ ശരാശരിയെന്ന നിലക്കാണ് 25 ശതമാനം എന്ന കണക്ക്. 


നേരത്തെ കോവിഡ് കുറഞ്ഞ സംസ്ഥാനങ്ങളിൽ രണ്ടാം വരവിൽ രോഗബാധയേൽക്കുന്നവർ കൂടുതലായിരിക്കും. സംസ്ഥാനങ്ങൾ മാത്രമല്ല, ജനവിഭാഗങ്ങൾ, സ്ഥലങ്ങൾ എന്നിവയും ഇതിൽ പ്രധാനമാണ്. ഉദാഹരണമായി, മുംബൈയിൽ ചേരികളിൽ താമസിക്കുന്നവരെയാണ് ആദ്യതരംഗത്തിൽ കോവിഡ് കാര്യമായി പിടികൂടിയത്. വീടുകളിലും അപാർട്‌മെന്റുകളിലും താമസിക്കുന്നവരെയാണ് രണ്ടാം തരംഗത്തിൽ കൂടുതൽ ബാധിച്ചിരിക്കുന്നത്. ജനസംഖ്യയിൽ നല്ലൊരു വിഭാഗം വൈറസിൽനിന്ന് പ്രതിരോധം നേടുന്നതുവരെ ഈ തരംഗങ്ങൾ പല തവണ പല വിഭാഗങ്ങളിൽ ആവർത്തിച്ചുകൊണ്ടിരിക്കും എന്നാണ് വിദഗ്ധർ പറയുന്നത്.


കോവിഡ് നിയന്ത്രണങ്ങൾ മിക്കതും നീങ്ങിയതോടെ ആളുകൾ തമ്മിലുള്ള സമ്പർക്കം കൂടുതൽ വ്യാപകമായിരുന്നു. മാർക്കറ്റുകളിലും മാളുകളിലും റെസ്റ്റോറന്റുകളിലും പൊതുഗതാഗത സംവിധാനങ്ങളിലുമെല്ലാം നാം വലിയ തിരക്കാണ് കുറേക്കാലമായി കണ്ടുകൊണ്ടിരിക്കുന്നത്. മതപരമായ ആഘോഷങ്ങൾക്കും കൂടിച്ചേരലുകൾക്കുമുള്ള വിലക്ക് പൂർണമായും ഇല്ലാതായി. ഹരിദ്വാറിൽ പതിനായിരങ്ങൾ പങ്കെടുക്കുന്ന കുംഭമേള യാതൊരു പ്രോട്ടോകോളും പാലിക്കാതെ തുടരുകയാണ്. നിർത്തുകയില്ലെന്ന് സംഘാടകർ വ്യക്തമാക്കുകയും ചെയ്തു. ഈ മാസം 30 വരെ കുംഭമേള തുടർന്നാൽ അതുണ്ടാക്കുന്ന രോഗബാധയുടെ കണക്ക് ഞെട്ടിക്കുന്നതായിരിക്കും. മാസ്‌കോ, സാമൂഹിക അകലമോ ഇല്ലാതെയുള്ള ഇത്തരം കൂടിച്ചേരലുകൾ പൂർണമായും ഒഴിവാക്കേണ്ടതാണ്. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് രോഗബാധ വ്യാപിക്കാൻ കാരണമായിട്ടുണ്ട്. നമ്മുടെ രാഷ്ട്രീയ നേതാക്കൾക്ക് കോവിഡ് പ്രോട്ടോകോളിന്റെ കാര്യത്തിൽ മാതൃക കാണിക്കാനായില്ല. 


കോവിഡിന്റെ ആദ്യ തരംഗത്തെ ഫലപ്രദമായി നേരിട്ട കേരളത്തിന് രണ്ടാം തരംഗം ദൃശ്യമായപ്പോൾ ആ ജാഗ്രത നിലനിർത്താൻ കഴിയാതിരുന്നതിന് പ്രധാന കാരണം തെരഞ്ഞെടുപ്പായിരുന്നു. ആർക്കും വിട്ടുകൊടുക്കാൻ കഴിയാത്ത, ജനാധിപത്യ മത്സരത്തിന് കോവിഡിനേക്കാൾ മുൻഗണന നൽകുകയായിരുന്നു നാം. കേരളത്തിൽ ഇലക്ഷൻ തുടങ്ങുന്ന സമയത്ത് കോവിഡ് നിരക്കുകൾ വളരെയേറെ താഴ്ന്നു നിന്നത് അമിതമായ ആത്മവിശ്വാസം നമ്മിൽ ഉണ്ടാക്കിയതാവാം കാരണം. കോവിഡിനെ ഫലപ്രദമായി പിടിച്ചുകെട്ടിയതിനാൽ കേരളത്തിൽ രോഗബാധയിലൂടെ പ്രതിരോധം കൈവരിച്ചവരുടെ എണ്ണം കുറവായിരുന്നു. പിന്നീട് വാക്‌സിനേഷനായിരുന്നു നമ്മുടെ പ്രധാന ശ്രദ്ധ കിട്ടേണ്ടിയിരുന്നത്. തെരഞ്ഞെടുപ്പ് ഇക്കാര്യത്തിൽ അൽപം അലംഭാവം ഉണ്ടാകാനിടയാക്കിയിട്ടുണ്ട്. 


പല പ്രധാന ഇന്ത്യൻ നഗരങ്ങളും ഭാഗിക ലോക്ഡൗണിലേക്ക് പോകുകയാണ്. മഹാരാഷ്ട്രയും ദൽഹിയുമെല്ലാം വാരാന്ത്യങ്ങളിൽ സമ്പൂർണ ലോക്ഡൗണിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. കൂടുതൽ ശക്തമായ നടപടികൾ ആവശ്യമായി വരുമെന്ന സൂചനയാണ് പൊതുവെ ലഭിക്കുന്നത്. നമ്മുടെ വാക്‌സിൻ നയത്തിലുണ്ടായ പോരായ്മയും വലിയൊരു വീഴ്ചയായി. നിശ്ചിത സമയത്തിനുള്ളിൽ പരമാവധി പൗരന്മാരെ വാക്‌സിനേറ്റ് ചെയ്യുന്നതിന് പകരം വാക്‌സിൻ കയറ്റുമതിക്ക് പ്രാധാന്യം കൊടുക്കുന്ന നയമാണ് നാം ആവിഷ്‌കരിച്ചത്. ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയ എല്ലാ വാക്‌സിനുകൾക്കും അനുമതി നൽകാൻ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ടെങ്കിലും അത് രാജ്യത്ത് എത്തുമ്പോൾ മെയ് അവസാനമെങ്കിലുമാകും. ഈ സമയത്തിനുള്ളിൽ നാം ഏറ്റവും മോശമായ അവസ്ഥയിലേക്ക് വീഴാൻ സാധ്യതയുണ്ട്.


കോവിഡിന്റെ അടിസ്ഥാന പ്രമാണങ്ങളിലേക്ക് മടങ്ങുകയാണ് നാം വേണ്ടത്. ഒപ്പം പൊതുജനാരോഗ്യ തത്വങ്ങൾക്കും പരിശോധനകൾക്കും അനുസൃതമായ ഒരു തന്ത്രം വികസിപ്പിച്ചെടുക്കുകയും വേണം. ടെസ്റ്റ്, ട്രെയ്‌സ്, ട്രീറ്റ് എന്നതായിരിക്കണം നമ്മുടെ സമീപനം. ഐസൊലേഷനും ക്വാറന്റൈനും ശക്തമാക്കണം. ഇതിന് ആദ്യതരംഗത്തിലെന്ന പോലെ നമുക്ക് ആവേശവും കാര്യക്ഷമതയും ആവശ്യമാണ്. പൊതുവിശ്വാസത്തേയും ആത്മവിശ്വാസത്തേയും തകർക്കുന്ന തരത്തിലുള്ള രാഷ്ട്രീയ ചെളിവാരിയെറിയൽ നിർത്തുകയും വേണം. ആദ്യ ഘട്ടത്തിലുണ്ടായ തന്ത്രപരമായ പിഴവുകൾ നമുക്ക് സ്വീകരിക്കാം, മാപ്പു നൽകാം. കാരണം പരിചയമില്ലാത്ത ഒരു ശത്രുവിനെയാണ് നാം നേരിട്ടത്. എന്നാൽ രണ്ടാം തവണയും അത് ആവർത്തിക്കുന്നത് നമുക്ക് താങ്ങാനാവില്ല. 
 

Latest News