Sorry, you need to enable JavaScript to visit this website.

വിദേശികളുടെ എണ്ണം  കുറയുന്ന സൗദി അറേബ്യ

ഗൾഫ് രാജ്യങ്ങളിൽ തൊഴിലിന് വിദേശികൾ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് സൗദി അറേബ്യയെയാണ്. രാജ്യത്തിന്റെ വലിപ്പവും സാമ്പത്തിക ശേഷിയും തൊഴിൽ രംഗത്തെ വൈവിധ്യവുമായിരുന്നു ഇതിനു കാരണം. ഒരു തൊഴിലും അറിയാത്തവർക്കു വരെ സൗദിയുടെ തൊഴിൽ വിപണിയുടെ വാതായനങ്ങൾ തുറന്നിട്ടിരുന്നു. ഹജ്, ഉംറ സൗകര്യം ദുരുപയോഗം ചെയ്തും തൊഴിൽ രംഗത്തു എത്തിപ്പെട്ടവർ നിരവധിയാണ്. തൊഴിൽ നിയമങ്ങളിലെ കാർക്കശ്യമില്ലായ്മയും എവിടെയും തൊഴിലാളികളെ ആവശ്യമായിരുന്നതിനാലും ഒരു വിദ്യാഭ്യാസമില്ലാത്തവർക്കു പോലും തൊഴിലും അന്നവും സൗദി നൽകിയിരുന്നു. അങ്ങനെ സൗദി ജനസംഖ്യയുടെ മൂന്നിൽ ഒന്നിൽ കൂടുതൽ പേർ വിദേശികളായി മാറിയിരുന്നു. ഇന്നിപ്പോൾ ഇതെല്ലാം അടഞ്ഞു വരികയാണ്. സൗദിയിൽ വിദേശികളുടെ എണ്ണം അനുദിനം കുറയുകയാണ്. സ്വദേശിവൽക്കരണമാണ് ഇതിനു പ്രധാന കാരണം. തൊഴിൽ നിയമങ്ങളും കൂടുതൽ കർക്കശമാണ്. തൊഴിൽ ലഭിക്കാൻ തൊഴിൽ നൈപുണ്യവും അനിവാര്യമാണ്. ഇതിനു പുറമെ സ്വദേശി സ്ത്രീകൾക്ക് തൊഴിൽ ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടതും ഏതു തൊഴിലെടുക്കാനും പ്രാപ്തരായ സ്വദേശി യുവതീ യുവാക്കളെ വാർത്തെടുത്തതുമെല്ലാം വിദേശികളുടെ തൊഴിൽ സാധ്യതകൾക്കു മങ്ങലേൽപിച്ചു. വിഷൻ 2030 യാഥാർഥ്യമാകുന്നതോടെ രാജ്യം വൻ പുരോഗതി കൈവരിക്കുമെങ്കിലും തൊഴിൽ മേഖലയിലെ വിദേശി സാന്നിധ്യം കുറയുമെന്നുറപ്പാണ്. അതേ സമയം അത്യാധുനിക സാങ്കേതിക വിദ്യകളിൽ പരിജ്ഞാനമുള്ള വിദേശികൾക്ക് പുതിയ അവസരങ്ങൾ തുറന്നു കിട്ടുകയും ചെയ്യും. 


ഓരോ മേഖലയിലും അനുദിനം സ്വദേശിവൽക്കരണം ശക്തമാക്കി വരികയാണ്. നിതാഖാത്തിലൂടെ തുടക്കമിട്ട സ്വദേശിവൽക്കരണ ഫലമായി ആയിരക്കണക്കിനു വിദേശികൾക്കാണ് ഇതിനകം തൊഴിൽ നഷ്ടമായത്. വിദേശികൾ കുത്തകയാക്കി വെച്ചിരുന്ന മേഖലകളിൽ പോലും സ്വദേശിവൽക്കരണം അനായാസമാണ് നടപ്പാക്കിയത്. ഇന്നിപ്പോൾ സ്വദേശിവൽക്കരണം ചെന്നെത്താത്ത മേഖലകൾ ചുരുക്കമാണ്. അവസാനമായി ഷോപ്പിംഗ് മാളുകളിലും റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സെൻട്രൽ മാർക്കറ്റുകളിലും സൗദിവൽക്കരണത്തിനുള്ള നീക്കമാണ് നടക്കുന്നത്. വിദേശികൾ ഏറ്റവും കൂടുതൽ ജോലി ചെയ്തിരുന്ന വാണിജ്യ മേഖലകളിൽനിന്ന് വിദേശി പ്രാതിനിധ്യം നന്നേ കുറയാൻ തുടങ്ങി. ഷോപ്പിംഗ് മാൾ, റെസ്റ്റോറന്റുകൾ, സെൻട്രൽ മാർക്കറ്റുകൾ എന്നിവിടങ്ങളിലും സ്വദേശിവൽക്കരണം പൂർണമാകുന്നതോടെ ആയിരക്കണക്കിനു വിദേശികൾക്കു വീണ്ടും തൊഴിൽ നഷ്ടമുണ്ടാകും. ഈ മേഖലയിലെ സൗദിവൽക്കരണ തീരുമാനങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അടങ്ങിയ ഗൈഡ് മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിക്കഴിഞ്ഞു.  300 ചതുരശ്ര മീറ്ററിൽ കുറവ് വിസ്തീർണമുള്ള ബഖാലകളെയും മിനിമാർക്കറ്റുകളെയും തൽക്കാലത്തേക്ക് സൗദിവൽക്കരണ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നതു മാത്രമാണ് ആശ്വാസം. ഈ രംഗം ഏതാണ്ട് മലയാളികളുടെ കുത്തകയാണെന്നു വേണം പറയാൻ. മലയാളികളായ നിരവധി പേർ ഉപജീവന മാർഗം തേടുന്നത് ഈ മേഖലയിൽനിന്നുമാണ്. ബഖാലകൾ നടത്തിക്കൊണ്ടു പോകുന്നതിന് കടമ്പകൾ ഏറെയാണെങ്കിലും താൽക്കാലികമായി പിടിച്ചു നിൽക്കാനാവും. പക്ഷേ, പിന്നീട്  ഈ രംഗവും സ്വദേശിവൽക്കരിക്കപ്പെടുമെന്നതിൽ സംശയമില്ല. 


ഷോപ്പിംഗ് മാളുകളിലെ സൗദിവൽക്കരണം ഈ വർഷം ഓഗസ്റ്റ് 4 ന് നിലവിൽ വരും. റെസ്റ്റോറന്റുകളിലെയും കോഫി ഷോപ്പുകളിലെയും സ്വദേശിവൽക്കരണ തോത് വർധിപ്പിക്കാനുള്ള തീരുമാനം ഒക്‌ടോബർ 2 മുതലാണ് നിലവിൽവരിക. സെൻട്രൽ മാർക്കറ്റുകളിൽ സൗദിവൽക്കരണം ഉയർത്താനുള്ള നടപടിയുടെ ആദ്യ ഘട്ടവും ഒക്‌ടോബർ 2 ന് നിലവിൽ വരും. രണ്ടാം ഘട്ടം അടുത്ത വർഷം മാർച്ച് 28 മുതലാണ് നടപ്പാക്കുക.  ഷോപ്പിംഗ് മാളുകളിലെ  ഓഫീസ് ജോലികൾ 100 ശതമാനം സൗദിവൽക്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. മാളുകളിലെ ശുചീകരണം, കയറ്റിറക്ക്, ഗെയിം റിപ്പെയറിംഗ്, ബാർബർ എന്നീ തൊഴിലുകളെ ചില നിബന്ധനകളോടെ സൗദിവൽക്കരണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനു പുറമെ വിനോദ സഞ്ചാര വ്യവസായ മേഖലയിൽ ഒരു ലക്ഷം തൊഴിലുകൾ സ്വദേശിവൽക്കരിക്കാനാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനാവശ്യമായ ധനസഹായവും സ്ഥാപനങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 


നേരത്തെ നടപ്പാക്കിയ സ്വദേശിവൽക്കരണത്തിന്റെ ഫലമായി ഇക്കഴിഞ്ഞ വർഷം അവസാന മൂന്നു മാസത്തിനിടെ 1,35,400 ഓളം വിദേശികൾക്കാണ് തൊഴിൽ നഷ്ടമുണ്ടായത്. അതായത് വിദേശി തൊഴിലാളികളുടെ എണ്ണത്തിൽ ഇക്കാലയളവിൽ 1.3 ശതമാനം കുറവുണ്ടായി എന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവരും ഗാർഹിക തൊഴിലാളികളും അടക്കം മൊത്തം 10.01 ദശലക്ഷം വിദേശ തൊഴിലാളികളാണ് കഴിഞ്ഞ വർഷം നാലാം പാദത്തിലുള്ളത്. മൂന്നാം പാദത്തിൽ ഇത് 10.2 ദശലക്ഷമായിരുന്നു. 2016 ൽ സ്വദേശിവൽക്കരണ തോത് 18.1 ശതമാനമായിരുന്നുവെങ്കിൽ ഇപ്പോഴത്  24.4 ശതമാനമാണ്. കഴിഞ്ഞ വർഷാവസാനത്തെ കണക്കു പ്രകാരം സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.6 ശതമാനമാണ്. 


2030 ഓടെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറക്കാനാണ് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനർഥം ഭാവിയിൽ കൂടുതൽ മേഖലകളിലേക്ക് സ്വദേശിവൽക്കരണം ഉണ്ടാകുമെന്നും വിദേശികൾക്ക് തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്നുമാണ്. വിദേശികളെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തിൽ ഒരു അവബോധം ഉണ്ടാകുന്നത് നല്ലതാണ്. കോവിഡ് തീർത്ത പ്രതിസന്ധിയിൽ തൊഴിൽ നഷ്ടവും ശമ്പളക്കുറവും മൂലം ഉണ്ടായ പ്രയാസത്തിൽനിന്ന് പലരും കരകയറിയിട്ടില്ല. അതോടൊപ്പം സ്വദേശിവൽക്കരണ നടപടികൾ ശക്തമാക്കലും വിദേശ തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികളാണ്. ഏതു മേഖലയിൽ പണിയെടുക്കുന്നവരായാലും എപ്പോൾ വേണമെങ്കിലും വരാവുന്ന പ്രതിസന്ധിയെ മുന്നിൽ കണ്ടുകൊണ്ടായിരിക്കണം ഭാവി പരിപാടികൾ ആസൂത്രണം ചെയ്യേണ്ടത്. അതല്ലെങ്കിൽ ജീവിതം വഴിമുട്ടിപ്പോകും. തൊഴിൽ വിപണിയിലെ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് പരിജ്ഞാനം നേടാനും അവസരങ്ങളെ പൂർണ തോതിൽ പ്രയോജനപ്പെടുത്തി ക്രിയാത്മകമായ നടപടികളിലൂടെ മുന്നോട്ടു പോകുന്നവർക്കു മാത്രമായിരിക്കും പിടിച്ചു നിൽക്കാൻ കഴിയുക. അതിനനുസരിച്ച ജീവിത ക്രമത്തിലും ചിന്തകളിലും ആസൂത്രണങ്ങളിലും നാം മാറ്റം വരുത്തേണ്ടിയിരിക്കുന്നു. 

Latest News