വീട്ടില്‍നിന്ന് ലഭിച്ച അരക്കോടി; കെ.എം.ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

കോഴിക്കോട്- അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എല്‍.എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് ഷാജി  കോഴിക്കോട് തൊണ്ടയാടുള്ള വിജിലന്‍സ് ഓഫിസില്‍ ഹാജരായത്.
എസ്.പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.
വിജിലന്‍സ് പരിശോധനയില്‍ വീട്ടില്‍നിന്ന് പിടികൂടിയ അരക്കോടിയോളം രൂപ ആരില്‍നിന്ന് ലഭിച്ചു, അനധികൃത സ്വത്തായി കണ്ടെത്തിയ 1.47 കോടി രൂപയുടെ സ്രോതസ്സ്, 28 തവണ വിദേശയാത്ര നടത്തിയത് എന്തിന് തുടങ്ങിയ പ്രത്യേക ചോദ്യാവലി അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്യലെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.
രണ്ടു ദിവസങ്ങളിലായി ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടും തെളിവുകളും അന്വേഷണ സംഘം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

കണ്ണൂരിലെ വീട്ടില്‍  കിടപ്പുമുറിയിലെ കട്ടിലിനടിയിലുള്ള രഹസ്യ അറയില്‍ കണ്ടെത്തിയ രേഖകളില്ലാത്ത 47,35,500 രൂപയും 60 ഗ്രാം സ്വര്‍ണാഭരണങ്ങളും കോഴിക്കോട്ടെ വീട്ടില്‍നിന്ന് പിടിച്ച 491 ഗ്രാം സ്വര്‍ണാഭരണവും 30,000 രൂപയും രണ്ടു വീട്ടില്‍നിന്നുമായി പിടിച്ച 77 രേഖകളും സംബന്ധിച്ച റിപ്പോര്‍ട്ടാണ് കോടതിക്ക് കൈമാറിയത്.

ഷാജിയുടെയും ഭാര്യ ആശയുടെയും പേരിലുള്ള ഭൂമി, വീടുകള്‍, വീട്ടിലെ ആഡംബര ഫര്‍ണിച്ചര്‍, ഗൃഹോപകരണങ്ങള്‍ എന്നിവയടക്കമുള്ളവയുടെ മൂല്യമുള്‍പ്പെടെ കണക്കാക്കിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, നിക്ഷേപങ്ങള്‍, ബിസിനസ് പങ്കാളിത്തം എന്നിവയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

Latest News